ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട, ഇന്ത്യയിലെ സിറ്റി ഹൈബ്രിഡ് സെഡാന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറച്ചു.
ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട കാർസ് ഇന്ത്യ ഇന്ത്യൻ വിപണിയിലെ ജനപ്രിയ സെഡാനായ സിറ്റി ഹൈബ്രിഡിന്റെ വില ഏകദേശം ഒരു ലക്ഷം രൂപ കുറച്ചു. സിറ്റി e:HEV 19.90 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഒരൊറ്റ ടോപ്പ്-സ്പെക്ക് ZX ട്രിമ്മിൽ ലഭ്യമാണ്. ഹോണ്ട സിറ്റി മാത്രമാണ് ഈ വിഭാഗത്തിൽ ഹൈബ്രിഡ് പവർട്രെയിൻ ഓപ്ഷൻ വാഗ്ദാനം ചെയ്യുന്ന ഏക മോഡൽ.
ഹോണ്ട സിറ്റി e:HEV ഇപ്പോൾ 19,89,990 രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമാണ്. ഇത് മോഡലിന്റെ മുൻ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ 95,010 രൂപ കുറവാണ്. ഇത് കാറിനെ കൂടുതൽ താങ്ങാനാവുന്ന മോഡലാക്കി മാറ്റുന്നു. അതായത്, 20,85,000 രൂപ ആയിരുന്നു നേരത്തെയുള്ള എക്സ്-ഷോറൂം വില. ഈ വിലയിൽ നിന്നും 4.56 ശതമാനമാണ് കുറഞ്ഞത്. വേരിയന്റ് നിരയിലെ മാറ്റങ്ങൾക്ക് മുമ്പ്, കാറിന്റെ ഏറ്റവും താങ്ങാനാവുന്ന പതിപ്പ് 19,00,100 രൂപ എക്സ്-ഷോറൂം വിലയിൽ ലഭ്യമായിരുന്നു.
സെഗ്‌മെന്റിൽ ഹൈബ്രിഡ് പവർട്രെയിൻ ഉള്ള ഒരേയൊരു സെഡാനാണ് ഹോണ്ട സിറ്റി e:HEV. ഇന്ത്യൻ വിപണിയിൽ ഫോക്‌സ്‌വാഗൺ വിർട്ടസ്, സ്കോഡ സ്ലാവിയ, ഹ്യുണ്ടായി വെർണ തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കുന്നു. എന്നിരുന്നാലും, മറ്റ് ബോഡി സ്റ്റൈലുകൾ പരിഗണിക്കുകയാണെങ്കിൽ, ഒരേ ബജറ്റിനുള്ളിൽ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ പോലുള്ള ഓപ്ഷനുകൾ ഉണ്ട്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് സിറ്റി ഹൈബ്രിഡിന് കരുത്ത് പകരുന്നത്. ഈ സജ്ജീകരണം 124.27 എച്ച്പി കരുത്തും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു, ഇന്ധനക്ഷമത വർദ്ധിപ്പിക്കുകയും എമിഷൻ കുറയ്ക്കുകയും ചെയ്യുന്ന ഇ-സിവിടി ട്രാൻസ്മിഷനുമായി സംയോജിപ്പിച്ചിരിക്കുന്നു. ഈ കാറിന് ഹോണ്ട 27.26 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു.
അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലെയ്ൻ-കീപ്പിംഗ് അസിസ്റ്റ്, ഓട്ടോ ഹൈ ബീം, കൊളീഷൻ മിറ്റിഗേഷൻ ബ്രേക്കിംഗ് തുടങ്ങിയ നൂതന ഡ്രൈവർ-അസിസ്റ്റൻസ് സിസ്റ്റങ്ങൾ ഉൾക്കൊള്ളുന്ന ഹോണ്ട സെൻസിംഗ് സാങ്കേതികവിദ്യ ഉൾപ്പെടെ ഒന്നിലധികം സവിശേഷതകൾ സിറ്റി e:HEV-യിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, സെഡാൻ വിശാലമായ ഇന്റീരിയർ, 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സമഗ്രമായ കംഫർട്ട് പാക്കേജ് തുടങ്ങിയവയും വാഗ്‍ദാനം ചെയ്യുന്നു.
