ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുത്തന്‍ സിറ്റിയുടെ പെര്‍ഫോമന്‍സ് പതിപ്പായ RS ടര്‍ബോ മോഡല്‍ ഇന്ത്യയിലേക്കെത്തില്ല എന്ന് റിപ്പോര്‍ട്ട്.  RS ടർബോ പതിപ്പിൽ 120 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. 

സ്പോര്‍ട്ടിയര്‍ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, കറുത്ത ട്രങ്ക്-ലിഡ് ഘടിപ്പിച്ച റിയര്‍ സ്പോയിലര്‍, ടെയില്‍ ലാമ്പുകള്‍ക്ക് ഡാര്‍ച്ച് ഗ്ലാസ്, കറുത്ത ഉള്‍പ്പെടുത്തലുകളുള്ള പൂര്‍ണ്ണ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ എന്നിവയാണ് മറ്റു പതിപ്പിൽ നിന്നും ഘടനയിലുള്ള വ്യത്യാസങ്ങൾ. 16 ഇഞ്ച് അലോയ് വീലുകളും പുതിയ RS വകഭേദത്തിന് ലഭിക്കും. അകത്തളത്തിലും പെര്‍ഫോമെന്‍സ് പതിപ്പില്‍ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാഷ്ബോര്‍ഡിലും സെന്റര്‍ കണ്‍സോളിലും സ്പോര്‍ട്ടിയര്‍ ട്രിമ്മിംഗ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററില്‍ വ്യത്യസ്ത സീറ്റ് ഫാബ്രിക്, ചുവന്ന ആക്സന്റുകള്‍ എന്നിവയും RS ടര്‍ബോ പതിപ്പിലെ മറ്റു സവിശേഷതകൾ.

2019 നവംബറില്‍ തായ്‌ലന്‍ഡില്‍ ആഗോള അരങ്ങേറ്റം നടത്തിയ സിറ്റി സിറ്റി ഉടന്‍ തന്നെ ഇന്ത്യയിലും പുറത്തിറങ്ങും. ഇന്ത്യന്‍ വിപണിയില്‍ 1.5 ലിറ്റര്‍ i-VTEC പെട്രോള്‍, 1.5 ലിറ്റര്‍ i-DTEC ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് വാഹനം നിരത്തിലെത്തുക. പെട്രോള്‍ എഞ്ചിനും മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തും. ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ എഞ്ചിനുകൾ ആറ് സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളുമായി ജോഡിയാവും. 2020 -ന്റെ രണ്ടാം പകുതിയില്‍ അഞ്ചാം തലമുറ ഹോണ്ട സിറ്റി ഇന്ത്യയിലെത്തും.

കൂടുതല്‍ സ്‌റ്റൈലിഷായി പ്രീമിയം ലുക്കിലെത്തുന്ന കാറില്‍ നിരവധി പുതിയ ഫീച്ചറുകളുമുണ്ട്. സിവിക്, അക്കോഡ് തുടങ്ങിയ വാഹനങ്ങളോട് സാമ്യമുള്ള രൂപമാണ് പുതിയ സിറ്റിക്ക്. നിലവിലെ മോഡലിനെക്കാള്‍ 100 എംഎം നീളവും 53 എംഎം വീതിയുമുണ്ട് പുതിയതിന്. വലുപ്പം കൂടിയ ബംബര്‍, ഗ്രില്‍ എന്നിവയുണ്ട്. കൂടാതെ എല്‍ഇഡി ഹെഡ്‌ലാംപ്, ഫോഗ്‌ലാംപ്, ടെയില്‍ ലാംപ് എന്നിവയുമുണ്ട്.

1998 ജനുവരിയിലാണ് ഹോണ്ടയുടെ ഉപസ്ഥാപനമായ ഹോണ്ട കാഴ്സ് ഇന്ത്യ ലിമിറ്റഡ്(എച്ച് സി ഐ എൽ) ആഭ്യന്തര വിപണിയിൽ സിറ്റിയുടെ വിൽപ്പനയ്ക്കു തുടക്കമിടുന്നത്. വിപണിയിലെത്തിയ ശേഷം 2003ല്‍ രണ്ടാം തലമുറയും 2008ല്‍ മൂന്നാംതലമുറയും 2014ല്‍ നാലാം തലമുറയും ഇന്ത്യന്‍ നിരത്തുകളിലെത്തി. ഈ നാലാം തലമുറയാണ് ഇപ്പോള്‍ നിരത്തുകളിലുള്ളത്.

ഇന്ത്യൻ വിപണിയിൽ ഏഴു ലക്ഷം യൂണിറ്റ് വിൽപ്പനയെന്ന നേട്ടം കൈവരിക്കുന്ന ആദ്യ പ്രീമിയം സെഡാനെന്ന നേട്ടം 2017 ഒക്ടോബറില്‍ സിറ്റി സ്വന്തമാക്കിയിരുന്നു. നിലവിൽ സിറ്റിയുടെ മൊത്തം വിൽപ്പനയിൽ 25 ശതമാനത്തിലേറെ ഇന്ത്യയുടെ സംഭാവനയെന്നതാണ് ശ്രദ്ധേയം.

മാരുതി സുസുക്കി സിയാസ്, ടൊയോട്ട യാരിസ്, വരാനിരിക്കുന്ന പുതിയ ഹ്യുണ്ടായ് വെര്‍ണ, സ്‌കോഡ റാപ്പിഡ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവരാണ് പുതിയ സിറ്റിയുടെ പ്രധാന എതിരാളികള്‍.