ജൂലൈ മാസത്തിലെ പ്രീമിയം സെഡാന്‍ ശ്രേണിയിലെ വില്‍പ്പന കണക്കുകളില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഹോണ്ട സിറ്റി. ഈ വര്‍ഷം സിറ്റിയുടെ 1,975 യൂണിറ്റുകള്‍ ഹോണ്ട നിരത്തിലെത്തിച്ചപ്പോള്‍, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,921 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്. വില്‍പ്പനയില്‍ മൂന്നു ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അടുത്തിടെയാണ് സിറ്റിയുടെ അഞ്ചാം തലമുറയെ ഹോണ്ട നിരത്തുകളിലെത്തിച്ചത്.

ഹ്യുണ്ടായി വേര്‍ണയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 2020 ജൂലൈ മാസത്തില്‍ 1,906 യൂണിറ്റ് വില്‍പ്പന രേഖപ്പെടുത്തിയപ്പോള്‍, 2019 ജൂലൈയില്‍ 1,890 യൂണിറ്റ് വിറ്റു. വില്‍പ്പനയില്‍ 1 ശതമാനം വളര്‍ച്ചയും റിപ്പോര്‍ട്ട് ചെയ്തു. മാരുതി സിയാസ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. 2020 ജൂലൈ മാസത്തില്‍ 1.303 യൂണിറ്റുകള്‍ നിരത്തിലെത്തിയപ്പോള്‍ പോയ വര്‍ഷം ഇതേ കാലയളവില്‍ 2,397 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചിരുന്നു. 46 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

സ്‌കോഡ റാപ്പിഡ് ആണ് നാലാം സ്ഥാനത്തുള്ളത്. അടുത്തിടെയാണ് റാപ്പിഡിന്റെ പുതിയൊരു പതിപ്പിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. 2020 ജൂലൈ മാസത്തില്‍ 738 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. പോയ വര്‍ഷം ഇതേ കാലയളവില്‍ 707 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. വില്‍പ്പനയില്‍ 4 ശതമാനത്തിന്റെ വളര്‍ച്ചയും രേഖപ്പെടുത്തി.

ടൊയോട്ട യാരിസ് ആണ് അഞ്ചാം സ്ഥാനത്ത്. വില്‍പ്പനയില്‍ വലിയ കുതിപ്പാണ് മോഡലില്‍ ഉണ്ടായിരിക്കുന്നത്. 322 ശതമാനത്തിന്റെ വളര്‍ച്ചയും വില്‍പ്പനയും റിപ്പോര്‍ട്ട് ചെയ്തു. 215 യൂണിറ്റുകള്‍ 2020 ജൂലൈ മാസത്തില്‍ നിരത്തുകളില്‍ എത്തിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. പോയ വര്‍ഷം ഇതേ കാലയളവില്‍ 51 യൂണിറ്റുകള്‍ മാത്രമാണ് നിരത്തിലെത്തിയത്.

ഫോക്‌സ്‌വാഗണ്‍ വെന്റോയാണ് ആറാം സ്ഥാനത്തുള്ളത്. 210 യൂണിറ്റുകള്‍ കഴിഞ്ഞ മാസം ബ്രാന്‍ഡ് വിറ്റഴിച്ചു. എന്നാല്‍ പോയ വര്‍ഷം 374 യൂണിറ്റുകള്‍ നിരത്തിലെത്തിക്കാനും ബ്രാന്‍ഡിന് സാധിച്ചു. 44 ശതമാനത്തിന്റെ ഇടിവാണ് വില്‍പ്പനയില്‍. നിസാന്‍ സണ്ണി, ഫിയറ്റ് ലീനിയ മോഡലുകളാണ് ഏഴ്, എട്ട് സ്ഥാനങ്ങളില്‍.

അതേസമയം, അടുത്തിടെ അവതരിപ്പിച്ച പുതിയ തലമുറ സിറ്റി കൂടി വിപണിയില്‍ എത്തുന്നതോടെ വരും മാസങ്ങളില്‍ ഹോണ്ടയുടെ ഗ്രാഫ് ഇനിയും ഉയര്‍ന്നേക്കും. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ മൂന്ന് വേരിയന്റുകളിലെത്തുന്ന പുതിയ സിറ്റിക്ക് 10.89 ലക്ഷം രൂപ മുതല്‍ 14.64 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില.

മൂന്ന് വേരിയന്റുകളില്‍ 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ വാഹനം ലഭ്യമാകും. ആറ് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകള്‍ ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 119 ബിഎച്ച്പി പവറും 145 എന്‍എം ടോര്‍ക്കും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ 98 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കുമേകും. നിരവധി ഫീച്ചറുകളുടെ അകമ്പടിയോടെയാണ് അഞ്ചാം തലമുറ സിറ്റി എത്തുന്നത്. നാലാം തലമുറയിലെ സിറ്റിയെക്കാളും വലിപ്പത്തിലാണ് പുതുതലമുറ മോഡല്‍ എത്തുന്നത്.