ജാപ്പനീസ് ഇരുചക്ര വാഹ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബി എസ് 6 എന്‍ജിനിലുള്ള ടൂവീലറുകളുടെ ആഭ്യന്തര വില്‍പ്പന 11 ലക്ഷം യൂണിറ്റ് പിന്നിട്ടു
ജാപ്പനീസ് ഇരുചക്ര വാഹ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബി എസ് 6 എന്‍ജിനിലുള്ള ടൂവീലറുകളുടെ ആഭ്യന്തര വില്‍പ്പന 11 ലക്ഷം യൂണിറ്റ് പിന്നിട്ടു. 2019-20 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ത്തന്നെ കമ്പനി 6.5 ലക്ഷം യൂണിറ്റുകള്‍ വില്‍പ്പന നടത്തിയിരുന്നു.
ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറായ ആക്ടിവയാണ് ആദ്യം ബിഎസ് VI നവീകരണത്തോടെ വിപണിയില്‍ എത്തുന്നത്. നാളിതുവരെ ഏകദേശം 11 മോഡലുകളെ ബിഎസ് VI -ലേക്ക് നിര്‍മ്മാതാക്കള്‍ നവീകരിച്ച് വില്‍പ്പനയ്ക്ക് എത്തിച്ചു.
പുതിയ മലിനീകരണ മാനദണ്ഡങ്ങള്‍ക്കനുസൃതമായി എഞ്ചിന്‍ പരിഷ്‌കരിക്കുന്നതിനു പുറമേ എന്‍ഹാന്‍സ്ഡ് സ്മാര്‍ട്ട് പവര്‍ ടെക്‌നോളജി, എ.സി.ജി. സ്റ്റാര്‍ട്ടര്‍ മോട്ടോര്‍, കുറഞ്ഞ ഫ്രിക്ഷന്‍ നഷ്ടം, പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എന്‍ജിന്‍, ആറുവര്‍ഷത്തെ വാറന്റി തുടങ്ങിയവയാണ് ഹോണ്ടയുടെ ബിഎസ്-6 എന്‍ജിന്‍ വാഹനങ്ങളുടെ പ്രത്യേകതകള്‍. കൂടുതല്‍ ഇന്ധനക്ഷമതയും മികച്ച പ്രകടനവും ഉറപ്പാക്കാനാണ് ഈ സംവിധാനങ്ങള്‍ ഒരുക്കുന്നത്.
വൈവിധ്യമാര്‍ന്ന 11 പുതിയ ബി.എസ്. 6 മോഡലുകള്‍ ഉള്‍പ്പെട്ടതാണ് ഹോണ്ടയുടെ ഇരുചക്രവാഹന ശ്രേണി. ഇതില്‍ നാല് ഓട്ടോമാറ്റിക് സ്‌കൂട്ടറുകള്‍ (ആക്ടീവ 6ജി, ഡിയോ, ആക്ടീവ 125, ഗ്രാസിയ 125), ആറ് മോട്ടോര്‍സൈക്കിളുകള്‍ (സിഡി ഡ്രീം, ലിവോ, ഷൈന്‍, എസ്പി 125, യൂണിക്കോണ്‍, എക്‌സ്‌ബ്ലേഡ്), 1,100 സി.സി.യുടെ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്ട് എന്നിവ ഉള്‍പ്പെടുന്നു.
ലോക്ക് ഡൌണിനു ശേഷം ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഹോണ്ടയുടെ 95 ശതമാനം ഷോറൂമുകളും സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോണ്ടയുടെ ഷോറൂമുകളുടെ പ്രവര്‍ത്തനമെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.
