കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചുരുങ്ങിയ കാലയളവില്‍ ആയിരം ഹൈനസ്-സിബി350 വാഹനങ്ങള്‍ വിതരണം ചെയ്‍തു. വിതരണം ആരംഭിച്ച് വെറും 20 ദിവസത്തിനുള്ളിലാണ് ഈ നേട്ടം സ്വന്തമാക്കിയതെന്ന് ഹോണ്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വന്‍ നഗരങ്ങള്‍ക്ക് പുറമെ ഒന്നാംകിട, രണ്ടാംകിട നഗരങ്ങളിലും ഹൈനസ്-സിബി350യുടെ ആവശ്യം വര്‍ദ്ധിക്കുകയാണെന്നാണ് കമ്പനി പറയുന്നത്. സെപ്തംബറിലാണ് പുതിയ ഹൈനസ്-സിബി350യുടെ ആഗോള അവതരണം നടത്തി 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട ടൂവിലേഴ്‌സ് ചുവടുവച്ചത്. ഒന്‍പത് പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ക്കും ഈ വിഭാഗത്തിലെ ആദ്യ അഞ്ചു ഫീച്ചറുകള്‍ക്കുമൊപ്പമാണ് സിബി ഡിഎന്‍എയുമായി  ഹൈനസ്-സിബി350 നിരത്തുകളിലെത്തിയത്. ഡിഎല്‍എസ്, ഡിഎല്‍എക്‌സ് പ്രോ വകഭേദങ്ങളിലും മൂന്ന് വ്യത്യസ്‍ത നിറഭേദങ്ങളിലുമാണ് വാഹനം ലഭ്യമാവുന്നത്.ഹൈനസ്-സിബി350ക്ക് ലഭിച്ച സ്വീകാര്യത പ്രതീക്ഷകള്‍ക്ക് അപ്പുറമാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യദ്‌വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു. 18 വയസ് മുതല്‍ 70 വയസ് വരെ പ്രായമുള്ള ഉപയോക്താക്കള്‍ ഹൈനസ്-സിബി350യെ തെരഞ്ഞെടുത്തു കഴിഞ്ഞു. തങ്ങളുടെ പരിമിതമായ ബിഗ് വിങ് നെറ്റ്‌വര്‍ക്കിലൂടെ ആയിരം ഉപഭോക്തൃ ഡെലിവറി എന്ന നാഴികക്കല്ല് നേടാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഉത്സവകാലത്തെ വാങ്ങലുകള്‍ക്ക് കൂടുതല്‍ ആവേശം പകരാന്‍ കമ്പനിയുടെ പങ്കാളികളായ ഐസിഐസിഐ ബാങ്കുമായി ചേര്‍ന്ന് ഹോണ്ട തങ്ങളുടെ എക്കാലത്തെയും വലിയ ഫെസ്റ്റീവ് സേവിങ്‌സ് ഓഫറും പ്രഖ്യാപിട്ടുണ്ട്. ഈ ഓഫറിലൂടെ ഉപയോക്താക്കള്‍ക്ക് വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ നൂറു ശതമാനം വരെ ഫിനാന്‍സ് ലഭിക്കും 5.6 ശതമാനം പലിശ നിരക്ക് ഈ വിഭാഗത്തിലെ ഏറ്റവും മികച്ചതും മാര്‍ക്കറ്റ് വിലയുടെ പകുതിയോടടുത്തുമാണ്. 4,999 രൂപയിലുള്ള ഇഎംഐ ഓപ്ഷനും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. ഹോണ്ടയുടെ ബിഗ് വിങ് വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് ഹൈനസ്-സിബി350യുടെ ബുക്കിങ് നടത്താം.റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക്ക് 350 ആണ് ഹൈനസിന്‍റെ മുഖ്യ എതിരാളി. 350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്‍റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു.