യൂറോപ്പിലെ ഡീസല്‍ വാഹന വില്‍പന നിര്‍ത്താനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2021ഓടെ വില്‍പ്പന അവസാനിപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മലിനീകരണം കുറയ്ക്കുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നതിനുമാണ് ഈ നിര്‍ണ്ണായക തീരുമാനം. യൂറോപ്പില്‍ മലിനീകരണ നിയന്ത്രണം കൂടുതല്‍ കര്‍ശനമാക്കിയതും ഡീസല്‍ വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതും ഹോണ്ടക്ക് തിരിച്ചടിയായിരുന്നു.

2021ഓടെ ബ്രിട്ടീഷ് കാര്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് ഹോണ്ട നേരത്തെ വ്യക്തമാക്കിയിരുന്നു. നിര്‍മാണ ചിലവ് 10 ശതമാനത്തോളം കുറയ്ക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള കാര്‍ മോഡലുകളുടെ എണ്ണം വെട്ടിക്കുറയ്ക്കാനും ഹോണ്ട തീരുമാനിച്ചിട്ടുണ്ട്. 2025ഓടെ യൂറോപ്യന്‍ നിരത്തിലെ എല്ലാ കാറുകളും ഇലക്ട്രിക്കിലേക്ക് മാറ്റാനാണ് ഹോണ്ടയുടെ ലക്ഷ്യം. 

യൂറോപ്യന്‍ യൂണിയന്റെ മലിനീകരണ നിയന്ത്രണ മാനദണ്ഡമനുസരിച്ച് 2020 മുതല്‍ വാഹനങ്ങള്‍ പുറത്തുവിടുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈസിന്റെ അളവ് കുറയ്ക്കണം. നിലവിലെ ശരാശരിയായ കിലോമീറ്ററിലെ 120.5 ഗ്രാമില്‍ നിന്നും 95 ഗ്രാമായിട്ടാണ് കുറക്കേണ്ടത്.