ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ബിഎസ് 6 പാലിക്കുന്ന 2020 ഡിയോ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ ലഭിക്കുന്ന വാഹനത്തിന്‍റെ സ്റ്റാന്‍ഡേഡ് വേരിയന്റിന് 59,990 രൂപയും ഡീലക്‌സ് വേരിയന്റിന് 63,340 രൂപയുമാണ് ദില്ലി എക്‌സ് ഷോറൂം വില.

ബിഎസ് 4 ഹോണ്ട ഡിയോ സ്‌കൂട്ടറിന്റെ മുന്നില്‍ 10 ഇഞ്ച് വ്യാസമുള്ള ചക്രമായിരുന്നെങ്കില്‍ ഇപ്പോള്‍ 12 ഇഞ്ച് ചക്രം നല്‍കി. സ്‌കൂട്ടറിന്റെ വീല്‍ബേസ് 22 എംഎം വര്‍ധിച്ചു. പുതിയ ഫീച്ചറുകളായി പാസ് ലൈറ്റ് സ്വിച്ച്, പുറമേക്കൂടി ഇന്ധനം നിറയ്ക്കാവുന്ന സൗകര്യം എന്നിവ ലഭിക്കും. കീഹോളിന് സമീപത്തെ സ്വിച്ച് ഉപയോഗിച്ച് ഫ്യൂവല്‍ ഫില്ലര്‍ ക്യാപ് തുറക്കാന്‍ കഴിയും. ടെലിസ്‌കോപിക് ഫോര്‍ക്കാണ് ഹോണ്ട ഡിയോ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ഹോണ്ട ആക്റ്റിവ 6ജി ഉപയോഗിക്കുന്നതും ബിഎസ് 6 പാലിക്കുന്നതുമായ അതേ 110 സിസി എന്‍ജിനാണ് ഹോണ്ട ഡിയോ സ്‌കൂട്ടറിന്‍റെ ഹൃദയം. പുതിയ ഡിയോ സ്‌കൂട്ടറില്‍ ഹോണ്ട തങ്ങളുടെ സൈലന്റ് സ്റ്റാര്‍ട്ട് ഫീച്ചറും നൽകിയിട്ടുണ്ട്. സ്‌കൂട്ടറിന്റെ സ്റ്റൈലിംഗും പരിഷ്‌കരിച്ചു. ഡീലക്‌സ് വേരിയന്റില്‍ പുതുതായി എല്‍ഇഡി ഹെഡ്‌ലൈറ്റ് ലഭ്യമാണ്. 

കാന്‍ഡി ജാസി ബ്ലൂ, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, സ്‌പോര്‍ട്‌സ് റെഡ്, വൈബ്രന്റ് ഓറഞ്ച് എന്നീ നാല് നിറങ്ങളില്‍ സ്റ്റാന്‍ഡേഡ് വേരിയന്റും മാറ്റ് സാംഗ്രിയ റെഡ് മെറ്റാലിക്, ഡാസല്‍ യെല്ലോ മെറ്റാലിക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക് എന്നീ മൂന്ന് നിറങ്ങളില്‍ ഡീലക്‌സ് വേരിയന്റും ലഭിക്കും. പൂര്‍ണ ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓപ്ഷണലായി സൈഡ് സ്റ്റാന്‍ഡ് ഡൗണ്‍ എന്‍ജിന്‍ ഇന്‍ഹിബിറ്റര്‍ എന്നിവ പുതിയ സവിശേഷതകളാണ്. എത്ര ദൂരം സഞ്ചരിക്കാന്‍ കഴിയും, ശരാശരി ഇന്ധനക്ഷമത, തല്‍സമയ ഇന്ധനക്ഷമത, സര്‍വീസ് ഡ്യൂ ഇന്‍ഡിക്കേറ്റര്‍ തുടങ്ങിയവ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പ്രദര്‍ശിപ്പിക്കും.