2027-ൽ ഹോണ്ട ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് കാറായ ഒ സീരീസ് ആൽഫ പുറത്തിറക്കാൻ ഒരുങ്ങുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി, ഇന്തോനേഷ്യയിലെ പ്ലാന്റിൽ നിന്ന് ബാറ്ററി സെല്ലുകൾ വാങ്ങും

ന്ത്യൻ വിപണിയിലെ ഭാവി പദ്ധതികളുടെ വിശദാംശങ്ങൾ ജാപ്പനീസ് വാഹന ബ്രാൻഡായ ഹോണ്ട പങ്കുവെച്ചിട്ടുണ്ട്. 2027 ൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യയ്ക്കായുള്ള ആദ്യത്തെ ബാറ്ററി ഇലക്ട്രിക് കാറായ ഒ സീരീസ് ആൽഫ കമ്പനി പ്രഖ്യാപിച്ചു. ചൈനയിൽ നിന്നുള്ള നേരിട്ടുള്ള ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് ബാറ്ററികൾക്കായുള്ള ഒരു പ്രാദേശിക സോഴ്‌സിംഗ് തന്ത്രം കമ്പനി വിശദീകരിച്ചു. ഇന്തോനേഷ്യയിലെ പ്ലാന്‍റിൽ നിന്ന് ചൈനീസ് നിർമ്മാതാക്കളായ CATL വിതരണം ചെയ്യുന്ന ബാറ്ററി സെല്ലുകളാണ് ഇവിടെയുള്ള മോഡലിൽ ഉപയോഗിക്കുക. O സീരീസ് ആൽഫയുടെ ബാറ്ററികളിൽ CATL ന്റെ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇന്തോനേഷ്യയിൽ നിർമ്മിക്കുന്ന സെല്ലുകളിൽ നിന്നാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതെന്നും ആ ബാറ്ററികൾ ഇന്തോനേഷ്യയിൽ നിന്നുള്ളതാണെന്നും കമ്പനി പറയുന്നു.

മറ്റ് സാധ്യതകൾ അന്വേഷിക്കുന്നു

ഇന്ത്യയിലെ ഇലക്ട്രിക് വാഹന വ്യവസായം ബാറ്ററി സെല്ലുകൾക്കായി ചൈനയെ വളരെയധികം ആശ്രയിക്കുന്നു. ഇത് വിതരണ ശൃംഖലയിൽ കാര്യമായ പ്രശ്‍നങ്ങൾ സൃഷ്‍ടിക്കുന്നു. തടസങ്ങളെയും തന്ത്രപരമായ ദുർബലതകളെയും കുറിച്ച് ആശങ്കാകുലരായ വാഹന നിർമ്മാതാക്കൾ ഇപ്പോൾ മറ്റ് സോഴ്‌സിംഗ് സാധ്യതകൾ അന്വേഷിക്കുന്നു. ചൈനയിൽ നിന്ന് റെയ‍ർ എർത്ത് മാഗ്നറ്റുകളും നൂതന ബാറ്ററി സാങ്കേതികവിദ്യയും നേടുന്നതിലെ സമീപകാല വെല്ലുവിളികളെത്തുടർന്ന് ഇത് പ്രത്യേകിച്ച് ബുദ്ധിമുട്ടായി മാറിയിരിക്കുന്നു.

ഇന്ത്യയിൽ ആഭ്യന്തര സെൽ ഉൽപ്പാദനത്തിനുള്ള പ്രോത്സാഹന പദ്ധതിയിലൂടെ വൈദ്യുത വാഹനങ്ങളുടെ കൂടുതൽ പ്രാദേശികവൽക്കരണത്തിനായി കേന്ദ്ര സർക്കാർ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ സംരംഭങ്ങൾക്ക് ഇതുവരെ ഇവിടുത്തെ വൈദ്യുത വാഹന വിതരണ ശൃംഖലയിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല. അടുത്തിടെ, ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ബാറ്ററി തന്ത്രം ഒരു പ്രധാന വെല്ലുവിളി നേരിടുന്നുണ്ടെന്നും ആഭ്യന്തര സെൽ നിർമ്മാണത്തിന്റെ അഭാവം ഒരു പ്രധാന തടസ്സമാണെന്നും പറ‌ഞ്ഞിരുന്നു.

ആഭ്യന്തര ഉത്പാദന ശേഷി പരിമിതവും വൻതോതിലുള്ള സെൽ ഉൽപ്പാദകരുടെ അഭാവവും ഇന്തോനേഷ്യ, തായ്‌ലൻഡ്, ദക്ഷിണ കൊറിയ തുടങ്ങിയ പ്രാദേശിക സാധ്യതകൾ അന്വേഷിക്കാൻ ഇവിടത്തെ വാഹന നിർമ്മാതാക്കളെ നിർബന്ധിതരാക്കുന്നു. ചൈനയിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യാതെ ബാറ്ററി സപ്ലൈസ് നേടേണ്ടതുണ്ട്. ആഗോളതലത്തിൽ പങ്കാളിത്തങ്ങളും സംയുക്ത സംരംഭങ്ങളുമായി ചേർന്ന് ഹോണ്ട ഒരു പ്രാദേശിക ബാറ്ററി സോഴ്‌സിംഗ് തന്ത്രം പിന്തുടരുന്നു. കാരണം ബാറ്ററികൾ വലുതും ദീർഘദൂരത്തേക്ക് കൊണ്ടുപോകാൻ പ്രയാസവുമാണ്.