125 സിസി സ്‌പോർട്ടി സ്‌കൂട്ടറായ ഗ്രാസിയയ്ക്ക് കളറുകളുമായി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ. ആറോളം പുതിയ കളർ ഓപ്ഷനുകളിലാണ് ഹോണ്ട ഗ്രാസിയ വിപണിയിൽ എത്തുന്നതെന്ന് ബൈക്ക് വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‍പോര്‍ട്‍സ് എഡിഷൻ എന്നാണ് ഈ പുതിയ ഷേഡുകളെ വിളിക്കുന്നത്. പുതിയ നിറങ്ങൾ സ്കൂട്ടറിന്റെ കൂടുതൽ സ്പോർട്ടി ലുക്ക് നൽകുകയും ചെയ്യുന്നു.

പേൾ നൈറ്റ്സ്റ്റാർ ബ്ലാക്ക് എന്ന കളർ ഓപ്ഷനാണ് ഒന്ന്. ഇതിൽ ചില ഭാഗങ്ങളിൽ റെഡ് ആക്സന്റുകൾ ഉണ്ട്. രണ്ടാം ഓഫ്ഷനിൽ വൈറ്റ് ഹൈലൈറ്റുകൾക്കൊപ്പം സ്പോർട്സ് റെഡ് പെയിന്റ് സ്കീം വരുന്നു. ഇത് കൂടാതെ, ഹോണ്ട ഗ്രാസിയ മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, മാറ്റ് സൈബർ യെല്ലോ, പേൾ സൈറൻ ബ്ലൂ, പേൾ സ്പാർട്ടൻ റെഡ് എന്നി നാല് സ്റ്റാൻ‌ഡേർഡ് കളർ‌ ഓപ്ഷനുകളിൽ‌ ലഭ്യമാണ്. ഡ്രം ബ്രേക്കുകളോ ഫ്രണ്ട് ഡിസ്ക് ബ്രേക്ക് ഓപ്ഷനിലോ ഈ നാല് കളർ വേരിയന്റുകൾ ലഭ്യമാകും. ഡ്രം, ഡിസ്ക് ബ്രേക്ക് മോഡലുകൾക്ക് യഥാക്രമം 74,815 രൂപയും 82,140 രൂപയുമാണ് എക്സ്-ഷോറൂം വില. സ്‌പോർട്‌സ് എഡിഷന് വില 83,140 രൂപയാണെന്നാണ് റിപ്പോർട്ട്.

ഇരട്ട ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, എൽഇഡി ഹെഡ്‌ലാമ്പും ടെയിൽ ലാമ്പും, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ്, എഞ്ചി സ്വിച്ച്, ബാഹ്യ ഫ്യുവൽ ഫില്ലർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 8.14 bhp കരുത്തും 10.3 Nm ടോർക്കുമേകുന്ന ഓട്ടോമാറ്റിക് ട്രാൻസ്മിഷനോടുകൂടിയ 124 സിസി, എയർ-കൂൾഡ് എഞ്ചിനാണ് ഗ്രാസിയയുടെ കറുത്ത്. സ്കൂട്ടറിൽ മുൻവശത്ത് ടെലിസ്‌കോപ്പിക് ഫോർക്കുകളും പിൻവശത്ത് ഒരു മോണോഷോക്ക് സംവിധാനവും സസ്പെൻഷൻ കൈകാര്യം ചെയ്യുന്നു.

ആക്ടീവക്ക് മുകളിലുള്ള ഹോണ്ടയുടെ ഫ്ലാഗ്ഷിപ്പ് സ്കൂട്ടറാണ് ഗ്രാസിയ. നഗരങ്ങളിലെ യുവത്വത്തെ ലക്ഷ്യംവെച്ച് 2017 നവംബറിലാണ് ഹോണ്ട ആദ്യ ഗ്രാസിയയെ നിരത്തിലെത്തിച്ചത്. അഗ്രസീവ് ഡിസൈനായിരുന്നു ഗ്രാസിയയുടെ മുഖമുദ്ര.  റഗുലര്‍ ഗ്രാസിയ 125 ബിഎസ് 6 പതിപ്പിനെ 2020 ജൂണ്‍ മാസത്തിലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം, ഫീച്ചറുകളിലും ഡിസൈനിലും ചെറിയ മാറ്റങ്ങളോടെയാണ് ജൂണില്‍ സ്‌കൂട്ടറിനെ ഹോണ്ട വിപണിയില്‍ അവതരിപ്പിച്ചത്.  ആക്‌ടിവയുടെ 125 പതിപ്പിലെ അതേ  എഞ്ചിനാണ് ഗ്രാസിയയുടെയും ഹൃദയം. 125 ബിഎസ് 6, 125 സിസി, സിംഗിൾ സിലിണ്ടർ എൻജിനൊപ്പം പിജിഎം-എഫ്ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്നോളജി), എൻഹാൻസ്ഡ് സ്മാർട്ട് പവർ (ഇഎസ്പി) എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. അപ്‌ഡേറ്റുചെയ്‌ത എഞ്ചിൻ 6,000 ആർപിഎമ്മിൽ 8.14 ബിഎച്ച്പി കരുത്തും 5,000 ആർപിഎമ്മിൽ 10.3 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.