2020 സെപറ്റംബറിലാണ് പുതിയ ഹൈനസ്-സിബി350യുടെ ആഗോള അവതരണം നടത്തി 350-500 സിസി മോട്ടോര്‍സൈക്കിള്‍ വിഭാഗത്തിലേക്ക് ഹോണ്ട ടൂവിലേഴ്‌സ് ചുവടുവച്ചത്. നിരത്തുകളില്‍ സൂപ്പര്‍ ഹിറ്റായി കുതിക്കുകയാണ് ഇപ്പോള്‍ ഈ മോഡല്‍.  350 സിസി ബൈക്ക് ശ്രേണിയില്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഉള്‍പ്പടെയുള്ള എതിരാളികളുടെ ചങ്കിടിപ്പേറ്റിയ ഈ വാഹനത്തിന്റെ വില കൂട്ടിയിരിക്കുകയാണിപ്പോള്‍ ഹോണ്ട. അടിസ്ഥാന വേരിയന്റായ DLX-ന് 1500 രൂപയും ഉയര്‍ന്ന വേരിയന്റായ DLX Proക്ക് 2500 രൂപയുമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ 1.86 ലക്ഷം മുതല്‍ 1.92 ലക്ഷം രൂപ വരെയാണ് ഹൈനസ്-സിബി350യുടെ പുതിയ എക്‌സ്‌ഷോറും വില. 

പ്രീമിയം ബൈക്ക് ശ്രേണിയില്‍ എത്തിയ ഹൈനസ് സി.ബി.350-ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അവതരിപ്പിച്ച് 20 ദിവസത്തിനുള്ളില്‍ 1000 ബൈക്കുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറിയതായി ഹോണ്ട നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനുപുറമെ, ബുക്കിങ്ങിലും വലിയ കുതിപ്പാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഒന്‍പത് പുതിയ പേറ്റന്റ് ആപ്ലിക്കേഷനുകള്‍ക്കും ഈ വിഭാഗത്തിലെ ആദ്യ അഞ്ചു ഫീച്ചറുകള്‍ക്കുമൊപ്പമാണ് സിബി ഡിഎന്‍എയുമായി  ഹൈനസ്-സിബി350 നിരത്തുകളിലെത്തിയത്. ഡിഎല്‍എസ്, ഡിഎല്‍എക്‌സ് പ്രോ വകഭേദങ്ങളിലും മൂന്ന് വ്യത്യസ്‍ത നിറഭേദങ്ങളിലുമാണ് വാഹനം ലഭ്യമാവുന്നത്.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  റോയല്‍ എന്‍ഫീല്‍ഡിന്‍റെ ക്ലാസിക്ക് 350 ആണ് ഹൈനസിന്‍റെ മുഖ്യ എതിരാളി. 350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്‍റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു.

റെട്രോ സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിലാണ് ഹൈനസിന്‍റെ ഡിസൈന്‍. റൗണ്ട് ഹെഡ്‌ലൈറ്റ്, സിംഗിള്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ക്രോം ഫിനീഷിങ്ങിലുള്ള ഫെന്‍ഡറുകള്‍, അല്‍പ്പം ഉയര്‍ന്ന് നില്‍ക്കുന്ന ക്രോമിയം ഫിനീഷിങ്ങിലുള്ള എക്‌സ്‌ഹോസ്റ്റ്, അലോയി വീലുകള്‍, മികച്ച ഡിസൈനിലുള്ള ടെയില്‍ ലാമ്പ് എന്നിവയാണ് ഹൈനസിനെ സ്‌റ്റൈലിഷാക്കുന്നത്. മുന്നില്‍ 310 എം.എമ്മും പിന്നില്‍ 240 എം.എമ്മും ഡിസ്‌ക് ബ്രേക്കാണ് സുരക്ഷ. 

ബോള്‍ഡ് ഹോണ്ട അടയാളമുള്ള ഡ്യുവല്‍ടോണ്‍ ഫ്യുവല്‍ ടാങ്ക് നല്‍കുന്ന പൈതൃക രൂപം റോഡിലെ എല്ലാവരെയും ഹൈനസിലേക്ക് ആകര്‍ഷിക്കും. മുന്നിലെ 7 വൈ ആകൃതിയിലുള്ള അലോയ് വീല്‍ സവിശേഷമായ ആധുനിക രൂപവും നല്‍കും. ഹോണ്ട സെലക്റ്റബിള്‍ ടോര്‍ക്ക് കണ്‍ട്രോള്‍, സ്മാര്‍ട്ട്‌ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പര്‍ ക്ലച്ച്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ അനലോഗ് സ്പീഡോമീറ്റര്‍, ഫുള്‍ എല്‍ഇഡി സെറ്റപ്പ്, എന്‍ജിന്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സ്വിച്ച്, ഹസാര്‍ഡ് സ്വിച്ച് എന്നിവ ഈ വിഭാഗത്തില്‍ തന്നെ ആദ്യത്തേതാണ്. എയര്‍കൂളിങ് സിസ്റ്റം, ക്രോം പ്ലേറ്റഡ് ഇരട്ട ഹോണ്‍, ഡ്യുവല്‍ സീറ്റ്, 15 ലിറ്റര്‍ ഇന്ധന ടാങ്ക് തുടങ്ങിയ സവിശേഷതകളും ഹൈനസ്-സിബി350നുണ്ട്.  സ്മാര്‍ട്ട് ഫോണ്‍ വോയ്‌സ് കണ്‍ട്രോള്‍ സിസ്റ്റം വഴി ഫോണിലെത്തുന്ന കോളുകള്‍ സ്വീകരിക്കാനും നാവിഗേഷന്‍, സംഗീതം, മെസേജുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാനും സാധിക്കും. ഹൈനസിന്റെ ശ്രേണിയില്‍ ഈ സംവിധാനം ഒരുക്കുന്ന ആദ്യ ബൈക്കാണിത്. 

ആകര്‍ഷകമായ വിലയ്‌ക്കൊപ്പം ഈ രംഗത്ത് ആദ്യമായി ആറു വര്‍ഷത്തെ പ്രത്യേക വാറന്റി പാക്കേജും ഹോണ്ട തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.  റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 350നെക്കൂടാതെ മീറ്റിയോര്‍ 350, ബെനേലി ഇംപിരിയാലെ 400 എന്നീ ബൈക്കുകളാണ് സി ബി 350-യുടെ എതിരാളികള്‍.