ഹൈനസ് സിബി350നെ കഴിഞ്ഞ മാസം അവസാനമാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവതരിപ്പിച്ചത്. ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്‌വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎല്‍എക്‌സ്, ഡിഎല്‍എക്‌സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്. ആകര്‍ഷകമായ 1.85 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്‌സ് ഷോറൂം വില.  

ഇപ്പോഴിതാ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഉത്സവകാല ഓഫർ പ്രഖ്യാപിച്ചിരിക്കുന്നു. 43,000 രൂപ വരെ വിലക്കുറവില്‍ ഹൈനെസ് സിബി350 ഇപ്പോള്‍ സ്വന്തമാക്കാമെന്ന് ടൈംസ് നൌ റിപ്പോര്‍ട്ട് ചെയ്യുന്നു ഐസിഐസിഐ ബാങ്കുമായി ചേർന്നാണ് ഈ ലിമിറ്റഡ് ഓഫർ. ഹൈനെസ് സിബി350-യുടെ ഓൺ റോഡ് വിലയുടെ 100 ശതമാനവും ഫിനാൻസ് ആയി ഈ ഓഫറിൽ ലഭിക്കും. വെറും 5.6 ശതമാനം മാത്രമാണ് പലിശ എന്നാണ് റിപ്പോർട്ട്.

ഇപ്പോൾ വിപണിയിൽ ലഭ്യമായ ബൈക്ക് ഫൈനാൻസുകളുമായി താരതമ്യം ചെയ്താൽ ഏറെ കുറവാണ് ഈ പലിശ നിരക്ക്. അതായത് സാധാരണാഗത്തിൽ ലോൺ ആയി ഹൈനെസ്സ് സിബി350 വാങ്ങുമ്പോൾ ചിലവഴിക്കുന്നതിനേക്കാൾ 43,000 രൂപ വരെ ലഭിക്കാൻ കഴിയുമെന്നും ഹോണ്ട പറയുന്നു. ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് 4,999 രൂപ മുതൽ മാസതവണ തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഹോണ്ട ഒരുക്കിയിട്ടുണ്ടെന്നാണ് സൂചന.

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്‍റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു.