Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രതിരോധം; സംസ്ഥാനങ്ങള്‍ക്ക് ആറരക്കോടിയുടെ സഹായവുമായി ഹോണ്ട

രാജ്യത്തിന് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട

Honda India Foundation Offers 6.5 Crore To Fight COVID 19
Author
Mumbai, First Published May 11, 2021, 3:29 PM IST

രാജ്യത്ത് രണ്ടാം കോവിഡ് തരംഗം രൂക്ഷമാകുമ്പോള്‍ വാഹന നിര്‍മ്മാണ മേഖലയില്‍ നിന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സഹായങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ രാജ്യത്തിന് കൈത്താങ്ങുമായി എത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ ഇന്ത്യന്‍ ഉപസ്ഥാപനമായ ഹോണ്ട ഇന്ത്യ.  6.5 കോടി രൂപയുടെ ധനസഹായമാണ് ഹോണ്ട വാഗ്ദാനം ചെയ്‍തിരിക്കുന്നതെന്ന്  കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് ഹോണ്ടയുടെ ധനസഹായം ലഭ്യമാക്കുന്നത്. 

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഹോണ്ട ഇന്ത്യ ഹൗണ്ടേഷന്റെ നേതൃത്വത്തിലാണ് ഈ ധനസഹായം വാഗ്‍ദാനം ചെയ്‍തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ, ഹോണ്ട കാര്‍സ് ഇന്ത്യ കമ്പനികളുടെ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗമാണ് സംസ്ഥാനങ്ങള്‍ക്ക് പണം കൈമാറുന്നത്. ഇതിനുപുറമെ, ഹോണ്ടയുടെ നേതൃത്വത്തില്‍ കോവിഡ് കെയര്‍ ഐസോലേഷന്‍ സെന്ററുകളും ഓക്‌സിജന്‍ പൊഡക്ഷന്‍ പ്ലാന്റുകളും ആരംഭിക്കുമെന്നും ഹോണ്ട ഇന്ത്യ ഫൗണ്ടേഷന്‍ ഉറപ്പുനല്‍കുന്നു. 

കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഹോണ്ട ഫൗണ്ടേഷന്‍ ഓക്‌സിജന്‍ പ്ലാന്റുകളും തുറക്കുന്നുണ്ട്. ഇതിനൊപ്പം, വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് പി.പി.ഇ കിറ്റ്, മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ പ്രൊട്ടക്ഷന്‍ കിറ്റുകളുടെ വിതരണവും ഹോണ്ട ഒരുക്കുന്നുണ്ടെന്നും കോവിഡ് മുന്‍നിര പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കാനുള്ള പദ്ധതിയുണ്ടെന്നും ഹോണ്ട വ്യക്തമാക്കുന്നു. 

ഹോണ്ട ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കമ്പനിയുടെ മനേസറിലെ പ്ലാന്റില്‍ 100 ബെഡുകളുള്ള കോവിഡ് കെയര്‍ സെന്റര്‍ ആരംഭിക്കുന്നുണ്ട്. ഇതിനുപുറമെ, രാജസ്ഥാനിലെ താപ്പുകര സര്‍ക്കാര്‍ സ്‌കൂളിലും കോവിഡ് കെയര്‍ സെന്റര്‍ ഒരുക്കുന്നുണ്ട്. അടുത്ത ആഴ്ചയോടെ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റ് സ്ഥലങ്ങളിലും സമാനമായ സംരംഭങ്ങള്‍ ആരംഭിക്കും.

മുമ്പ് അഭിമുഖികരിച്ചിട്ടില്ലാത്ത പ്രതിസന്ധികളിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഈ സഹചര്യത്തില്‍ കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും ഹോണ്ട പറയുന്നു. അതിനാലാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നതെന്നും പ്രതിസന്ധിയില്‍ കഴിയുന്ന ജനങ്ങളെയും കുടുംബങ്ങളെയും സഹായിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും ഹോണ്ട വ്യക്തമാക്കി. 

ടാറ്റയും മഹീന്ദ്രയും ഉള്‍പ്പെടെ മറ്റു പല വാഹന നിര്‍മ്മാതാക്കളും രണ്ടാം കൊവിഡ് തരംഗ ഭീഷണി പ്രതിരോധിക്കാന്‍ രാജ്യത്തിന് സഹായവുമായി കഴിഞ്ഞ ദിവസങ്ങളില്‍ മുന്നോട്ടു വന്നിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios