കൊവിഡ് 19 വൈറസ് കവര്‍ന്ന ഏപ്രില്‍ മാസത്തിലെ ഇരുണ്ട കാലത്തിനു ശേഷം രാജ്യത്തെ വാഹന വിപണി വീണ്ടും ഉണരുന്നു. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് പിന്നാലെ ഡീലര്‍ഷിപ്പുകള്‍ തുറന്നതോടെ  മികച്ച ബുക്കിങ്ങുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹനനിര്‍മാതാക്കളായ ഹോണ്ട സ്‌കൂട്ടര്‍ ആന്‍ഡ്‌ മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചതിന് ശേഷം 21,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. രാജ്യത്ത് 40 ശതമാനം ഡീലര്‍ഷിപ്പുകളും 30 ശതമാനം ടച്ച്‌പോയിന്റുകളുടെയും പ്രവര്‍ത്തനം മാത്രമാണ് കമ്പനി പുനരാരംഭിച്ചിരിക്കുന്നത്.

മേയ് മാസത്തില്‍ ഇതുവരെ 21,000 ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട നിരത്തുകളിലെത്തിച്ചത്. അതോടൊപ്പം 2.5 ലക്ഷത്തിലധികം വാഹനങ്ങളുടെ സര്‍വീസും ഹോണ്ടയില്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഹോണ്ടയുടെ 45 ശതമാനം ഡീലര്‍ഷിപ്പുകളും 30 ശതമാനം ടച്ച് പോയന്റുകളും മാത്രമാണ് ഇപ്പോള്‍ തുറന്നിട്ടുള്ളത്. 

ഡീലര്‍ഷിപ്പുകളിലെ ജീവനക്കാരുടെയും ഉപയോക്താക്കളുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയാണ് ഹോണ്ടയുടെ ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് ഹോണ്ടയുടെ ബിസിനസിന്റെ വളര്‍ച്ച് അനുകൂല സാഹചര്യമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഹോണ്ടയുടെ സെയില്‍സ്‌-മാര്‍ക്കറ്റിങ്ങ് വിഭാഗം മേധാവി അഭിപ്രായപ്പെട്ടു.

കൂടുതല്‍ ഉപയോക്താക്കളെ സൃഷ്ടിക്കുന്നതിനായി മികച്ച ആനുകൂല്യങ്ങളാണ് ഹോണ്ട നല്‍കുന്നത്. വിവിധ മോഡലുകള്‍ക്ക് 12,000 രൂപ വരെയുള്ള ഓഫറുകളും 100 ശതമാനം ഫിനാന്‍സ് സംവിധാവനും കുറഞ്ഞ തിരിച്ചടവ് തുടങ്ങിയ ആനുകൂല്യങ്ങളാണ് ഇവയില്‍ പ്രധാനം.

ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് വില്‍പ്പന പുനരാരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പടെ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും ഹേണ്ട അറിയിച്ചു.

നിലവിലെ ലോക്ക് ഡൗണ്‍ മെയ് 17 -ന് അവസാനിക്കും. കൂടുതല്‍ ഇളവുകള്‍ ലഭിച്ചാല്‍ കൂടുതല്‍ ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട. അതേസമയം ഹോണ്ട ഏതാനും മോഡലുകളെ തങ്ങളുടെ വെബ്‌സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ചില മോഡലുകളുടെ വില വര്‍ധിപ്പിക്കുകയും ചെയ്‍തിട്ടുണ്ട്.