Asianet News MalayalamAsianet News Malayalam

എതിരാളികളെക്കാള്‍ ഒരുപടി മുന്നില്‍; പുത്തന്‍ ജാസ് എത്തി !

ഹോണ്ട അമേസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ജാസിന്‍റെയും ഹൃദയം. ബിഎസ്-6 മാനദണ്ഡം പാലിക്കുന്ന ഈ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.

honda jazz launched at 7.50 lakh
Author
Mumbai, First Published Aug 27, 2020, 9:36 PM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കായ ജാസിന്‍റെ 2020 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ബിഎസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനും ചുരുക്കം ചില സ്റ്റൈലിംഗ് പരിഷ്കാരങ്ങളോടെയുമാണ് പുത്തൻ ഹോണ്ട ജാസ് എത്തുന്നത്. ഡീസൽ എഞ്ചിനോട് വിട പറഞ്ഞാണ് പുത്തൻ ഹോണ്ട ജാസ് എത്തുന്നത്. 1.2-ലിറ്റർ i-VTEC പെട്രോൾ എൻജിനിൽ മാത്രമേ ഇനി ജാസ് ലഭ്യമാവൂ. 7.49 ലക്ഷം മുതലാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം വില തുടങ്ങുന്നത്. 7.49 ലക്ഷം രൂപ മുതല്‍ 9.73 ലക്ഷം രൂപ വരെയാണ് ദില്ലി എക്‌സ്‌ഷോറും വില. മൂന്ന് വേരിയന്റുകളില്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമാണ് ഇത്തവണ ജാസ് എത്തിയിട്ടുള്ളത്.

ബിഎസ്4 ഹോണ്ട ജാസുമായി താരതമ്യം ചെയ്യുമ്പോൾ അടിസ്ഥാന മാന്വൽ വേരിയന്റിന്റെ വില 5000 രൂപ കൂടുകയും അതേസമയം, അടിസ്ഥാന ഓട്ടോമാറ്റിക് വേരിയന്റിന്റെ വില 15,000 രൂപ കുറഞ്ഞിട്ടുമുണ്ട്. V, VX, ZX എന്നിങ്ങനെ 3 വേരിയന്റുകളിൽ മാന്വൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളിൽ പുത്തൻ ജാസ് സ്വന്തമാക്കാം.

ഹോണ്ട അമേസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് കരുത്തേകുന്ന 1.2 ലിറ്റര്‍ ഐ-വിടെക് പെട്രോള്‍ എന്‍ജിനാണ് ജാസിന്‍റെയും ഹൃദയം. ബിഎസ്-6 മാനദണ്ഡം പാലിക്കുന്ന ഈ എന്‍ജിന്‍ 89 ബിഎച്ച്പി പവറും 110 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സുകളാണ് ട്രാന്‍സ്മിഷന്‍. മാന്വൽ പതിപ്പിന് ലിറ്ററിന് 16.6 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 17.1 കിലോമിറ്ററും ആണ് പുത്തൻ ജാസിന് കമ്പനി അവകാശപ്പെടുന്ന മൈലേജ്. ബിഎസ്4 ജാസിന്റെ ഉപഭോക്താക്കളിൽ 80 ശതമാനവും പെട്രോൾ വേരിയന്റ് ആണ് തിരഞ്ഞെടുത്തത്. ഇതാണ് 2020 ജാസിൽ ഡീസൽ ഒഴിവാക്കാൻ ഹോണ്ട കാർസ് ഇന്ത്യയെ പ്രേരിപ്പിക്കുന്നതിനു പിന്നില്‍.

ആധുനിക കാറുകളിൽ കണ്ടുവരുന്ന ക്രൂയിസ് കൺട്രോളും വൺ-ടച്ച് ഇലക്ട്രിക് സൺറൂഫും ഫെയ്‌സ്‌ലിഫ്റ്റ് ജാസിൽ ഇത്തവണ ലഭ്യമാകുമെന്നതാണ് മുഖ്യ സവിശേഷതകളില്‍ ഒന്ന്. സെഗ്മെന്റിലെ എതിരാളികൾക്ക് സൺറൂഫില്ല എന്നുള്ളത് ജാസിന്റെ പ്രീമിയം ബ്രാൻഡിങ് ഉറപ്പിക്കുന്നു.

പുത്തൻ ജാസിൽ പൂർണമായും എൽഇഡി ആയ ഹെഡ്‍ലാംപുകൾ ഇടം പിടിച്ചിട്ടുണ്ട്. എൽഇഡി ഡേടൈം റണ്ണിങ് ലാമ്പുകളും ഇതോടൊപ്പം ചേർത്തിട്ടുണ്ട്. ടെയിൽ ലാമ്പും എൽഇഡി യൂണിറ്റ് ആണ്. സ്‌പോർട്ടി ലുക്കുള്ള കറുത്ത ഗ്രിൽ ബാറിന് കീഴെ ഒരു ക്രോം ലൈനിങ് പുത്തൻ ജാസ്സിൽ ഇടം പിടിച്ചിട്ടുണ്ട്. ഡേടൈം റണ്ണിങ് ലാമ്പുകളുടെ തുടർച്ചയെന്നോണം തോന്നിപ്പിക്കുന്ന ഈ ക്രോം ലൈനിങ് പുത്തൻ ജാസിന്റെ പ്രീമിയം ലുക്ക് വർദ്ധിപ്പിക്കുന്നുണ്ട്. പുത്തൻ ഡിസൈനിലുള്ള എൽഇഡി ഫോഗ് ലാമ്പുകൾ ഉൾപെടുത്താൻ ബമ്പർ ചെറിയ രീതിയിൽ റീഡിസൈൻ ചെയ്തിട്ടുണ്ട്. പുറകിലെ ബമ്പറും റീഡിസൈൻ ചെയ്തിട്ടുണ്ട്. റേഡിയന്റ് റെഡ് മെറ്റാലിക്, ലൂണാർ സിൽവർ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, മോഡേൺ സ്റ്റീൽ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നീ നിറങ്ങളിൽ പുത്തൻ ജാസ് വാങ്ങാം.

ഇലക്ട്രിക്ക് സൺറൂഫ് ആണ് ഫീച്ചർ നിരയിലെ പുത്തൻ ജാസിന്റെ ആകർഷണം. ഒപ്പം ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേയ് കണക്ടിവിറ്റിയുള്ള 7.0-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈന്മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ, പുറകിൽ കാമറ,പുഷ് ബട്ടൺ സ്റ്റാർട്ട്, കീലെസ് എൻട്രി എൻട്രി എന്നിവ ഉയർന്ന വേരിയന്റിലുണ്ട്. സിവിടി ട്രാൻസ്മിഷൻ മോഡലുകൾക്ക് പാഡിൽ ഷിഫ്റ്ററുമുണ്ട്.

ആഭ്യന്തര വിപണിയിൽ മാരുതി സുസുക്കി ബലേനോ, ഹ്യുണ്ടായി എലൈറ്റ് i20, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ, ഫോക്‌സ്‌വാഗൺ പോളോ തുടങ്ങിയവരാണ് എതിരാളികള്‍. നീണ്ട കാലമായി പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ഹോണ്ടയ്ക്ക് മികച്ച വില്‍പ്പന നേടികൊടുത്ത മോഡലുകളില്‍ ഒന്നായിരുന്നു ജാസ്. എന്നാല്‍ ശ്രേണിയിലേക്ക് പുതുമുഖങ്ങള്‍ എത്തിയതോടെ ജാസിന്റെ ജനപ്രീതി ഇടിഞ്ഞിരുന്നു. പുത്തന്‍ മോഡലിലൂടെ ഈ പ്രതിസന്ധി മറികടക്കാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. 

Follow Us:
Download App:
  • android
  • ios