Asianet News MalayalamAsianet News Malayalam

ആക്ടീവയ്ക്ക് 20 വയസ്, പ്രത്യേക പതിപ്പുമായി ഹോണ്ട

ഹോണ്ട ആക്ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആക്ടീവ 6ജിയുടെ പ്രത്യേക 20-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി

Honda launches special 20th anniversary edition of Activa
Author
Mumbai, First Published Nov 27, 2020, 9:01 AM IST

ഇന്ത്യന്‍ ഇരുചക്ര വാഹന വ്യവസായ രംഗത്തെ ഗെയിം ചേഞ്ചറായി വിശേഷിപ്പിക്കപ്പെടുന്ന ഹോണ്ട ആക്ടീവ പുറത്തിറങ്ങിയതിന്റെ ഇരുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആക്ടീവ 6ജിയുടെ പ്രത്യേക 20-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കി. ആക്ടീവയുടെ സമാനതകളില്ലാത്ത മുന്നേറ്റവും രണ്ടു കോടിയിലധികം ഇന്ത്യന്‍ ഉപഭോക്താക്കളെന്ന നേട്ടവും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രത്യേക പതിപ്പ് അവതരിപ്പിച്ചതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്റ്റാന്‍ഡേര്‍ഡ്, ഡീലകസ് വേരിയന്റുകളില്‍ ആക്ടീവ 6ജിയുടെ ഇരുപതാം വാര്‍ഷിക പതിപ്പ് ലഭ്യമാവും. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 66816 രൂപയും ഡീലക്‌സ് വേരിയന്റിന് 68316 രൂപയുമാണ് ഗുരുഗ്രാം (ഹരിയാന) എക്‌സ്‌ഷോറൂം വില.

ഏറെ സവിശേഷതകളോടെയാണ് ആക്ടീവ 6ജി പ്രത്യേക പതിപ്പ് എത്തുന്നത്. റിയര്‍ ഗ്രാബ് റെയിലുകള്‍ക്ക് ഇണങ്ങിയ മാറ്റ് മച്വര്‍ ബ്രൗണ്‍ നിറം 20-ാം വാര്‍ഷിക പതിപ്പായ ആക്ടിവ 6ജിയുടെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുന്നു. ഇരുപതാം വാര്‍ഷിക ലോഗോയുടെ തിളങ്ങുന്ന ചിത്രരൂപണവും പ്രത്യേക ഗോള്‍ഡന്‍ ആക്ടീവ ലോഗോയും കൂടുതല്‍ സവിശേഷമായ രൂപം നല്‍കുന്നു. മുന്നിലെ പുതിയ സ്‌ട്രൈപ്‌സ് കാഴ്ച്ചക്കാര്‍ക്കിടയില്‍ ആക്ടീവ 6ജിയെ വേറിട്ടുനിര്‍ത്തും. ബ്രൗണ്‍ ഇന്നര്‍ കവറും ഇരിപ്പിടങ്ങളും വാഹനത്തിന് കൂടുതല്‍ ആധുനിക കാഴ്ച സമ്മാനിക്കുന്നു.

ഇഎസ്‍പി അടിസ്ഥാനമാക്കിയ ബിഎസ്-6 എഞ്ചിനോടൊപ്പം 26 പേറ്റന്റ് ആപ്ലിക്കേഷനുകളും വിപുലമായ സവിശേഷതകളും ചേര്‍ത്താണ് വാഹനം രൂപപ്പെടുത്തിയത്. ഹോണ്ടയുടെ 110 സിസി പിജിഎം-എഫ്‌ഐ എച്ച്ഇടി (ഹോണ്ട ഇക്കോ ടെക്‌നോളജി) പത്തു ശതമാനം അധിക മൈലേജ് നല്‍കുമെന്നും കമ്പനി പറയുന്നു. ഇഎസ്‍പി സാങ്കേതികവിദ്യയോടൊപ്പം സവിശേഷമായ ഹോണ്ട എസിജി സ്റ്റാര്‍ട്ടര്‍ ഓരോ തവണയും സൈലന്റ് സ്റ്റാര്‍ട്ടും ഉറപ്പാക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് വര്‍ധിപ്പിച്ച പുതിയ ടെലിസ്‌കോപ്പിക് സസ്‌പെന്‍ഷന്‍ പരുക്കന്‍ റോഡുകളിലും സുഗമമായ സവാരി ഉറപ്പാക്കുന്നു. പുതിയ എഞ്ചിന്‍ സ്റ്റാര്‍ട്ട്/സ്‌റ്റോപ്പ് സ്വിച്ച്, ഇന്റഗ്രേറ്റഡ് ഡ്യുവല്‍ ഫങ്ഷന്‍ സ്വിച്ച് വഴി എളുപ്പത്തില്‍ പ്രാപ്യമായ പുതിയ എക്‌സ്റ്റേണല്‍ ഫ്യൂവല്‍ ലിഡ്, വലിയ 12 ഇഞ്ച് ഫ്രണ്ട് വീല്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

ഇരുപത് വര്‍ഷം മുമ്പാണ് ഹോണ്ടയുടെ ആദ്യ മോഡലായ ആക്ടീവ പിറവിയെടുത്തത്, അതിനുശേഷം, ഹോണ്ട ആക്ടീവയുടെ ഓരോ പുതിയ തലമുറയും ഇന്ത്യന്‍ റൈഡര്‍മാര്‍ക്കായി ആഗോള സാങ്കേതിക വിദ്യകളെ മുന്‍കൂട്ടി അവതരിപ്പിച്ചു. ആക്ടീവയിലുള്ള ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിശ്വാസവും സ്‌നേഹവും ആഘോഷിക്കുന്നതിന് ആക്ടീവ 6ജി യുടെ 20-ാം വാര്‍ഷിക പതിപ്പ് പുറത്തിറക്കുന്നതില്‍ തങ്ങള്‍ സന്തുഷ്‍ടരാണെന്ന് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അറ്റ്‌സുഷി ഒഗാറ്റ പറഞ്ഞു.

Follow Us:
Download App:
  • android
  • ios