മനേശ്വര്‍: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ പുതിയതായി അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയില്‍ വിതരണത്തിനായി  അയയ്ക്കാന്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഹരിയാന മനേശ്വറിലെ ഹോണ്ടയുടെ പ്ലാന്റില്‍ പ്രത്യേക ലൈന്‍-ഓഫ് ചടങ്ങും സംഘടിപ്പിച്ചതായി കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പര്‍ച്ചേസ് സീനിയര്‍ ഡയറക്ടര്‍ വി ശ്രീധര്‍, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും പ്രസിഡന്റും സിഇഒയുമായ അത്‌സുഷി ഒഗാത്ത, ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ചീഫ് പ്രൊഡക്ഷന്‍ ഓഫീസറും പ്രൊഡക്ഷന്‍ പ്ലാനിങ് ആന്‍ഡ് കണ്‍ട്രോള്‍ ഡയറക്ടര്‍ ഇചിരോ ഷിമോകാവ് തുടങ്ങിയവര്‍  ചടങ്ങില്‍ പങ്കെടുത്തു.

ഈ വര്‍ഷം സെപ്റ്റംബറില്‍ ആഗോള തലത്തില്‍ അവതരിപ്പിച്ച ഹൈനസ്-സിബി350 ഇന്ത്യയിലെ ഹോണ്ട ബിഗ്‌വിങ് ശ്രേണിയിലെ മൂന്നാമത്തെ ബിഎസ്-6 മോഡലാണ്. ഡിഎല്‍എക്‌സ്, ഡിഎല്‍എക്‌സ് പ്രോ എന്നിങ്ങനെ രണ്ടു വേരിയന്റുകളിലായി ആറു നിറങ്ങളില്‍ ഹൈനസ്-സിബി350 ലഭ്യമാണ്. ആകര്‍ഷകമായ 1.85 ലക്ഷം രൂപയാണ് ഗുരുഗ്രാമിലെ എക്‌സ് ഷോറൂം വില.  

രാജ്യത്ത് ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് അടക്കിവാഴുന്ന  ബൈക്ക് ശ്രേണിയാണ് 350 സിസി. ഈ ശ്രേണിയില്‍ ബുള്ളറ്റിനെ വെല്ലുവിളിച്ച് കൊണ്ടാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഹൈനസ് സിബി350നെ അവതരിപ്പിച്ചിരിക്കുന്നത്.  350സിസി, എയര്‍ കൂള്‍ഡ് 4 സ്‌ട്രോക്ക് ഒഎച്ച്‌സി സിംഗിള്‍- സിലിണ്ടര്‍ എഞ്ചിനാണ് ഹൈനസ് - സിബി350ന്‍റെ ഹൃദയം. പിജിഎം-എഫ്1 സാങ്കേതിക വിദ്യ പിന്തുണ നല്‍കുന്നു. ഇത് ഈ വിഭാഗത്തില്‍ ഏറ്റവും കൂടിയ, 3000 ആര്‍പിഎമ്മില്‍ 30 എന്‍എം ടോര്‍ക്ക് നല്‍കുന്നു.