ജാപ്പനീസ് നിർമാതാക്കളായ ഹോണ്ട മോട്ടോർ സൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ(എച്ച് എം എസ് ഐ) ഇതുവരെ ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്‍തത് 25 ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍. ഇന്ത്യയില്‍നിന്നുള്ള ആകെ സ്‌കൂട്ടര്‍ കയറ്റുമതിയുടെ അമ്പത് ശതമാനത്തോളം ജാപ്പനീസ് കമ്പനിക്ക് അവകാശപ്പെട്ടതാണ്. ഹോണ്ട ഡിയോ മോഡലാണ് ഏറ്റവുമധികം കയറ്റുമതി ചെയ്യുന്നത്. ഇന്ത്യയിലെ നമ്പര്‍ വണ്‍ സ്‌കൂട്ടര്‍ കയറ്റുമതിക്കാരാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ.

2001ൽ ഗീയർരഹിത സ്‍കൂട്ടറായ ആക്ടീവയുമായിട്ടായിരുന്നു എച്ച് എം എസ് ഐയുടെ കയറ്റുമതിയുടെ തുടക്കം. നിലവില്‍ മോട്ടോര്‍സൈക്കിളുകള്‍ ഉള്‍പ്പെടെ പതിനെട്ട് മോഡലുകള്‍ കയറ്റുമതി ചെയ്യുന്നു. ഏഷ്യയിലെയും മധ്യപൂര്‍വേഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും 26 രാജ്യങ്ങളിലേക്കാണ് ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്.

പത്ത് ലക്ഷം യൂണിറ്റ് കയറ്റുമതിയെന്ന നാഴികക്കല്ല് 2015 ലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പിന്നിട്ടത്.  എന്നാല്‍ രണ്ടാമത്തെ 15 ലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്യുന്നതിന് അഞ്ച് വര്‍ഷം മാത്രം മതിയായിരുന്നു.

ഹോണ്ടയുടെ ആഗോള മോട്ടോര്‍സൈക്കിള്‍ ബിസിനസില്‍ ഒന്നാം സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യമെന്ന് എച്ച്എംഎസ്‌ഐ വില്‍പ്പന, വിപണന വിഭാഗം സീനിയര്‍ വൈസ് പ്രസിഡന്റ് യാദവീന്ദര്‍ സിംഗ് ഗുലേരിയ പറഞ്ഞു. ബിഎസ് 6 കാലത്ത് കയറ്റുമതി വളര്‍ച്ച നേടണമെന്നും കമ്പനി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉൽപന്നശ്രേണിയിലെ വൈവിധ്യവും വിപുലീകരണവുമാണ് ഹോണ്ട മോട്ടോർ കമ്പനിയിൽ നിന്നു കൂടുതൽ കയറ്റുമതി ഓർഡർ നേടിയെടുക്കാൻ സഹായിച്ചതെന്നും എച്ച് എം എസ്ഐ വിശദീകരിക്കുന്നു.