ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട N7X എന്ന 7 സീറ്റുള്ള പുത്തൻ കൺസെപ്റ്റ് വാഹനം പുറത്തിറക്കി

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട N7X എന്ന 7 സീറ്റുള്ള പുത്തൻ കൺസെപ്റ്റ് വാഹനം പുറത്തിറക്കിയതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിആർ-വിയുടെ പിൻഗാമിയാണ് ഇതെന്നും ഇൻഡോനേഷ്യൻ വിപണിയിൽ ഈ മോഡലിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹോണ്ട എന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഒരു യഥാർത്ഥ എസ്‌യുവി ലുക്ക് ആണ് N7X-ന് ലഭിക്കുന്നത്. അഞ്ചാം തലമുറ ഹോണ്ട സിറ്റി സെഡാനോട് സാദൃശ്യം തോന്നുന്ന ഹോണ്ടയുടെ പുത്തൻ ഡിസൈൻ ഭാഷ്യത്തിന് യോജിക്കും വിധമാണ് കാറിന്‍റെ മുന്‍ഭാഗം. കുത്തനെ ക്രമീകരിച്ചിരിക്കുന്ന ഗ്രിൽ, ക്ലാംഷെൽ ബോണറ്റ്, ക്രോമിൽ കുളിച്ച ധാരാളം ലൈനുകളുള്ള ഗ്രിൽ, റാപ് എറൗണ്ട് ഹെഡ്‍ലാംപുകൾ എന്നിവയാണ് മുൻവശത്തെ ആകർഷണങ്ങൾ. വശങ്ങളിൽ ആകർഷണം തള്ളി നിൽക്കുന്ന ഷോൾഡർ ലൈൻ ആണ്. ഹോണ്ട N7X-ന് ഹോണ്ട സിആർ-വിയെ പോലിരിക്കുന്ന പിൻഭാഗമാണ്.

1.5-ലിറ്റർ പെട്രോൾ എൻജിനായിരിക്കും ഹോണ്ട N7X എസ്‌യുവിയുടെ ലോഞ്ചിന് തയ്യറെടുക്കുന്ന മോഡലിൽ ലഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എൻജിനൊപ്പം മാന്വൽ, സിവിടി ഗിയർബോക്‌സുകൾ ലഭിക്കും. ഇന്തോനേഷ്യയിലാവും ഹോണ്ട N7X 7-സീറ്റർ എസ്‌യുവി അവതരിപ്പിക്കുക എന്നാണ് സൂചന. അതേസമയം ഇന്ത്യൻ വിപണിയിൽ ഈ വാഹനം എത്തുമോ എന്ന് വ്യക്തമല്ല.