ഇരുചക്ര വാഹനങ്ങള്‍ക്കായി മൂന്ന് എയര്‍ ബാഗ് ഡിസൈനുകള്‍ ഉള്‍പ്പെടെയാണ് ഹോണ്ട പേറ്റന്‍റ് അപേക്ഷ നല്‍കിയിട്ടുള്ളത്

ഇരുചക്രവാഹനങ്ങളിലും എയര്‍ ബാഗുകള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട എന്ന് റിപ്പോര്‍ട്ട്. ഇതിന്‍റെ ഭാഗമായി ഇരുചക്ര വാഹനങ്ങളിലെ എയര്‍ ബാഗ് സംവിധാനത്തിനായി ഹോണ്ട പേറ്റന്‍റ് അപേക്ഷ സമര്‍പ്പിച്ചതായി കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുചക്ര വാഹനങ്ങള്‍ക്കായി മൂന്ന് എയര്‍ ബാഗ് ഡിസൈനുകള്‍ ഉള്‍പ്പെടെയാണ് ഹോണ്ട പേറ്റന്‍റ് അപേക്ഷ നല്‍കിയിട്ടുള്ളത്. അടുത്തിടെ അവതരിപ്പിച്ച ഏറ്റവും പുതിയ ഹോണ്ട ഗോൾഡ് വിംഗ് ടൂറില്‍ ഒരു എയർബാഗ് ഉൾപ്പെട്ടിരുന്നു. എന്നാല്‍ ഹോണ്ടയുടെ കൂടുതല്‍ മോഡലുകളില്‍ ഈ സുരക്ഷ സംവിധാനം ഒരുക്കുന്നതിനായിട്ടാണ് പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെയാണ് ഹോണ്ടയുടെ ഏറ്റവും പുതിയ പേറ്റന്റ് ആപ്ലിക്കേഷനില്‍ മൂന്ന് പുതിയ എയർബാഗ് ഡിസൈനുകൾക്ക് അപേക്ഷ നല്‍കിയതും. ഇത് കമ്പനിയുടെ ഭാവിയിലെ മോട്ടോർസൈക്കിളുകളിൽ ഉപയോഗിച്ചേക്കാം എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഇരുചക്ര വാഹനാപകടങ്ങളില്‍ 68 ശതമാനവും മുന്നില്‍നിന്ന് നേരിട്ടുള്ള ഇടിയിലൂടെയാണെന്നാണ് ഹോണ്ടയുടെ സ്വന്തം ഗവേഷണങ്ങൾ തെളിയിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ബൈക്ക് ഓടിക്കുന്നവർ മറ്റ് വാഹനങ്ങളിലോ റോഡിലോ മറ്റൊരു വസ്‍തുവിലോ നേരിട്ട് ഇടിക്കുന്നതിനാലാണ് പരിക്കുകൾ അധികവും ഏല്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇരുചക്ര വാഹനത്തിന്റെ മുന്‍ഭാഗത്താണ് എയര്‍ ബാഗ് നല്‍കാന്‍ ഉദേശിക്കുന്നത്. 

ഹോണ്ടയുടെ സ്‌കൂട്ടറുകളിലായിരിക്കും എയര്‍ ബാഗ് ആദ്യം ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണം, റൈഡറിനുണ്ടാകുന്ന ചലനമാണ് ഇരുചക്ര വാഹനങ്ങളില്‍ എയര്‍ ബാഗ് നല്‍കുന്നതിലെ പ്രധാന വെല്ലുവിളി. കാര്‍ പോലുള്ള വാഹനങ്ങളില്‍ സീറ്റിലിരിക്കുന്നയാള്‍ക്ക് കാര്യമായ ചലനം സംഭവിക്കുന്നില്ല. എന്നാല്‍ സ്‌കൂട്ടറും ബൈക്കും തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ സ്‌കൂട്ടര്‍ ഒടിക്കുന്ന ആളിനാണ് ചലനം കുറവ് അനുഭവപ്പെടുന്നത്. അതുകൊണ്ട് തന്നെ സ്‌കൂട്ടറുകളിലായിരിക്കും എയര്‍ ബാഗ് ഒരുക്കുകയെന്നാണ് പേറ്റന്റ് ചിത്രങ്ങള്‍ നല്‍കുന്ന സൂചനകള്‍.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പേറ്റന്‍റ് ചിത്രങ്ങള്‍ അനുസരിച്ച് ഹോണ്ടയുടെ PCX-ടൈപ്പ് സ്‌കൂട്ടറുകളിലാണ് എയര്‍ ബാഗ് പരീക്ഷിക്കുന്നത്. ഇത് ഒരു കർട്ടൻ-സ്റ്റൈൽ എയർബാഗ് കാണിക്കുന്നു. ഗോൾഡ് വിംഗിലെ ബലൂൺ തരത്തിലുള്ള എയർബാഗിൽ നിന്ന് വ്യത്യസ്‍തമാണിതെന്നാണ് സൂചന. ഇതുകൂടാതെ ഇരുചക്ര വാഹനങ്ങളില്‍ നല്‍കുന്നതിനുള്ള നിരവധി എയര്‍ ബാഗ് ഓപ്ഷനുകള്‍ ഹോണ്ടയുടെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിഭാഗം ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

എന്നാല്‍ ഹോണ്ടയുടെ ഈ പദ്ധതി എപ്പോള്‍ യാഥാര്‍ഥ്യമാകുമെന്നതില്‍ വ്യക്തതയില്ലെന്നും അവസാന ഡിസൈനിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona