Asianet News MalayalamAsianet News Malayalam

സാങ്കേതിക തകരാര്‍; ഇന്ത്യയിലിറക്കിയ 65000 കാറുകള്‍ തിരികെവിളിച്ച് ഹോണ്ട

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയിലിറക്കിയ മോഡലുകള്‍ തിരിച്ചുവിളിക്കുന്നു

Honda recalls 65000 cars in India
Author
Mumbai, First Published Jun 15, 2020, 9:46 AM IST

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യന്‍ വിപണിയിലിറക്കിയ ചില മോഡലുകള്‍ തിരിച്ചുവിളിക്കുന്നു. ഹോണ്ട ബ്രയോ, അമേസ്, സിറ്റി, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിആര്‍-വി എന്നീ ഏഴ് മോഡലുകളെയാണ് കമ്പനി തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്യുവല്‍ പമ്പിലെ തകരാറിനെ തുടര്‍ന്നാണ് നടപടി. 

2018-ല്‍ നിര്‍മിച്ച വാഹനങ്ങളിലാണ് തകരാര്‍ കണ്ടെത്തിയിട്ടുള്ളതെന്നാണ് സൂചന. ഈ കാലയളവില്‍ നിര്‍മിച്ച 65,651 വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. ഫ്യുവല്‍ പമ്പിലെ ഇംപെല്ലറിനാണ് പോരായ്മ കണ്ടെത്തിയിട്ടുള്ളത്. ഇത് വാഹനത്തിന്റെ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ് സംവിധാനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേസിന്റെ 32,498 യൂണിറ്റും സിറ്റിയുടെ 16434 യൂണിറ്റും ജാസിന്റെ 7500 യൂണിറ്റും ഡബ്ല്യുആര്‍-വിയുടെ 7057 യൂണിറ്റും ബിആര്‍-വിയുടെ 1622 യൂണിറ്റും ബ്രയോയുടെ 360 യൂണിറ്റും സിആര്‍-വിയുടെ 180 യൂണിറ്റുമാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.  

തകരാര്‍ കണ്ടെത്തിയ വാഹനങ്ങള്‍ തിരിച്ചറിയുന്നതിനുള്ള സംവിധാനം ഹോണ്ടയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. വാഹനത്തിന്റെ 17 അക്ക തിരിച്ചറിയല്‍ നമ്പര്‍ വെബ്‌സൈറ്റില്‍ നല്‍കിയാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഈ വാഹനങ്ങള്‍ക്കായി ഇന്ത്യയില്‍ ഉടനീളമുള്ള ഹോണ്ടയുടെ അംഗീകൃത ഡീലര്‍ഷിപ്പുകളില്‍ സൗജന്യമായി സര്‍വീസ് ലഭ്യമാക്കുമെന്ന് കമ്പനി വ്യക്തമാക്കി. ജൂണ്‍ 30 മുതല്‍ വാഹനങ്ങളുടെ പരിശോധന ആരംഭിക്കും. 

Follow Us:
Download App:
  • android
  • ios