കമ്പനിയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന CB300R, ഹൈനസ് CB350 എന്നിവയും മറ്റു മോഡലുകളായ ഹോർനെറ്റ് 2.0, X-ബ്ലേഡ്, സിബി ഷൈൻ, ആക്‌ടിവ 5G, ആക്‌ടിവ 6G, ആക്‌ടിവ 125 എന്നീ മോഡലുകളെയാണ് ഹോണ്ട തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ച ഏതാനും മോഡലുകള്‍ തിരിച്ച് വിളിക്കുന്നു. സേഫ്റ്റി റിഫ്‌ളക്ടറുകളിലെ പോരായ്‍മ പരിഹരിക്കുന്നതിനായാണ് ഹോണ്ടയുടെ വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്പനിയുടെ ബിഗ് വിംഗ് ഡീലർഷിപ്പുകൾ വഴി വിൽക്കുന്ന CB300R, ഹൈനസ് CB350 എന്നിവയും മറ്റു മോഡലുകളായ ഹോർനെറ്റ് 2.0, X-ബ്ലേഡ്, സിബി ഷൈൻ, ആക്‌ടിവ 5G, ആക്‌ടിവ 6G, ആക്‌ടിവ 125 എന്നീ മോഡലുകളെയാണ് ഹോണ്ട തിരിച്ചുവിളിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍. 2019 നവംബർ മുതൽ 2021 ജനുവരി വരെയുള്ള കാലയളവിൽ നിർമിച്ച യൂണിറ്റുകൾ മാത്രമാണ് ഇപ്പോൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

റിഫ്ലെക്സ് റിഫ്ലക്ടറുകളുടെ തെറ്റായ സ്ഥാനമാണ് തിരിച്ചുവിളിക്കാൻ കാരണമായതെന്നാണ് സൂചന. അപര്യാപ്തമായ പ്രകാശ പ്രതിഫലനത്തിന് ഇത് കാരണമാകാം. എന്നാൽ, രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ വലിയ വെല്ലുവിളികൾ സൃഷ്ടിക്കുന്ന തരത്തിൽ പ്രകാശ പ്രതിഫലനത്തിന് കാരണമായേക്കില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ഡീലർഷിപ്പുകളിൽ മോഡലുകൾ സ്കാൻ ചെയ്ത് തകരാർ തിരിച്ചറിയാൻ കഴിയും. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ വെബ്സൈറ്റിലൂടെയോ ഹോണ്ട ബിഗ് വിംഗ് വെബ്സൈറ്റിലൂടെയോ നിങ്ങളുടെ വാഹനങ്ങൾ ഉൾപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാം. തങ്ങളുടെ വാഹനം ഉൾക്കൊള്ളുന്നുണ്ടോ എന്നറിയാൻ ഉപയോക്താക്കൾ 17 അക്ക യുണീക് വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (VIN) അല്ലെങ്കിൽ ഫ്രെയിം നമ്പർ നൽകണം. തകരാറുള്ള പാർട്ട് നമ്പർ 33741KPL902 ആണെന്നും റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജൂണ്‍ ഒന്ന് മുതല്‍ വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശിക ഭരണകൂടങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ അവസാനിക്കുന്ന മുറയ്ക്ക് ഉപയോക്താക്കള്‍ക്ക് ഡീലര്‍ഷിപ്പുകളെ സമീപിക്കാം. വാഹനങ്ങളുടെ ഉപയോക്താക്കളെ ഈ വിവരം ഫോണിലൂടെയോ ഇ-മെയിലിലൂടെയോ നേരിട്ട് അറിയിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഹോണ്ട ഇന്ത്യ അറിയിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona