കൊവിഡ് 19ന്‍റെ പ്രഭവ കേന്ദ്രമാണ് ചൈനയിലെ വുഹാന്‍. 73 ദിവസങ്ങള്‍ക്കു ശേഷമാണ് ഇവിടെ ലോക്ക് ഡൗൺ പിൻവലിച്ചത്. ഇതോടെ ഇവിടത്തെ കാർ നിർമാണശാല വീണ്ടും തുറന്നിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട.

വുഹാനിലെ പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ ഹോണ്ട പൂര്‍ണതോതില്‍ പുനരാരംഭിച്ചു. ഹോണ്ടയുടെയും ഡോംഗ്‌ഫെംഗ് മോട്ടോര്‍ ഗ്രൂപ്പിന്റെയും സംയുക്ത സംരംഭത്തിന്റെ ഭാഗമാണ് ഈ പ്ലാന്റ്. കൊവിഡ് മഹാമാരി ലോകത്ത് പൊട്ടിപ്പുറപ്പെട്ടതും ആദ്യം പടര്‍ന്നുപിടിച്ചതും ചൈനീസ് നഗരമായ വുഹാനിലാണ്. കൊറോണ വൈറസ് ബാധ ചെറുക്കുന്നതിന്റെ ഭാഗമായി ജനുവരി അവസാനത്തോടെയാണ് പ്ലാന്റ് അടച്ചത്. 

മാര്‍ച്ച് 11ന് പ്ലാന്റ് തുറന്നെങ്കിലും ഇപ്പോഴാണ് സാധാരണനിലയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇപ്പോൾ വൈറസിന് മുമ്പ് ഉണ്ടായിരുന്ന നിലയിലേക്ക് ഉൽ‌പാദനം തിരികെ എത്തിയതായി സംയുക്ത സംരംഭത്തിന്റെ രണ്ടാം നമ്പർ അസംബ്ലി പ്ലാന്റ് അസിസ്റ്റന്റ് ഡയറക്ടർ ലി ഷിക്കുവാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ശരീര ഊഷ്‍മാവ് പരിശോധനാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജോലിസമയത് തൊഴിലാളികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കും വിധമാണ് പുനഃക്രമീകരണങ്ങള്‍. എല്ലായ്‌പ്പോഴും മുഖാവരണം ധരിക്കണമെന്ന നിര്‍ദേശവും തൊഴിലാളികള്‍ക്ക് നല്‍കി. താപനില ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചതോടൊപ്പം പകർച്ചവ്യാധി ആരംഭിച്ചപ്പോൾ മുതൽ എവിടെയായിരുന്നുവെന്ന് റിപ്പോർട്ടു ചെയ്യാൻ മടങ്ങിവരുന്ന ഓരോ തൊഴിലാളികളോടും ആവശ്യപ്പെട്ടതായും ലി വ്യക്തമാക്കി.   

പന്ത്രണ്ടായിരത്തോളം പേരാണ് വുഹാന്‍ പ്ലാന്റില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ 98 ശതമാനം പേരും തിരികെ ജോലിയില്‍ പ്രവേശിച്ചു. നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങള്‍ കണക്കിലെടുത്ത് ദിവസവും ഒന്നര മണിക്കൂര്‍ അധികം ജോലി ചെയ്യണമെന്ന നിര്‍ദേശം തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം കാറുകളാണ് ഈ പ്ലാന്റില്‍ നിര്‍മിച്ചത്.  8 മണിക്കൂറുള്ള സ്ഥിരം പ്രവർത്തിസമയം കൂടാതെ 1.5 മണിക്കൂർ കൂടുതൽ ജോലി ചെയ്‍ത് ദിവസവും 1,060 കാറുകളുടെ നിർമാണം എന്നുള്ളത് 1,237 ആക്കി ഉയർത്താനാണ് കമ്പനിയുടെ പദ്ധതി.