ജാപ്പനീസ് ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹോണ്ട ജനപ്രിയ മോഡല്‍ ഷൈനിന്റെ വില വർദ്ധിപ്പിച്ചു

ജാപ്പനീസ് ഇരുചക്ര വാഹനനിർമ്മാതാക്കളായ ഹോണ്ട ജനപ്രിയ മോഡല്‍ ഷൈനിന്റെ വില വർദ്ധിപ്പിച്ചു. 1,072 രൂപയാണ് കൂട്ടിയതെന്ന് ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രം, ഡിസ്‍ക് എന്നിങ്ങനെ രണ്ട് വേരിയൻറുകളിൽ വിപണിയിൽ ലഭ്യമാണ്. ഇതോടെ ഡ്രം പതിപ്പിന്റെ എക്‌സ്-ഷോറൂം വില 76,093 രൂപയായും ഡിസ്‍ക് ബ്രേക്ക് പതിപ്പിന്‍റെ വില 80,926 രൂപയായും കൂടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

2020 ഫെബ്രുവരിയിലാണ് ബി എസ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്ന എൻജിനും ഒപ്പം പേരിൽ നിന്ന് സിബി ഒഴിവാക്കി ഷൈൻ എത്തുന്നത്. എസ്‌പി 125-ന് സമാനമായ എൻജിൻ പരിഷ്കാരങ്ങളാണ് ഷൈനിലും ലഭിക്കുന്നത്. 124.73 സിസി, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ ഭാരത് സ്റ്റേജ്6 മലിനീകരണ നിയന്ത്രണ നിയമങ്ങൾക്കനുസരിച്ച് പരിഷ്കരിച്ചു. ഇതിന്റെ ഭാഗമായി ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യ ഉൾപ്പെടുത്തി.

പരിഷ്കരിച്ച എൻജിൻ 7500 അർപിഎമ്മിൽ 10.72 ബിഎച്പി പവറും 6000 അർപിഎമ്മിൽ 10.9 എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്. കരുത്ത് ചെറിയതോതിൽ വർദ്ധിച്ചതോടൊപ്പം ഷൈനിന്റെ മൈലേജ് 14 ശതമാനം കൂടിയിട്ടുണ്ടെന്ന് ഹോണ്ട അവകാശപ്പെടുന്നു. 4-സ്പീഡ് ഗിയർബോക്‌സിന് പകരം 5-സ്പീഡ് ഗിയർബോക്‌സ് ആണ് ബിഎസ്6 ഷൈനിൽ ലഭിക്കുന്നത്.

ഗ്രൗണ്ട് ക്ലിയറൻസ് 5 എംഎമ്മും വീൽബേസ് 19 എംഎം വർദ്ധിപ്പിച്ചിട്ടുണ്ട്. കറുപ്പ്, ജെനി ഗ്രേ മെറ്റാലിക്, റിബൽ റെഡ് മെറ്റാലിക്, അത്‌ലറ്റിക് ബ്ലൂ മെറ്റാലിക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് ഹോണ്ട ഷൈൻ ബിഎസ്6 വിപണിയിലുള്ളത്. ടു-വേ എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് സ്വിച്ച്, ഐഡിൽ സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം, എസിജി സ്റ്റാർട്ടർ മോട്ടോർ, ഇന്റഗ്രേറ്റഡ് ഹെഡ്‌ലാമ്പ് ബീം, പാസിംഗ് സ്വിച്ച്, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയാണ് ഷൈനിലെ പ്രധാന ഫീച്ചറുകൾ. പുതിയ ബോഡി ഗ്രാഫിക്സിനൊപ്പം ധാരാളം ക്രോം ഹൈലൈറ്റുകൾ ബിഎസ്6 ഷൈനിൽ കൂട്ടിച്ചേർത്തു.

2006 ൽ ആണ് ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ് സ്‍കൂട്ടർ ഇന്ത്യ ആദ്യമായി ഷൈന്‍ മോട്ടോര്‍ സൈക്കിളിനെ വിപണിയിലെത്തിക്കുന്നത്. അടുത്തിടെ 90 ലക്ഷം വിൽപ്പന എന്ന നാഴികക്കല്ല് ഷൈന്‍ പിന്നിട്ടിരുന്നു. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ഷൈൻ വിപണിയില്‍ മികച്ചപ്രകടനമാണ് കാഴ്‍ച വയ്ക്കുന്നതെന്ന് ഹോണ്ട പറയുന്നു. ആദ്യ ലോഞ്ചിന് ശേഷമുള്ള രണ്ട് വർഷത്തിനുള്ളിൽ, ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട 125 സിസി മോട്ടോർസൈക്കിളായി ഇത് മാറി. 54 മാസത്തിനുള്ളിൽ ആദ്യത്തെ 10 ലക്ഷം ഉപഭോക്താക്കള്‍ ബൈക്കിനെ തേടിയെത്തി. 2013 ആയപ്പോഴേക്കും രാജ്യത്ത് വിൽക്കുന്ന ഓരോ മൂന്നാമത്തെ 125 സിസി മോട്ടോർസൈക്കിളും ഒരു ഷൈൻ ആയിരുന്നു. 2014ലാണ് ബൈക്ക് 30 ലക്ഷം വിൽപ്പന നാഴികക്കല്ല് പിന്നിടുന്നത്. 2018 ആകുമ്പോഴേക്കും വിൽക്കുന്ന ഓരോ സെക്കൻഡിലും 125 സിസി മോട്ടോർസൈക്കിൾ ഒരു ഷൈൻ ആയിരുന്നു. കാലാനുസൃതമായി അപ്‌ഡേറ്റുകൾ ലഭിച്ചതുകൊണ്ടാണ് ഷൈനിന്‍റെ ജനപ്രിയതയ്ക്കുള്ള മുഖ്യ കാരണമെന്ന് കമ്പനി പറയുന്നു. ബജാജ് ഡിസ്‍കവർ 125, ഹീറോ ഗ്ലാമർ ഐ 3, ബജാജ് പൾസർ 125 എന്നിവയാണ് ബൈക്കിന്‍റെ മുഖ്യ എതിരാളികള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona