ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട 2020 ജൂണ്‍ മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റത് മൂന്ന് ലക്ഷം യൂണിറ്റ് വാഹനങ്ങള്‍ എന്ന് റിപ്പോര്‍ട്ട്. മെയ് മാസത്തെ വില്‍പ്പനയെ അപേക്ഷിച്ച് 156 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍. 

2,10,879 വാഹനങ്ങളാണ് ജൂണില്‍ ഹോണ്ടയില്‍നിന്ന് പുറത്തിറങ്ങിയത്. വിതരണത്തില്‍ മെയ് മാസത്തെ അപേക്ഷിച്ച് നാല് ഇരട്ടി വര്‍ധനവ് ഉണ്ടായെന്നും കമ്പനി അറിയിച്ചു. 54,820 യൂണിറ്റായിരുന്നു മെയ് മാസത്തെ വില്‍പ്പന.

അതേസമയം, 2019 ജൂണ്‍ മാസത്തെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിയാല്‍ ഈ വര്‍ഷം 55 ശതമാനം ഇടിവാണ് കമ്പനിക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ജൂണില്‍ 4,76,364 ഇരുചക്ര വാഹനങ്ങളാണ് ഹോണ്ട നിരത്തില്‍ എത്തിച്ചത്. ആക്ടിവ തന്നെയാണ് ഹോണ്ടയുടെ വിപണിയിലെ താരം. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ സ്‌കൂട്ടറാണ് ആക്ടിവ. 

സേവന സന്ദർശനങ്ങളും അന്വേഷണങ്ങളും 2020 മെയ് മാസത്തില്‍ 10.5 ലക്ഷം എന്നായിരുന്നു കണക്ക്. ഇത് ജൂണ്‍ മാസത്തില്‍ 22 ലക്ഷം വരെ ഉയര്‍ന്നു എന്നും കമ്പനി വ്യക്തമാക്കുന്നു. 

ലോക്ക് ഡൌണിനു ശേഷം ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍  തന്നെ ഹോണ്ടയുടെ 95 ശതമാനം ഷോറൂമുകളും സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദേശിച്ചിട്ടുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഹോണ്ടയുടെ ഷോറൂമുകളുടെ പ്രവര്‍ത്തനമെന്ന് കമ്പനി അറിയിച്ചു. ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കമ്പനി സമഗ്രമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.