ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം ആരംഭിച്ചു. കൊവിഡ്-19 സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി ഉപയോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഹോണ്ടയുടെ ഓണ്‍ലൈന്‍ ബുക്കിങ്ങ് പ്ലാറ്റ്‌ഫോം ഒരുക്കുന്നത്. 

ഹോണ്ടയുടെ www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡീലര്‍ഷിപ്പ് തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ പേമെന്റ് വരെ ആറ് സ്റ്റെപ്പുകളിലൂടെ വാങ്ങല്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ഹോണ്ട അറിയിച്ചു. 

പേടിഎം, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ്, യുപിഐ ഭീം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പണം അടയ്ക്കുന്നതിനുള്ള സംവിധാനം നല്‍കുന്നത്. 1999 രൂപയാണ് ബുക്കിങ്ങ് തുക. അതേസമയം, ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും ഹോണ്ട ഉറപ്പുനല്‍കുന്നു. 

പേയ്മെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍, ഉപഭോക്താവിന് SMS അല്ലെങ്കില്‍ മെയില്‍ വഴി ഒരു ബുക്കിംഗ് നമ്പര്‍ ലഭിക്കും. മുന്നോട്ടുള്ള പ്രക്രിയയില്‍ ഇത് ഒരു റഫറന്‍സ് നമ്പറായി നിലകൊള്ളുന്നു. കൂടുതല്‍ ആശയവിനിമയത്തിനായി ഇത് ഡീലറുമായി പങ്കിടേണ്ടതുണ്ട്. പുതിയ ആക്ടിവ 6G മുതല്‍ ഹോണ്ടയുടെ ഏതു വാഹനവും ഉപഭോക്താവിന് ഈ രീതിയില്‍ തെരഞ്ഞെടുക്കാം. 

കൊവിഡ് പ്രതസന്ധികള്‍ക്ക് ഇടയിലും കഴിഞ്ഞ മാസങ്ങലില്‍ ചില മോഡലുകളെ ഹോമ്ട അവതരിപ്പിച്ചിരുന്നു. നാല് ബിഎസ് 6 മോഡലുകളെയാണ് ഈ കാലയളവില്‍ ഹോണ്ട അവതരിപ്പിച്ചത്. ഇതോടെ ഹോണ്ടയുടെ ബിഎസ് 6 ശ്രേണിയില്‍ നിലവില്‍ ഒമ്പത് മോഡലുകളാണുള്ളത്. ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ ഹോണ്ടയുടെ 95 ശതമാനം ഷോറൂമുകളും സര്‍വീസ് സെന്ററുകളും പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ലളിതമായ നടപടിയിലൂടെ വാങ്ങല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന പ്ലാറ്റ്‌ഫോം ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഹോണ്ട ഇന്ത്യ വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് തന്നെ വാഹനം സ്വന്തമാക്കാനുള്ള സംവിധാനം രാജ്യത്തെ വിവിധ വാഹന നിര്‍മാതാക്കള്‍ ഒരുക്കുന്നുണ്ട്. റോയല്‍ എന്‍ഫീല്‍ഡ്, സുസുക്കി, ഹീറോ തുടങ്ങിയ മിക്ക ഇരുചക്രവാഹന കമ്പനികളും നേരത്തെ തന്നെ ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് കടന്നിരുന്നു.