ഉപഭോക്താക്കള്‍ക്കായി പുതിയ പേയ്‌മെന്റ് സ്‍കീമുകളും ഓഫറുകളും അവതരിപ്പിച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട മോട്ടോർസൈക്കിൾ ആന്‍ഡ്സ്‍കൂട്ടർ ഇന്ത്യ. പുതിയ സ്‍കൂട്ടറുകളും മോട്ടോർ സൈക്കിളുകളും വാങ്ങുന്നതിന് ചില പ്രത്യേക പദ്ധതികളാണ് കമ്പനി മുന്നോട്ടു വയ്‍ക്കുന്നത്.

ഹോണ്ട ആക്ടിവ 6G അല്ലെങ്കിൽ ഹോണ്ട ഷൈൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഐഡിഎഫ്സി ഫസ്റ്റ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ബാങ്കുകൾ വായ്പ വാഗ്ദാനം ചെയ്യും. ഇതുസംബന്ധിച്ച് ഈ ബാങ്കുകളുമായി കമ്പനി കരാർ ഒപ്പിട്ടു. 

പുതിയ ആക്ടിവ 6G അല്ലെങ്കിൽ ഷൈൻ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ബാങ്കുകളിൽ നിന്നും ഫിനാൻസ് ലഭിക്കും. 36 മാസത്തെ കാലാവധിയുടെ ആദ്യ മൂന്ന് മാസത്തേക്ക് EMI -യുടെ 50 ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ. മാത്രമല്ല, മൊത്തം വായ്പ തുകയുടെ 95 ശതമാനം ബാങ്കുകൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യും.

ഹോണ്ട ഇരുചക്ര വാഹനം വാങ്ങാൻ ആഗ്രഹിക്കുന്ന ക്രെഡിറ്റ് കാർഡ് ഉടമകൾക്കും ചില അധിക ആനുകൂല്യങ്ങൾ ലഭിക്കും. ഒരു എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉടമയാണെങ്കിൽ, ഒരു പുതിയ ഹോണ്ട ഇരുചക്ര വാഹനം വാങ്ങുമ്പോൾ അഞ്ച് ശതമാനം പണം തിരികെ ലഭിക്കും.

എന്നാല്‍ രാജ്യത്തെ തിരഞ്ഞെടുത്ത ഹോണ്ട ഡീലർഷിപ്പുകളിൽ മാത്രമേ ഈ സ്‍കീം ലഭ്യമാകൂ. മാത്രമല്ല ഹോണ്ട ആക്ടിവ 6G, ഗ്രാസിയ, ഡിയോ, ഷൈൻ, SP 125, ലിവോ, CD 110 ഡ്രീം എന്നിവയുൾപ്പെടെ പ്രാദേശികമായി നിർമ്മിച്ച മോഡലുകൾക്ക് മാത്രമാണ് ഈ ഓഫറുകള്‍ വാഗ്ദാനം ചെയ്യുന്നത്.

ഹോണ്ട ടൂ-വീലേർസ് അടുത്തിടെ ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായി ഡിജിറ്റല്‍ ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനം  ആരംഭിച്ചിരുന്നു. കൊവിഡ്-19 സുരക്ഷ മാനദണ്ഡങ്ങളുടെ ഭാഗമായി ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണ് ഹോണ്ട ഓണ്‍ലൈന്‍ ബുക്കിങ്ങ് പ്ലാറ്റ്‌ഫോം തുറന്നത്. 

ഹോണ്ടയുടെ www.honda2wheelersindia.com. എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് ഓണ്‍ലൈന്‍ ബുക്കിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഡീലര്‍ഷിപ്പ് തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെ പേമെന്റ് വരെ ആറ് സ്റ്റെപ്പുകളിലൂടെ വാങ്ങല്‍ പൂര്‍ത്തിയാക്കാം. പേടിഎം, ക്രെഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ്, യുപിഐ ഭീം തുടങ്ങിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് പണം അടയ്ക്കുന്നതിനുള്ള സംവിധാനം നല്‍കുന്നത്. 1999 രൂപയാണ് ബുക്കിങ്ങ് തുക. അതേസമയം, ബുക്കിങ്ങ് ക്യാന്‍സല്‍ ചെയ്താല്‍ മുഴുവന്‍ തുകയും മടക്കി നല്‍കുമെന്നും ഹോണ്ട ഉറപ്പുനല്‍കുന്നു. 

പേയ്മെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍, ഉപഭോക്താവിന് SMS അല്ലെങ്കില്‍ മെയില്‍ വഴി ഒരു ബുക്കിംഗ് നമ്പര്‍ ലഭിക്കും. മുന്നോട്ടുള്ള പ്രക്രിയയില്‍ ഇത് ഒരു റഫറന്‍സ് നമ്പറായി നിലകൊള്ളുന്നു. കൂടുതല്‍ ആശയവിനിമയത്തിനായി ഇത് ഡീലറുമായി പങ്കിടേണ്ടതുണ്ട്. പുതിയ ആക്ടിവ 6G മുതല്‍ ഹോണ്ടയുടെ ഏതു വാഹനവും ഉപഭോക്താവിന് ഈ രീതിയില്‍ തെരഞ്ഞെടുക്കാം.