ഹോണടിക്കാൻ ഇന്ത്യക്കാരെ കഴിഞ്ഞേ ആരും വരൂ. മുന്നിലുള്ള വണ്ടിക്ക് നീങ്ങാൻ ഒരു വഴിയുമില്ലാത്തത്ര മുട്ടൻ ബ്ലോക്കിൽ നിന്നാലും ഹോൺ അമർത്തിപ്പിടിച്ചു കൊണ്ടിരിക്കും നമ്മുടെ വണ്ടിക്കാർ. റെഡ് സിഗ്നൽ ആണ് എന്ന് കണ്ടാലും അടങ്ങില്ല ഇവരുടെ ഹോണിന്മേലുള്ള ഷെഹ്‌നായി വാദനം. പലപ്പോഴും സിഗ്നലിൽ നിൽക്കുന്ന ട്രാഫിക് പൊലീസുകാരെപ്പോലും ഈർഷ്യ പിടിപ്പിക്കാറുണ്ട്. പക്ഷേ എന്തുചെയ്യാനാ, 'ഹോൺ ഓക്കേ പ്ളീസ് എന്നല്ലേ ശാസ്ത്രം. ഹോണടിച്ചതിന്റെ പേരിൽ എങ്ങനെയാണ് ഒരാളെ പിടിച്ചുവെക്കുക. എന്തെങ്കിലും ചെയ്യാതെയും ഇരിക്കുന്നത് എങ്ങനെയാണ് ? ഈ മാരകമായ ഹോണടി പലപ്പോഴും ബധിരതയ്ക്കുവരെ കാരണമാകാം സാധ്യതയുണ്ട്. എന്തെങ്കിലും ചെയ്തേ പറ്റൂ. അതുകൊണ്ട്, ഏറെ ആലോചിച്ച് തലപുകച്ച ശേഷം നാട്ടിലെ ഹോണടിവീരന്മാരെ കുടുക്കാൻ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പരിഷ്കരിച്ച ഒരു 'പണിഷ്മെന്റ് സിഗ്നൽ' സംവിധാനവുമായി രാജ്യത്തിന് തന്നെ മാതൃകയായി കടന്നു വന്നിരിക്കുകയാണ് മുംബൈ പൊലീസ്. ഇതിന്റെ ഒരു വീഡിയോയും മുംബൈ പോലീസ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

 

ജനുവരി 31 മുതൽ മുംബൈയിലെ നാല് പ്രധാന സിഗ്നലുകളിലുമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിൽ വന്നിരിക്കുന്ന ഈ സംവിധാനത്തിൽ, ട്രാഫിക് സിഗ്നൽ സിസ്റ്റത്തിന്റെ ഒരു ഡെസിബെൽ മീറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു. സ്വതവേ ആളുകൾക്ക് ഹോണടിക്കുള്ള ത്വര റെഡ്‌സിഗ്നൽ കഴിഞ്ഞ് ഗ്രീൻ വരുന്നതിന് തൊട്ടുമുമ്പുള്ള പത്തു സെക്കൻഡ് സമയമാണ്. അതിനെത്തുടർന്നുള്ള പത്തിരുപതു സെക്കൻഡും.  ഈ സമയം അടിക്കുന്ന ഹോണിന്റെ ഒച്ച 85  ഡെസിബെല്ലിൽ കൂടിയാൽ അപ്പോൾ, സിഗ്നൽ വീണ്ടും ചുവപ്പാകും. പിന്നെ, അതുവരെ എത്ര നേരം കാത്തിരുന്നോ അത്രയും നേരം പിന്നെയും കാത്തിരിക്കണം. 

ഇപ്പോൾ CSMT, ബാന്ദ്ര, പെഡ്ഡർ റോഡ്, മറൈൻ ഡ്രൈവ് എന്നിവിടങ്ങളിലെ സിഗ്നലുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ ഡെസിബെൽ മീറ്ററുകൾ ഘടിപ്പിച്ചിട്ടുള്ളത്. എന്തായാലും, മുംബൈ പൊലീസിന്റെ ഈ പുതിയ നീക്കത്തെ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നവരാണ് ഹോണടിയാൽ പൊരുതി മുട്ടിയ കാർ ഡ്രൈവർമാരിൽ പലരും.