ദില്ലി: ഉടമയുടെ സ്വന്തം ഉത്തരവാദിത്തത്തില്‍ പാര്‍ക്ക് ചെയ്ത വാഹനം മോഷണം പോയാല്‍ എന്ത് ചെയ്യണം? ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും വാഹന പാര്‍ക്കിംഗ് സ്ഥലത്ത് കാണുന്ന ബോര്‍ഡുകളാണ് പാര്‍ക്ക് ചെയ്യുന്ന വാഹനത്തിന്‍റെ ഉത്തരവാദിത്തം സ്ഥാപനത്തിന് ഇല്ലെന്നുള്ളത്. പാര്‍ക്കിംഗ് ഏരിയയിലെ വാഹനങ്ങള്‍ക്ക് സംഭവിക്കുന്ന തകരാറുകളെക്കുറിച്ച് ഉടമസ്ഥന്‍ പരാതിയുമായി വരുമ്പോള്‍ കൈകഴുകാനാണ് ഈ മുന്നറിയിപ്പ് ഉപയോഗിക്കുന്നത്. 

പാര്‍ക്കിംഗ് ഏരിയയില്‍ വക്കുന്ന വാഹനത്തിന്റെ ഉത്തരവാദിത്തം ആ സ്ഥലം അനുവദിക്കുന്ന സ്ഥാപനത്തിനുമുണ്ടെന്ന് വിശദമാക്കുന്നതാണ് സുപ്രീം കോടതി വിധി. നിബന്ധനകളോടെയാണ് സുപ്രീം കോടതി വിധി. വാഹനം പാര്‍ക്ക് ചെയ്തത് സ്ഥാപനത്തിലെ ജീവനക്കാരന്‍ ആണെങ്കില്‍ പാര്‍ക്ക് ചെയ്ത ശേഷം സംഭവിക്കുന്ന തകരാറുകള്‍ക്ക് സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ടെന്ന് സുപ്രീം കോടതി വിധി. വാലറ്റ് പാര്‍ക്കിംഗ് സംവിധാനം ഉപയോഗിക്കുന്നവര്‍ക്ക് നല്‍കിയ രീതിയില്‍ തന്നെ വാഹനം തിരിച്ച് നല്‍കേണ്ടത് സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പാര്‍ക്ക് ചെയ്യുന്ന ജീവനക്കാരന്‍റെ മേല്‍ വാഹനത്തിന് സംഭവിക്കുന്ന തകരാറിന്‍റെ ഉത്തരവാദിത്തം ഇടാന്‍ പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്യാന്‍ നല്‍കിയ വാഹനം മോഷണം പോയ സംഭവത്തേക്കുറിച്ച് നല്‍കിയ പരാതിയിലാണ് സുപ്രീം കോടതിയുടെ തീരുമാനം.   പാര്‍ക്കിംഗ് ഇടം കണ്ടെത്തേണ്ടതും കൃത്യമായി പാര്‍ക്ക് ചെയ്യേണ്ടതും എടുത്തുകൊണ്ട് പോകണം എന്നിവയെല്ലാം പാര്‍ക്കിംഗ് ടോക്കണില്‍ വിശദമാക്കിയിട്ടുണ്ടെന്ന പഞ്ചനക്ഷത്ര ഹോട്ടലിന്‍റെ വാദം കോടതി തള്ളിക്കളഞ്ഞു.  ഇത്തരം സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ സ്ഥാപനങ്ങള്‍ക്കാണ് അതിന്‍റെ ഉത്തരവാദിത്തമെന്നും കോടതി ചൂണ്ടിക്കാണിച്ചു. വാഹനം നഷ്ടമായ ആള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ പഞ്ചനക്ഷത്ര ഹോട്ടല്‍ സുപ്രീം കോടതിയെ സമീപിച്ചത്. 

മറ്റൊരു കാറിലെത്തിയ മൂന്ന് യുവാക്കള്‍ കാര്‍ കൊണ്ടുപോയിയെന്നായിരുന്നു വാഹനം പാര്‍ക്ക് ചെയ്ത വാഹനമന്വേഷിച്ച വാഹന ഉടമയ്ക്ക് ലഭിച്ച മറുപടി. ഇന്‍ഷുറന്‍സ് വിഭാഗം പണം നല്‍കാന്‍ തയ്യാറായെങ്കിലും ഹോട്ടല്‍ നഷ്ടപരിഹാരം നല്‍കാതെ വന്നതോടെയാണ് കാറുടമ കോടതിയെ സമീപിക്കുന്നത്. ഇത്തരത്തില്‍ സ്ഥാപനങ്ങളില്‍ നിന്ന് ഉപഭോക്താവിന്‍റെ സാധനങ്ങള്‍ നഷ്ടമാകുന്നതിലും സ്ഥാപനത്തിന് ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. പാര്‍ക്കിംഗ് ടിക്കറ്റ് ഉപഭോക്താവിന് സ്ഥാപനവുമായുള്ള കോണ്‍ട്രാക്റ്റ് ആയി കണക്കാക്കണമെന്നും കോടതി വ്യക്തമാക്കി.