പൊലീസോ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോ നടത്തുന്ന വാഹന പരിശോധനയ്ക്കിടെ അമ്പരപ്പിക്കുന്ന പിഴ കേട്ട് ഞെട്ടുന്നവരെ കുറിച്ച് കേട്ടിട്ടില്ലേ? 20000 രൂപ വിലയുള്ള സ്‍കൂട്ടറിന് 40000 രൂപയോളം ട്രാഫിക്ക് ഫൈനായി ലഭിച്ച വാര്‍ത്ത പുറത്തുവന്നത് അടുത്തിടെയാണ്. ഇങ്ങനെ ഏറെക്കാലമായി അടയ്ക്കാതെ കിടക്കുന്ന ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴത്തുകള്‍ കൂടി ഭീമന്‍ സംഖ്യയാകുന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് പതിവാണ്. പലരും ഇതേപ്പറ്റി ബോധവാന്മാരല്ലാത്തതിനാലാവും ഇങ്ങനെ സംഭവിക്കുന്നത്. 

തങ്ങളുടെ വാഹനത്തിന് ചലാൻ ഉണ്ടോ എന്ന് എങ്ങനെ അറിയാം എന്ന് പലരും ചിന്തിക്കുന്നുണ്ടാകും.  ഇപ്പോവിതാ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണവുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. ഔദ്യോഗിക ഫേസ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യങ്ങളെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നത്. 

ചലാന്‍ ഉണ്ടെങ്കിൽ അതിൻറെ വിശദവിവരങ്ങൾ അറിയുന്ന വിധവും പിഴ എങ്ങനെ, എവിടെയെല്ലാം അടക്കാമെന്നും രസീത് എങ്ങനെ സൂക്ഷിക്കാമെന്നുമൊക്കെ വ്യക്തമാക്കുകയാണ് അധികൃതര്‍. പ്പം വാഹനത്തിന്റെ രേഖകളും ലൈസൻസും ഡിജിറ്റൽ രൂപത്തിൽ നിയമാനുസൃതം സൂക്ഷിക്കുന്നതിനും പരിശോധനക്ക് ഹാജരാക്കുന്നതിനുമൊക്കെയുള്ള മാര്‍ഗ്ഗങ്ങളും അധികൃതര്‍ പങ്കുവയ്ക്കുന്നു.