ന്യൂ വെഹിക്കിൾ സേഫ്റ്റി അസ്സസ്സ്മെന്റ് പ്രോഗ്രാം (NCAP) എന്ന പേരിലാണ് പുതിയ വാഹന മോഡലുകൾ പുറത്തിറങ്ങുന്നതിനു മുൻപും പുറത്തിറങ്ങിയ ഉടനേയുമൊക്കെയായി നടക്കുന്ന ക്രാഷ് ടെസ്റ്റുകൾ അറിയപ്പെടുന്നത്. സുരക്ഷയെ സംബന്ധിച്ചുള്ള ഒരു പൊതുവിലയിരുത്തൽ എന്നതിനപ്പുറം ഈ ടെസ്റ്റുകൾക്കും സ്കോറുകൾക്കുമൊക്കെ അമിത പ്രാധാന്യം നൽകുന്നതിൽ വലിയ കാര്യമില്ല എന്നാണ് വാഹന വിദഗ്ധർ പറയുന്നത്

കാർ വിപണിയിലെ പുതുതരംഗമാണ് ക്രാഷ് ടെസ്റ്റ് സ്കോറുകളുടെ പേരിലുള്ള പരസ്യങ്ങളും മത്സരവും. സുരക്ഷയാണ് ഇവിടെ പ്രധാനമായും ചർച്ചയാകുന്നത്. നിർമ്മാണ കമ്പനി മുതൽ, ഡിസൈൻ, സൗകര്യങ്ങൾ, വില, ആവശ്യം എന്നിങ്ങിനെ വിവിധ വസ്തുതകൾ കണക്കിലെടുത്താണ് വാഹനം ഏതു വേണം എന്ന തീരുമാനത്തിലേക്ക് ഉപഭോക്താക്കൾ എത്തുക. എന്നാൽ ഇതിനെല്ലാം ഒപ്പമോ അതിൽ കൂടുതലായോ ഇന്ന് ആളുകൾ ശ്രദ്ധിക്കുന്ന കാര്യമാണ് വാഹനങ്ങളുടെ സുരക്ഷ. സൗകര്യങ്ങളും സംവിധാനങ്ങളും ഒക്കെ മറികടന്ന് സുരക്ഷയെക്കുറിച്ചുള്ള ചിന്ത ഉപഭോക്താക്കൾക്കും പ്രധാനമായത് ഈ രംഗത്ത് പുതിയ പല പുതിയ കീഴ്വഴക്കങ്ങളും സൃഷ്ടിച്ചുകഴിഞ്ഞു.

ന്യൂ വെഹിക്കിൾ സേഫ്റ്റി അസ്സസ്സ്മെന്റ് പ്രോഗ്രാം (NCAP) എന്ന പേരിലാണ് പുതിയ വാഹന മോഡലുകൾ പുറത്തിറങ്ങുന്നതിനു മുൻപും പുറത്തിറങ്ങിയ ഉടനേയുമൊക്കെയായി നടക്കുന്ന ക്രാഷ് ടെസ്റ്റുകൾ അറിയപ്പെടുന്നത്. വാഹനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി മാനദണ്ഡങ്ങൾ പരിശോധിച്ച് സ്കോറിങ്ങ് നൽകുകയാണ് ഈ പ്രോഗ്രാമുകൾ ചെയ്യുന്നത്. വാഹനത്തിന്റെ ആകൃതി മുതൽ സീറ്റ് ബെൽറ്റ്, എയർ ബാഗുകൾ, മുന്നറിയിപ്പിനുള്ള സംവിധാനങ്ങൾ, ബ്രേക്കിംഗ് ടെക്നോളജി, ടയറുകളുടെ വലുപ്പം എന്നിങ്ങിനെ പല കാര്യങ്ങളും ഇതിന്റെ ഭാഗമായി വിലയിരുത്തപ്പെടും. എന്നാൽ അതിനേക്കാളൊക്കെ ഈ പ്രോഗ്രാമുകളിലെ ടെസ്റ്റുകളിൽ നിർണ്ണായകമാകുന്നത് അവരുടെ ലാബുകളിലോ നിയന്ത്രിത സാഹചര്യങ്ങളിലോ ഈ ടെസ്റ്റുകൾ സംഘടിപ്പിക്കുന്ന ഏജൻസികൾ നടത്തുന്ന കൃത്രിമ അപകടപരീക്ഷണങ്ങളാണ്. അത്തരം അപകടങ്ങളിൽ വാഹനത്തിലെ സുരക്ഷാസംവിധാനങ്ങൾ എത്രത്തോളം പ്രവർത്തിക്കുന്നു, വാഹനത്തിന്റെ ബോഡിയും മറ്റുഭാഗങ്ങളും എത്രത്തോളം ആഘാതത്തെ താങ്ങുന്നു എന്നെല്ലാം വിലയിരുത്തിയാണ് ഈ സ്കോറിങ്ങ്.

ലോകത്താകമാനമായി പത്ത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസ്സസ്സ്മെന്റ് പ്രോഗ്രാമുകളാണ് (NCAP) ഇപ്പോൾ പ്രധാനമായും നിലവിലുള്ളത്. ഇതിൽ യൂറോ എൻകാപ് പോലുള്ള പ്രോഗ്രാമുകൾ അതത് രാജ്യങ്ങളുടെ ഔദ്യോഗിക ഏജൻസികളുടെ ഭാഗമായും പിന്തുണയോടെയും ഒക്കെ പ്രവർത്തിക്കുന്നവയാണ്. അതുകൊണ്ടുതന്നെ അവരുടെ മാനദണ്ഡങ്ങൾക്കും പരിശോധനകൾക്കും നിശ്ചിത നിലവാരം കൂടിയേ തീരൂ. ഇന്ത്യയിൽ ഇറങ്ങുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ടുവന്ന സംവിധാനമാണ് ഭാരത് ന്യൂ വെഹിക്കിൾ സേഫ്റ്റി അസ്സസ്മെന്റ് പ്രോഗ്രാം. ഈ പ്രോഗ്രാമിന്റെ ഭാഗമായുള്ള ഫലങ്ങൾ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയിൽ ഇറങ്ങുന്ന പുതിയ മോഡൽ വാഹനങ്ങൾ ഈ ടെസ്റ്റിനു വിധേയമാകുന്നുണ്ട്.

എന്നാൽ പൊതുവേ സുരക്ഷയെ സംബന്ധിച്ചുള്ള ഒരു പൊതുവിലയിരുത്തൽ എന്നതിനപ്പുറം ഈ ടെസ്റ്റുകൾക്കും സ്കോറുകൾക്കുമൊക്കെ മാത്രം അമിത പ്രാധാന്യം നൽകുന്നതിൽ വലിയ കാര്യമില്ല എന്നാണ് വാഹനഗതാഗതരംഗത്തെ വിദഗ്ധർ തന്നെ പറയുന്നത്. കാരണം നിയന്ത്രിത സാഹചര്യങ്ങളിൽ കൃത്രിമമായി സൃഷ്ടിക്കുന്ന അപകടവും യഥാർത്ഥ അപകടവും തമ്മിൽ പലപ്പോഴും വലിയ ബന്ധമൊന്നുമുണ്ടാകില്ല. പിന്നെ യൂറോപ്യൻരാജ്യങ്ങളിലെ റോഡോ സാഹചര്യങ്ങളോ ഭൂപ്രകൃതി പോലുമോ അല്ല ഏഷ്യൻ രാജ്യങ്ങളിൽ. അതുകൊണ്ട് അവിടെ, അവിടുത്തെ മാനദണ്ഡങ്ങൾ അനുസരിച്ചു നടന്ന ഒരു ടെസ്റ്റും സ്കോറും ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വലിയ പ്രയോജനമൊന്നും ചെയ്യില്ല. മാത്രമല്ല ക്രാഷ് ടെസ്റ്റിൽ പരാജയപ്പെട്ട ചില കാറുകൾ വലിയ അപകടങ്ങളിൽ പെട്ടാലും യാത്രക്കാർ ഒരു പോറലുപോലും ഏൽക്കാതെ രക്ഷപ്പെടുന്നത് കാണാറുണ്ട്. ടെസ്റ്റിൽ അഞ്ചു സ്റ്റാർ നേടിയ വണ്ടി അപകടത്തിൽ പെട്ട് യാത്രക്കാർക്ക് മരണം വരെ സംഭവിക്കാറുമുണ്ട്. 

ഇതെല്ലാം ശരിയായി നടക്കുന്ന NCAP പ്രോഗ്രാമുകളിൽ തന്നെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണെങ്കിൽ ഈ രംഗത്തെ വാണിജ്യ താല്പര്യങ്ങൾ മറ്റു ചില പ്രവണതകൾക്കും തുടക്കമിട്ടിട്ടുണ്ട്. NCAP പ്രോഗ്രാമുകൾ നടത്തി ഫലം പറയുന്ന സ്വകാര്യ സ്ഥാപനങ്ങളും ഏജൻസികളുമാണവ. ഗ്ലോബൽ NCAP, IIHS പോലുള്ള പ്രോഗ്രാമുകൾ നടപ്പാക്കുന്നത് പ്രൈവറ്റ് സ്ഥാപനങ്ങളാണ്. ഇതിൽ ഇന്ത്യയിൽ ഏറ്റവും അധികം കേട്ടുവരുന്ന, പല പരസ്യങ്ങളിലും ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന ഗ്ലോബൽ NCAP യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്വകാര്യ സ്ഥാപനമാണ്. മലേഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി റിസേർച്ചുമായി ചേർന്ന് ഏഷ്യൻ NCAP എന്നൊരു പ്രോഗ്രാമും ഇവരുടേതായുണ്ട്. ഇന്ത്യയിലേയും ആഫ്രിക്കയിലേയും മാത്രം കാറുകളുടെ സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ്, യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന, ടെസ്റ്റുകളും പരിശോധനകളുമെല്ലാം യൂറോപ്പിൽ തന്നെ നടത്തുന്ന ഗ്ലോബൽ NCAPന്റെ ലക്ഷ്യമെന്നതു തന്നെ അതിനു പിന്നിലെ വാണിജ്യതാല്പര്യങ്ങളിലേക്കുള്ള സൂചനയാണ്.

സ്പോൺസർമാരിൽനിന്നും നിർമ്മാതാക്കളിൽ നിന്നും പണം വാങ്ങി നടത്തുന്നവയാണ് തങ്ങളുടെ പല ടെസ്റ്റുകളുമെന്ന് ഗ്ലോബൽ NCAPന് ഈയിടെ തുറന്നു സമ്മതിക്കേണ്ടിവന്നു. ഗ്ലോബൽ NCAP പോലുള്ള സ്വകാര്യ ഏജൻസികൾ തങ്ങൾക്ക് പണം നൽകാത്ത വാഹനനിർമ്മാതാക്കളുടെ വാഹനങ്ങളുടെ സുരക്ഷ മോശമാക്കുന്ന രീതിയിൽ മാനദണ്ഡങ്ങൾ സൃഷ്ടിച്ച് സ്കോർ കുറക്കുന്നതും പണം നൽകുന്ന നിർമ്മാതാക്കളുടെ വാഹനങ്ങളുടെ ടെസ്റ്റുകൾ അവർക്കനുകൂലമായി ചിത്രീകരിക്കുന്നതുമൊക്കെ ഇതിനകം ഈ രംഗത്ത് ഗവേഷണം ചെയ്യുന്ന വ്യക്തികളും സ്ഥാപനങ്ങളുമൊക്കെ പുറത്തുകൊണ്ടുവന്നു കഴിഞ്ഞു.

അതിനാൽ വാഹനത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള നമ്മുടെ ശ്രദ്ധ ചില കച്ചവടതാല്പര്യങ്ങൾക്ക് ചൂഷണം ചെയ്യാനുള്ളതായി മാറാതിരിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. ഇന്ത്യയിൽ ഇറങ്ങുന്ന എല്ലാ കാറുകളും ക്രാഷ് ടെസ്റ്റ് നടത്തുന്നവയല്ല. മാത്രമല്ല പല നിർമ്മാതാക്കളും അവർ വിപണിയിൽ ഇറക്കുന്ന ചില കാറുകൾക്ക് ക്രാഷ് ടെസ്റ്റ് നടത്തുകയും മറ്റു ചില മോഡലുകൾക്ക് ടെസ്റ്റ് നടത്താതിരിക്കുകയും ചെയ്യുന്നതായും കാണാം. അതിനാൽ തന്നെ വാഹനങ്ങളുടെ സുരക്ഷ നിർണ്ണയിക്കുന്നതിന് ക്രാഷ് ടെസ്റ്റ് സ്കോറിനെ കൂടുതലായി ആശ്രയിക്കുന്നതും അതുമാത്രം വിലയിരുത്തി വാഹനം വാങ്ങുന്നതിലെ തീരുമാനം എടുക്കുന്നതും വലിയ അബദ്ധമായിരിക്കും.