Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗണിന് ശേഷമുള്ള യാത്രകള്‍ എങ്ങനെ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

ആരോഗ്യ പൂർണ്ണമായ ഭാവിക്കായുള്ള കാര്യങ്ങൾക്കായി സ്വായത്തമാക്കാവുന്ന ചില ശീലങ്ങളെക്കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

How travel after lock down days
Author
Trivandrum, First Published Apr 27, 2020, 2:38 PM IST

കർശനമായ ലോക്ക് ഡൗൺ കഴിഞ്ഞ് ഇളവുകൾ വരാൻ പോകുന്ന കാലമാണ്. നിയന്ത്രണങ്ങളുടെ ചങ്ങലക്കെട്ടിൽ നിന്ന് പലരും ലക്കും ലഗാനവുമില്ലാതെ നിരത്തിലേക്കിറങ്ങാൻ തുടങ്ങുന്ന സമയം. സ്വന്തം ഇടത്തില്‍ നിന്നും പൊതു നിരത്തിലേക്ക് ഇറങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും ധാരണ കുറവായിരിക്കും. ആരോഗ്യ പൂർണ്ണമായ ഭാവിക്കായുള്ള കാര്യങ്ങൾക്കായി സ്വായത്തമാക്കാവുന്ന ചില ശീലങ്ങളെക്കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് പറയുന്ന ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ.

  • പുറത്തേക്കിറങ്ങുമ്പോൾ ഒരാൾക്ക് ചെയ്യാൻ സാധിക്കുന്ന കാര്യത്തിന് കുടുംബം ഒന്നടങ്കം പുറത്തിറങ്ങേണ്ടതില്ലല്ലോ. ഏറ്റവും കുറവ് അംഗങ്ങൾ മാത്രം പുറത്തേക്കിറങ്ങാം. അനാവശ്യ യാത്രകൾ ഒഴിവാക്കാം
  • ഇരുചക്രവാഹനങ്ങളിലെ യാത്രകളിൽ മുഖം മുഴുവൻ മൂടുന്ന ഹെൽമെറ്റ് ധരിക്കുകയും ഗ്ലാസ് എല്ലാ സമയവും താഴ്ത്തി ഇടുകയും ചെയ്യണം. പുറകിൽ യാത്ര സ്വന്തം അടുത്ത കുടുംബാംഗമല്ലെങ്കിൽ നിരോധിച്ചിരിക്കുകയാണെന്ന് അറിയാമല്ലൊ
  • സ്വന്തം കുടുംബാംഗങ്ങൾ അല്ലാത്ത പരിചയക്കാർക്ക് വഴിയിൽ നിന്ന് ലിഫ്റ്റ് കൊടുക്കുന്നത് ഇപ്പോൾ വേണ്ട
  • വാഹനങ്ങളിൽ ഒരു സാനിറ്റൈസർ സ്ഥിരമായി സൂക്ഷിക്കുകയും, ഇടക്കിടക്ക് കൈകൾ അണുവിമുക്തമാക്കുകയും ചെയ്യുന്നത് നന്നാവും.
  • വാഹനങ്ങൾ അണുവിമുക്തമാക്കാൻ സഹായിക്കുന്ന സൊലൂഷൻ ഒരു ബോട്ടിൽ സ്പ്രേയറിൽ വാഹനത്തിൽ എപ്പോഴും കരുതണം. ശ്രദ്ധിക്കുക മിക്കവാറും മാർക്കറ്റിൽ കിട്ടുന്ന അണുനാശിനികൾ ഉപയോഗിച്ചാൽ ലോഹഭാഗങ്ങൾ തുരുമ്പ് (Corrosive) എടുക്കാൻ സാധ്യത ഉണ്ട്. ആയത് ഒഴിവാക്കണം (QAC- Quaternary ammonium compound 5ml/lit സുരക്ഷിതവും ദുർഗന്ധമൊ കൊറോസീവ് സ്വഭാവം ഇല്ലാത്തതും ആണ്)
  • ഓരോ യാത്രകൾക്ക് ശേഷവും വാഹനം അണുവിമുക്തമാക്കണം
  • ഇടക്കിടക്ക് സോപ്പ് സൊലൂഷൻ ഉപയോഗിച്ച് കഴുകുകയൊ, സർവ്വീസ് ചെയ്യുന്നത് ശീലമാക്കുക
  • ടാക്സി വാഹനങ്ങൾ നിർബന്ധമായും ഏസി ഉപയോഗിക്കാതെ ഗ്ലാസുകൾ തുറന്നിട്ട് സഞ്ചരിക്കുക. മഴയുള്ളപ്പോൾ കഴിയുന്നതും യാത്ര ഒഴിവാക്കുക. ഓട്ടോറിക്ഷയിലും ടാക്സി കാറിലും പരമാവധി രണ്ടു പേർക്കു മാത്രമേ സഞ്ചാരം അനുവദിച്ചിട്ടുള്ളൂ എന്നറിയുക
  • ഇന്നത്തെ സാഹചര്യത്തിൽ വാഹനങ്ങൾ സുഹൃത്തുക്കൾക്ക് ഉപയോഗിക്കാൻ നൽകാതിരിക്കാം
  • യാത്രകളില്‍ കഴിയുന്നതും കഴുകി പുനരുപയോഗിക്കാവുന്ന  കോട്ടൺ മാസ്‍കുകൾ ഉപയോഗിക്കാം. ഡിസ്പോസബിൾ മാസ്‍കുകൾ പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്നത് കുറ്റകരമാണെന്ന് അറിയുക
  • ബസിൽ നിന്ന് യാത്ര ചെയ്യുന്നത് അനുവദനീയമല്ലെന്ന് അറിയുക. ബസിൽ കയറുന്ന സമയം തിരക്ക് ഉണ്ടാക്കാതെ സ്പർശനം ഒഴിവാക്കി അകലം പാലിച്ചു ക്യൂ നിന്ന് മാത്രമെ പ്രവേശിക്കാവൂ. പുറകിലെ വാതിൽ കയറുന്നതിനും മുൻപിലത്തേത് ഇറങ്ങുന്നതിനുമായി ഉപയോഗം ക്രമപ്പെടുത്താം
  • വാഹനത്തിൽ ഇരുന്ന് പുറത്തേക്ക് തുപ്പുന്നത് കർശനമായി നിരോധിച്ചിരിക്കുന്നു. പൊതു സ്ഥലത്ത് എല്ലാവരും നിർബന്ധമായി മാസ്‍ക് ധരിക്കേണ്ടതും, കൈകൾ സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് ശുചിയാക്കി വയ്ക്കേണ്ടതുമാണ്
  • യാത്രാ ഉദ്ദേശ്യം വ്യക്തമാക്കുന്ന രേഖകൾ എപ്പോഴും വാഹനത്തിലോ കൈവശമൊ കരുതുക. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ തന്നെ കാണിക്കുക. മണിക്കൂറുകളോളം ചുട്ടുപൊള്ളുന്ന വെയിലത്ത് നിൽക്കുന്ന അവർക്കറിയില്ലാലൊ വാഹനത്തിലുള്ളവർ എന്താവശ്യത്തിനാണ് പോകുന്നത് എന്ന് . അവരോട് മാന്യമായും സാഹൃദപൂർവ്വവും പെരുമാറുക എന്നതാണ് നമുക്ക് നൽകാൻ കഴിയുന്ന സേവനം
  • വാഹനങ്ങൾ മാറി മാറി ഉപയോഗിക്കേണ്ടി വരുന്ന സർക്കാർ വിഭാഗങ്ങൾ, ടാക്സി / ചരക്ക് തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് പ്രത്യേക ശ്രദ്ധ വേണം.
  • യാത്ര ചെയ്യുന്നവർ വ്യക്തി ശുചിത്വം പാലിക്കുക. വാഹനത്തിൽ നിന്ന് ഇറങ്ങിയശേഷം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. നമ്മൾ സ്പർശിക്കുന്ന പ്രതലങ്ങളിൽ വൈറസ് സാന്നിധ്യം ഉണ്ടെങ്കിൽ പോലും ശരീരത്തിൽ വൈറസ് കയറരുത് എന്നതാവണം ലക്ഷ്യം.
  • യാത്ര കഴിഞ്ഞ് തിരികെ വീട്ടിൽ എത്തുമ്പോൾ സോപ്പ് ഉപയോഗിച്ച് കുളിച്ച് വസ്ത്രങ്ങൾ സോപ്പ് വെള്ളത്തിൽ മുക്കിവച്ചതിന് ശേഷം വീട്ടിൽ പ്രവേശിക്കുക. പ്രായമായ അച്ഛനമ്മമാർക്കും, കുട്ടികൾക്കും നാമെന്തിന് ദുരിതം നൽകണം.
  • വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴും പൈസ കൈകാര്യം ചെയ്യുമ്പോഴും കൈ മുഖത്തും നാവിലും സ്പർശിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
  • റോഡിൽ വാഹനങ്ങൾ കുറവാണെന്നു കരുതി അമിത വേഗതയും , മൊബൈൽ ഉപയോഗവും, ആഘോഷവും, ഡ്രൈവിംഗ് പഠനവുമെല്ലാം ഒഴിവാക്കാം .. പക്ഷെ സീറ്റ് ബെൽറ്റ് ഒഴിവാക്കരുത്. ഇപ്പോൾ ആസ്പത്രിയിൽ പ്രവേശിപ്പിക്കാൻ പറ്റിയ സമയമല്ലെന്നോർക്കുക
  • സ്വന്തം വാഹനത്തിനുള്ളിലാണെങ്കിലും പൊതുനിരത്തിൽ മാസ്ക് ധരിക്കുന്നത് ശീലമാക്കാം
  • രോഗികളെയും മറ്റ് ക്യാറന്റൈനിലേക്ക് പ്രവേശിക്കേണ്ടുന്ന യാത്രക്കാരെയും കൊണ്ടു പോകേണ്ടുന്ന വാഹനങ്ങൾ കർശനമായ പ്രോട്ടോക്കോൾ പാലിക്കണമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ
  • പുറത്ത് പോയി ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കുന്നതും വാഹനത്തിൽ ഇരുന്ന് കഴിച്ച് അവശിഷ്ടങ്ങളും, ഒഴിഞ്ഞ വെള്ള കുപ്പികളും പുറത്തേക്ക് എറിയുന്നതും ഒഴിവാക്കണം
  • പനിയോ ചുമയോ മറ്റേതെങ്കിലും രോഗലക്ഷണമേ ഉള്ളവർ സ്വയമേവ പൊതു സ്ഥലത്ത് പ്രവേശിക്കുകയൊ പൊതുഗതാഗതം ഉപയോഗിക്കുകയൊ ചെയ്യാതിരിക്കുക

കടപ്പാട്: മോട്ടോര്‍വാഹന വകുപ്പിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

Follow Us:
Download App:
  • android
  • ios