വരുന്ന മൂന്നുവര്‍ഷത്തിനകം രാജ്യത്ത് 5,000 പുതിയ ഇ വി ചാർജിങ് കേന്ദ്രങ്ങള്‍ (EV charging stations) തുറക്കാനാണ് എച്ച്പിസിഎൽ (HPCL) പദ്ധതിയിടുന്നതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

രാജ്യത്ത് പുതിയ ഇവി ചാർജിങ് കേന്ദ്രങ്ങള്‍ (EV charging stations) തുറക്കാൻ പൊതുമേഖലാ എണ്ണക്കമ്പനിയായ എച്ച്പിസിഎൽ (HPCL) ഒരുങ്ങുന്നു. വരുന്ന മൂന്നുവര്‍ഷത്തിനകം രാജ്യത്ത് 5,000 പുതിയ ഇ വി ചാർജിങ് കേന്ദ്രങ്ങള്‍ (EV charging stations) തുറക്കാനാണ് എച്ച്പിസിഎൽ (HPCL) പദ്ധതിയിടുന്നതെന്ന് ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ കേന്ദ്രങ്ങൾ മിക്കതും ഇപ്പോഴുള്ള പെട്രോൾ പമ്പുകളിൽ തന്നെയാവും സജ്ജീകരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

എച്ച്‍പിസിഎല്‍ ഭാവിയിലെ മാറ്റങ്ങൾക്കായി തയാറെടുക്കുകയാണെന്ന് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം കെ സുരാന വ്യക്തമാക്കി. ജൈവ ഇന്ധനവും വൈദ്യുത വാഹനവും ഹൈഡ്രജനുമൊക്കെയാവും ഭാവിയിലെ വളർച്ചാ സാധ്യതകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം, വൈദ്യുത വാഹന ചാർജിങ് കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കാനുള്ള തീരുമാനം ഇന്ധനങ്ങൾക്കുള്ള ആവശ്യം ഇടിയുമെന്നതിന്റൈ സ്ഥിരീകരണമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും സുരാന പറഞ്ഞു. വാഹന ഉടമകൾക്ക് ആവശ്യമായ ഊർജ സ്രോതസുകളെല്ലാം കമ്പനി ഔട്ട്ലെറ്റിൽ ലഭ്യമാക്കാനാണു ശ്രമം. ആരെങ്കിലും വൈദ്യുത വാഹന ബാറ്ററി ചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള സൗകര്യവും എച്ച് പി സി എൽ പമ്പുകളിൽ ലഭ്യമാവുമെന്ന് അദ്ദേഹം വിശദീകരിച്ചു.

വൈദ്യുത വാഹനങ്ങൾ പ്രചാരത്തിലെത്താൻ സമയമെടുത്തേക്കാം. എന്നാൽ ഇ വികൾ വ്യാപകമാവുന്ന കാലത്തിനു മുമ്പുതന്നെ ചാർജിങ് സ്റ്റേഷനുകൾ സജ്ജമാക്കി തയാറെടുക്കാനാണ് എച്ച് പി സി എല്ലിന്റെ പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യവ്യാപകമായി 19,000 പെട്രോൾ പമ്പുകളാണ് എച്ച് പി സിഎല്ലിനുള്ളത്. കൂടാതെ ദശാബ്‍ദങ്ങളടെ പ്രവർത്തന പരിചയും ദൃഢമായ ബ്രാൻഡ് ലോയൽറ്റിയും കമ്പനിക്കുണ്ട്. ഈ അനുകൂല സാഹചര്യങ്ങൾ പ്രയോജനപ്പെടുത്തി വൈദ്യുത വാഹന ചാർജിങ് മേഖലയിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാനാണ് നീക്കം എന്നും കമ്പനി പറയുന്നു. ഇതിനകം തന്നെ രാജ്യത്തെ 84 പെട്രോൾ പമ്പുകളിൽ എച്ച് പി സി എൽ ഇലക്ട്രിക്ക് വാഹന ബാറ്ററി ചാർജിങ് സ്റ്റേഷനുകൾ തുറന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.