ഐസിഇ വാഹനങ്ങൾക്കുള്ള ജിഎസ്‍ടി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാൽ ഇത് ഇലക്ട്രിക് കാറുകളുടെ വിൽപ്പനയെ ബാധിച്ചേക്കുമെന്ന് എച്ച്എസ്ബിസി റിപ്പോർട്ട്.

പെട്രോൾ, ഡീസൽ എഞ്ചിനുകൾ അഥവാ ഇന്റേണൽ കംബസ്റ്റൻ എഞ്ചിൻ (ICE) വാഹനങ്ങൾക്കുള്ള ജിഎസ്‍ടി കുറയ്ക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സർക്കാർ. നിലവിലുള്ള രണ്ട് സ്ലാബുകൾ ഒഴിവാക്കിക്കൊണ്ട് ജിഎസ്ടി ചട്ടക്കൂട് പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമത്തിലാണ് കേന്ദ്രം. 12 ശതമാനവും 28 ശതമാനവും നികുതി ഒഴിവാക്കാനാണ് നീക്കം. ഇത് നടപ്പിലാക്കിയാൽ, പരിഷ്‍കരണം എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളുടെ നികുതിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. എന്നാൽ ചെറുകാറുകളുടെ ജിഎസ്‍ടി കുറയ്ക്കൽ ഇലക്ട്രിക് കാറുകൾക്ക് തിരിച്ചടിയായേക്കാം എന്ന് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് എച്ച്എസ്ബിസി ഇൻവെസ്റ്റ്മെന്റ് റിസർച്ച് റിപ്പോർട്ട് . ഈ നികുതി കുറയ്ക്കൽ രാജ്യത്തെ വൈദ്യുത വാഹന വ്യവസായത്തെ ബാധിച്ചേക്കുമെന്നാണ് എച്ച്എസ്ബിസി ഇൻവെസ്റ്റ്മെന്റ് റിസർച്ച് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഇത്തരമൊരു നീക്കം പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ആവശ്യകതയെ പ്രോത്സാഹിപ്പിക്കുകയും ഹ്രസ്വകാല തൊഴിൽ നേട്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തേക്കാമെങ്കിലും ഇത് സർക്കാർ വരുമാനം കുറയ്ക്കുമെന്നും എച്ച്എസ്ബിസി മുന്നറിയിപ്പ് നൽകി. പുതിയ ജിഎസ്ടി സംവിധാനത്തിന് കീഴിലുള്ള രണ്ട് സ്ലാബുകൾ ഒഴിവാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. 12 ശതമാനം, 28 ശതമാനം ജിഎസ്‍ടി സ്ലാബുകൾ സർക്കാർ ഒഴിവാക്കും. ഇതിനുപുറമെ, ചെറിയ കാറുകളുടെ ജിഎസ്ടി 28 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറയ്ക്കാനും വലിയ കാറുകളുടെ സെസ് നീക്കം ചെയ്തുകൊണ്ട് 40 ശതമാനത്തിന്റെ പുതിയ പ്രത്യേക നിരക്ക് നടപ്പിലാക്കാനും സാധ്യതയുണ്ട്. ഇത് ചെറിയ കാറുകളുടെ വില ഏകദേശം എട്ട് ശതമാനവും വലിയ കാറുകളുടെ വില മൂന്ന് മുതൽ അഞ്ച് ശതമാനവും കുറയ്ക്കും. ജിഎസ്ടി കുറയ്ക്കുന്നത് പെട്രോൾ, ഡീസൽ വാഹനങ്ങളുടെ ആവശ്യം വർദ്ധിപ്പിക്കുമെന്നും തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുമെന്നും എച്ച്എസ്ബിസി റിപ്പോർട്ട് പറയുന്നു. എന്നാൽ സമീപഭാവിയിൽ ഇത് സർക്കാരിന്റെ വരുമാനത്തിൽ കുറവുണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഈ തീരുമാനം നടപ്പിലായാൽ ഓട്ടോമോട്ടീവ് മേഖലയ്ക്ക് മൂന്ന് സാഹചര്യങ്ങളെ നേരിടേണ്ടിവരുമെന്ന് എച്ച്എസ്ബിസി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഇരുചക്ര വാഹന നിർമ്മാതാക്കൾ ലാഭത്തിലായേക്കും എന്നതാണ് ആദ്യത്തേത്. പ്രത്യേകിച്ച് ആഭ്യന്തര കമ്പനികൾക്ക് കൂടുതൽ നേട്ടമുണ്ടാകും. എങ്കിലും, ഇതിൽ സർക്കാരിന് ഏകദേശം 4-5 ബില്യൺ ഡോളർ (യുഎസ്‍ഡി) വരുമാന നഷ്‍ടമുണ്ടാകും. രണ്ടാമത്തെ സാഹചര്യം എല്ലാ വാഹനങ്ങളുടെയും ജിഎസ്ടി 28% ൽ നിന്ന് 18% ആയി കുറയ്ക്കുകയും സെസ് തുടരുകയും ചെയ്യും എന്നതാണ്. ഇത് വാഹനങ്ങളുടെ വില ആറ് മുതൽ എട്ട് ശതമാനം വരെ കുറയ്ക്കും. എങ്കിലും, സർക്കാരിന് അഞ്ച് നുതൽ ആറ് ബില്യൺ ഡോളർ വരെ നഷ്‍ടം സംഭവിച്ചേക്കും. മാത്രമല്ല ഈ കുറവ് ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) വില നേട്ടം കുറയ്ക്കും. ഇത് ഇന്ത്യയിൽ അവയുടെ വിൽപ്പനയെ മന്ദഗതിയിലാക്കിയേക്കാം. ജിഎസ്‍ടി നിരക്ക് കുറയ്ക്കുന്നതിനൊപ്പം സെസും നീക്കം ചെയ്യപ്പെടാം എന്നതാണ് മൂന്നാമത്തെ സാധ്യത. ഈ സാഹചര്യം നികുതി സമ്പ്രദായത്തെ ലളിതമാക്കും. പക്ഷേ ഓട്ടോ മേഖലയിൽ നിന്ന് സർക്കാരിന് ലഭിക്കുന്ന ജിഎസ്ടി വരുമാനത്തിന്റെ പകുതിയോളം നഷ്‍ടപ്പെട്ടേക്കാം എന്നും റിപ്പോർട്ട് പറയുന്നു.