ഐക്കണിക്ക് ഹമ്മര്‍ ബ്രാന്‍ഡിനെ ജനറല്‍ മോട്ടോഴ്‌സ് തിരികെയെത്തിക്കുന്നു എന്ന് കഴിഞ്ഞ കുറച്ചുനാളുകളായി കേട്ടുതുടങ്ങിയിട്ട്. ജിഎംസി ബ്രാന്‍ഡിന് കീഴില്‍ പൂര്‍ണ ഇലക്ട്രിക്ക് ഹമ്മര്‍ ആയി എത്തുന്ന വാഹനത്തിന്‍റെ ഔദ്യോഗിക അവതരണം മേയ് 20ന് ലാസ് വേഗാസിൽ നടക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഈ വാഹനത്തിന്‍റെ ലോഞ്ച് മാറ്റിവെച്ചതായി നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് അറിയിച്ചു. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് നടപടി. 2020  മേയ് 20ന് ഈ ഹമ്മര്‍ ഇലക്ട്രിക് പിക്ക് അപ്പ് ഔദ്യോഗികമായി അവതരിപ്പിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ഇത് അനിശ്ചിത കാലത്തേക്ക് മാറ്റിയിരിക്കുകയാണ്. 2020-ന്റെ അവസാനം എത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. ജിഎംസി എന്ന ബ്രാന്റിന് കീഴില്‍ ഹമ്മര്‍ ഇവി എന്ന പേരിലായിരിക്കും ഈ വാഹനത്തെ വില്‍പ്പനയ്‌ക്കെത്തിക്കുകയെന്നാണ് റിപ്പോര്‍ട്ട്.

ഹമ്മര്‍ ഇവിയുടെ സൈസ്, വില, റേഞ്ച് എന്നീ വിവരങ്ങള്‍ അവതരണ വേളയില്‍ മാത്രമേ പ്രഖ്യാപിക്കൂ. എന്നാല്‍, പരമ്പരാഗത ഇന്ധനങ്ങളില്‍ ഓടുന്ന വാഹനങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ മലിനീകരണ തോത് മാത്രമായിരിക്കും ഇലക്ട്രിക് ഹമ്മറിനുണ്ടാകുകയെന്ന് ജനറല്‍ മോട്ടോഴ്‌സ് വ്യക്തമാക്കുന്നു. 

മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈന്‍ ശൈലിയിലായിരിക്കും പുതിയ ഹമ്മര്‍ ഇവിയും ഒരുങ്ങുക.  ജിഎംസി ഹമ്മര്‍ ഇവി ട്രക്കിന് 1,014  ബിഎച്ച്പി കരുത്തും 15,592 എന്‍എം പരമാവധി ടോര്‍ക്കും ഉണ്ടായിരിക്കും. 15,000 ന്യൂട്ടണ്‍ മീറ്റര്‍ തന്നെയാവും ടോര്‍ക്ക്. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡ് മതിയാകും. 

ജനറല്‍ മോട്ടോഴ്‌സിന്റെ ഡെട്രോയിറ്റ് പ്ലാന്റിലായിരിക്കും ഓള്‍ ഇലക്ട്രിക് ഹമ്മര്‍ എസ്‌യുവി നിര്‍മിക്കുന്നത്. അടുത്ത വര്‍ഷം വിപണിയിലെത്തുമ്പോള്‍ റിവിയന്‍ ആര്‍1,  ടെസ്‌ല സൈബര്‍ട്രക്ക് എന്നിവയായിരിക്കും എതിരാളികള്‍.

ജനറല്‍ മോട്ടോഴ്‌സിന്റെ ആദ്യ ഇലക്ട്രിക് ട്രക്ക് ആയിരിക്കും ഹമ്മര്‍ ഇവി. ഇലക്ട്രിക് വാഹനമായിരിക്കുമ്പോഴും ഹമ്മര്‍ അതിന്റെ ഓഫ്‌റോഡ് കഴിവുകള്‍ അതേപോലെ നിലനിര്‍ത്തുമെന്ന് ജിഎംസി അറിയിച്ചു. ഇലക്ട്രിക് വാഹനമായതിനാല്‍ ശബ്ദം കുറവായിരിക്കും. വി8 പെട്രോള്‍ എന്‍ജിനാണ് ആദ്യ തലമുറ ഹമ്മര്‍ ഉപയോഗിച്ചിരുന്നത്. ഇന്ധന ഉപഭോഗത്തിന്റെ തോത് കാരണം കുടിയന്‍ എന്ന ചീത്തപ്പേര് സമ്പാദിച്ചിരുന്നു.

2010 ലാണ് ഹമ്മര്‍ ബ്രാന്‍ഡ് ജനറല്‍ മോട്ടോഴ്‌സ് നിർത്തലാക്കിയത്. സാമ്പത്തിക പ്രതിസന്ധിയും ഇന്ധനവില വര്‍ധനവുമായിരുന്നു കാരണങ്ങള്‍.  റഗ്ഗഡ് ട്രക്കിന്റെ സിവിലിയന്‍ പതിപ്പ് പരിസ്ഥിതി സൗഹൃദമല്ലെന്നതിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായ വാഹനമാണ്.

അടുത്ത നാല് വര്‍ഷത്തെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 7.7 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് ജനറല്‍ മോട്ടോഴ്‌സിന്റെ തീരുമാനം. യുഎസ്സിലെ എല്ലാ പ്ലാന്റുകളും ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് സജ്ജീകരിക്കും. ശേഷിയേറിയ പ്രീമിയം ട്രക്കുകളും എസ് യു വികളും നിർമിക്കുന്നതിലാണ് ജി എം സിയുടെ മികവെന്ന് കമ്പനി വൈസ് പ്രസിഡന്റ് ഡങ്കൻ ആൽഡ്രെഡ് പറഞ്ഞു. ‘ഹമ്മർ ഇ വി’യുടെ വരവ് ഈ മികവിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടപ്പിച്ചു.