Asianet News MalayalamAsianet News Malayalam

എണ്ണവിലയെ ഭയക്കേണ്ട, ഇനി ആനവണ്ടികള്‍ ഹൈഡ്രജനിലും ഓടും!

കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജൻ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിയും

Hydrogen and CNG bus plans for KSRTC in budget
Author
Trivandrum, First Published Jun 5, 2021, 9:15 AM IST

തിരുവനന്തപുരം: എണ്ണവിലയും കൊവിഡും ഉള്‍പ്പെടെ പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിയെ കരകയറ്റുന്ന കിടിലന്‍ പദ്ധതികളാണ് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനോടൊപ്പം ഹൈഡ്രജൻ ഇന്ധനമാക്കാനുള്ള പൈലറ്റ് പദ്ധതിക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട്.

പുത്തൻ തലമുറ ഇന്ധനമായ ഹൈഡ്രജനിൽ ഓടുന്ന പത്ത് ബസുകളാണ് കെ എസ് ആർ ടി സി ക്കുള്ള ബജറ്റിലെ സമ്മാനം. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും സിയാലിന്റെയും സഹകരണത്തോടെയാണ് ബസുകൾ നിരത്തില്‍ ഇറങ്ങുക. ഒപ്പം കെഎസ്ആർടിസിയുടെ വിഹിതമായ 10 കോടി രൂപ സർക്കാർ നൽകും. ഹൈഡ്രജൻ ഇന്ധനമാക്കി ബസുകൾ പരീക്ഷണയോട്ടം നടത്തും. ആദ്യം പത്ത് ബസുകളാവും പരീക്ഷണാടിസ്ഥാനത്തിൽ  ഇങ്ങനെ ഓടിക്കുക. ഈ പദ്ധതിയിലേക്കാണ് സർക്കാർ വിഹിതമായി പത്ത് കോടി വകയിരുത്തിയത്. 

കൂടാതെ കെഎസ്ആർടിസിയുടെ ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റുന്നതിനായി 100 കോടി അനുവദിച്ചു. 3000 ഡീസൽ ബസുകൾ സിഎൻജിയിലേക്ക് മാറ്റും. 300 കോടിരൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. കിഫ്ബിയുടെ സഹകരണത്തോടെ പുതുക്കാട് മൊബിലിറ്റി ഹബ്ബ് നിർമിക്കും. കൊല്ലത്ത് ആധുനിക ബസ് സ്റ്റാൻഡും സ്ഥാപിക്കാൻ കിഫ്ബിയിൽ തുക വകയിരുത്തുമെന്നും ബജറ്റ് പ്രഖ്യാപനത്തില്‍ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

Follow Us:
Download App:
  • android
  • ios