ടാറ്റ പഞ്ച്, മാരുതി ഇഗ്‌നിസ് എന്നിവയ്‌ക്ക് എതിരാളിയായി കമ്പനി ഒരു പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയെ തയ്യാറാക്കുന്നതായി റിപ്പോർട്ട്...

2022-ൽ ക്രെറ്റ ഫേസ്‌ലിഫ്റ്റ്, വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയുൾപ്പെടെ 5 പുതിയ മോഡലുകൾ അവതരിപ്പിക്കാൻ ഹ്യൂണ്ടായ് (Hyundai) പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനോട് അനുബന്ധിച്ച്, കമ്പനി കോന ഇവി ഫെയ്‌സ്‌ലിഫ്റ്റ്, പുതിയ ട്യൂസൺ, അയോണിക് 5 പ്യുവർ ഇവി എന്നിവ ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് പുറത്തിറക്കും.

2028 അവസാനത്തോടെ 6 പുതിയ ഇലക്ട്രിക് വാഹനങ്ങൾ (Electric Vehicles) പുറത്തിറക്കുമെന്നും ഹ്യുണ്ടായ് പ്രഖ്യാപിച്ചിട്ടുണ്ട്. സെമികണ്ടക്ടർ ചിപ്പുകളുടെ ക്ഷാമം നേരിടുന്നതിനാൽ, നിലവിലുള്ള ബുക്കിംഗുകൾ ക്ലിയർ ചെയ്യാൻ കമ്പനിക്ക് കഴിയുന്നില്ല. 2021 ഡിസംബറിലെ വിൽപ്പനയിൽ ടാറ്റ മോട്ടോഴ്‌സ് ഹ്യുണ്ടായിയെ മറികടക്കുന്നു.

ഇപ്പോഴിതാ എൻട്രി ലെവൽ സബ്-4 മീറ്റർ സബ് കോംപാക്റ്റ് എസ്‌യുവി സെഗ്‌മെന്റിലേക്ക് പ്രവേശിക്കാൻ ഹ്യുണ്ടായ് പദ്ധതിയിടുന്നതായി ഒരു പുതിയ മാധ്യമ റിപ്പോർട്ട് അവകാശപ്പെടുന്നു. ടാറ്റ പഞ്ച്, മാരുതി ഇഗ്‌നിസ് എന്നിവയ്‌ക്ക് എതിരാളിയായി കമ്പനി ഒരു പുതിയ സബ്‌കോംപാക്റ്റ് എസ്‌യുവിയെ തയ്യാറാക്കുന്നതായി ഇക്കണോമിക്ക് ടൈംസ് ഓട്ടോയെ ഉദ്ദരിച്ച് ഇന്ത്യാ കാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ മോഡലിന് ഹ്യുണ്ടായ് ആഭ്യന്തരമായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നാണ് ഈ റിപ്പോർട്ട് അവകാശപ്പെടുന്നത്. ഹ്യുണ്ടായി Ai3 എന്ന കോഡുനാമത്തില്‍ വികസിപ്പിക്കുന്ന ഈ പുതിയ CUV (കോംപാക്റ്റ് യൂട്ടിലിറ്റി വെഹിക്കിൾ) 2023-ൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായ് അടുത്തിടെ ദക്ഷിണ കൊറിയയിൽ കാസ്‌പർ എന്ന പുതിയ മൈക്രോ എസ്‌യുവി അവതരിപ്പിച്ചിരുന്നു. പുതിയ സാൻട്രോ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, ഹ്യുണ്ടായിയുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും ചെറിയ മോഡലാണ് പുതിയ മൈക്രോ എസ്‌യുവി. ഹ്യുണ്ടായ് കാസ്‌പറിന്റെ പ്രാദേശികവൽക്കരിക്കപ്പെട്ടതും പരിഷ്‌ക്കരിച്ചതുമായ പതിപ്പ് നമ്മുടെ വിപണിയിൽ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പുതിയ മോഡലുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല.

ഹ്യുണ്ടായി കാസ്‌പർ മൈക്രോ എസ്‌യുവി ദക്ഷിണ കൊറിയൻ വിപണിക്ക് വേണ്ടി രൂപകൽപ്പന ചെയ്‌തതാണ്, മാത്രമല്ല രാജ്യത്തിന്റെ ലൈറ്റ് കാർ നിയന്ത്രണങ്ങൾക്ക് അനുസൃതവുമാണ്. അളവനുസരിച്ച്, പുതിയ ഹ്യുണ്ടായ് കാസ്പറിന് 3,595 എംഎം നീളവും 1,595 എംഎം വീതിയും 1,575 എംഎം ഉയരവുമുണ്ട്, കൂടാതെ 2.4 മീറ്റർ വീൽബേസുമുണ്ട്. സാൻട്രോയെക്കാൾ ചെറുതും ഇടുങ്ങിയതുമായതിനാൽ ഇത് ഏറ്റവും ചെറിയ ഹ്യൂണ്ടായ് ആണ്.

കൊറിയൻ-സ്പെക്ക് കാസ്പറിന് രണ്ട് എഞ്ചിൻ ഓപ്ഷനുകളുണ്ട് - 76 ബിഎച്ച്പി, 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, പുതിയ 100 ബിഎച്ച്പി, 1.0 ലിറ്റർ ടർബോചാർജ്‍ഡ് പെട്രോൾ. രണ്ട് എഞ്ചിനുകളും 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കും.