എസ്‍യുവി ശ്രേണിയിലേക്ക് പുതിയ ഒരു വാഹനം അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ബെയോണ്‍ എന്ന ഈ വാഹനം ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ബെയോണ്‍ എസ്.യു.വിയുടെ ടീസര്‍ ചിത്രങ്ങള്‍ ഹ്യുണ്ടായി പുറത്തുവിട്ടതായി കാര്‍ വാലെ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ എസ്.യു.വിയുടെ ഡിസൈന്‍ സംബന്ധിച്ച് സൂചനകൾ ടീസർ നല്‍കുന്നു. പിന്‍ഭാഗത്തെ ഡിസൈന്‍ വെളിപ്പെടുത്തുന്ന ടീസര്‍ ഹ്യുണ്ടായി നേരത്തെ പുറത്തുവിട്ടിരുന്നു. ഇന്ത്യയിലെ ഹ്യുണ്ടായിയുടെ ഇലക്ട്രിക് എസ്.യു.വിയായ കോനയുടെ മുഖഭാവവുമായി സാമ്യമുള്ള മുന്‍വശമാണ് ബെയോണിന്.

ഹ്യുണ്ടായിയുടെ എസ്.യു.വികളായ കോന, ടൂസോണ്‍, നെക്സോ, സാന്റാ ഫേ തുടങ്ങിയ മോഡലുകളുടെ പിന്തുടര്‍ച്ചക്കാരനായാണ് ബയോണ്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എസ്.യു.വിയുടെ വലിപ്പം നാല് മീറ്ററില്‍ താഴെയാണ്. ഫ്രാന്‍സിലെ പ്രധാന നഗരമായ ബയോണ്‍ എന്ന പേരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കമ്പനി മോഡലിന് ഈ പേര് നല്‍കിയിരിക്കുന്നത് എന്നാണ് സൂചന. 

ഈ വാഹനം ചില രാജ്യങ്ങളില്‍ ഐ20 ആക്ടീവിന് പകരക്കാരനായായിരിക്കും എത്തുക. ബെയോണ്‍ ആദ്യമായി യൂറോപ്യന്‍ വിപണിയിലായിരിക്കും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വാഹനം ഇന്ത്യയില്‍ എത്തുമോ എന്ന് വ്യക്തമല്ല.