ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി ഓണ്‍ലൈന്‍ വില്‍പ്പനയ്ക്കായി തുടങ്ങിയ ക്ലിക്ക് ടു ബൈ എന്ന പ്ലാറ്റ് ഫോമിന് മികച്ച പ്രതികരണം. 2020 മാര്‍ച്ചില്‍ തുടങ്ങിയ ഈ പ്ലാറ്റ്‌ഫോമിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് നിര്‍മ്മാതാക്കള്‍ക്ക് വ്യക്തമാക്കി. 

ഇതുവരെ ഏകദേശം 15 ലക്ഷം ആളുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ എത്തിയെന്നാണ് കമ്പനി പറയുന്നത്. 1,900 -ല്‍ അധികം ബുക്കിങ്ങുകളും 20,000 -ല്‍ അധികം രജിസ്ര്‌ടേഷനും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ നടന്നുവെന്നും കമ്പനി വ്യക്തമാക്കുന്നു.

ഈ പ്ലാറ്റ്‌ഫോം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഭാവിയിലെ റീട്ടെയില്‍ അനുഭവം നല്‍കുകയും കമ്പനിയുടെ ഓണ്‍ലൈന്‍ റീട്ടെയില്‍ അനുഭവത്തില്‍ വിപ്ലവം സൃഷ്ടിക്കുകയും ചെയ്തു. 

ഈ സംവിധാനം ഡീലര്‍ഷിപ്പുകളില്‍ എത്താന്‍ പറ്റാത്തവര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുമെന്നും കമ്പനി പറയുന്നു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ തന്നെയാണ് ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഓണ്‍ലൈന്‍ വില്‍പ്പനയിലെ ഫിനാന്‍സ് സൗകര്യങ്ങള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്കുകളുമായി കമ്പനി സഹകരണം പ്രഖ്യാപിച്ചിരുന്നു.  ഏകദേശം 600-ഓളം ഡീലര്‍ഷിപ്പുകളെയാണ് ഈ പ്ലാറ്റ്‌ഫോമില്‍ ബന്ധിപ്പിച്ചിരിക്കുന്നത്.