ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടാൻ കഴിയുന്ന ബസുമായി ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായി. കമ്പനിയുടെ ആദ്യത്തെ വൈദ്യുത മിനി ബസാണ് ഇത്. കൺട്രി ഇലക്ട്രിക്ക് എന്ന പേരില്‍ ജന്മനാടായ ദക്ഷിണ കൊറിയന്‍ വിപണിയിലാണ് വാഹനത്തിന്‍റെ അരങ്ങേറ്റം.

128 കിലോവാട്ട് അവർ ശേഷിയുള്ള ലിഥിയം അയോൺ പോളിമർ ബാറ്ററികളാണ് വാഹനത്തിന്‍റെ ഹൃദയം. അതിവേഗ (150 കിലോവാട്ട് അടിസ്ഥാനമാക്കിയ കോംബോ വൺ ഡി സി സിസ്റ്റം) ചാർജർ ഉപയോഗിച്ച് വെറും 72 മിനിറ്റിൽ ബസ്സിലെ ബാറ്ററി പൂർണമായും ചാർജ് ചെയ്യാനാവുമെന്നാണു കമ്പനി പറയുന്നത്. അതേസമയം, ഗാർഹിക കണക്ഷനിലെ 220 വോൾട്ട് ഔട്ട്ലെറ്റ് ഉപയോഗിച്ചാൽ ബാറ്ററി ചാർജ് ചെയ്യാൻ 17 മണിക്കൂർ വേണം. 

7,710 എം എം നീളമുണ്ട് ഈ ബസിന്. പിന്നിൽ ഇരട്ട, സ്വിങ് ടൈപ് എമർജൻസ് ഡോർ, 220 എം എം ബാക്ക് റസ്റ്റ്, പുത്തൻ സീറ്റ് ബെൽറ്റ് സംവിധാനം എന്നിവയും കൺട്രി ഇലക്ട്രിക്കിലുണ്ട്. 15 മുതൽ 33 മുതൽ ആളുകൾക്കു യാത്ര ചെയ്യാവുന്ന വകഭേദങ്ങളിൽ കൺട്രി ഇലക്ട്രിക് വിപണിയിലെത്തും. ബാറ്ററി മൂലമുള്ള അധികഭാരം മുൻനിർത്തി ഇലക്ട്രോണിക് രീതിയിൽ നിയന്ത്രിക്കുന്ന, എയർ ഓവർ ഹൈഡ്രോളിക്(എ ഒ എച്ച്) ബ്രേക്ക് സംവിധാനം വാഹനത്തിലുണ്ടാകും. 

യാത്രക്കാർ കയറുമ്പോളും ഇറങ്ങുമ്പോളും വാതിൽ അടയുന്നത് തടയാനായി അൾട്രാ സോണിക് സെൻസറും ബസിൽ ഘടിപ്പിക്കും. യാത്രികരുടെ ശരീര/വസ്ത്ര ഭാഗങ്ങൾ വാതിലിനിടയിൽ കുടുങ്ങിയാല്‍ അലാം മുഴങ്ങാനും അപകടമോ പരുക്കോ ഒഴിവാക്കാനായി വാതിൽ സ്വയം തുറക്കാനുമുള്ള സജ്ജീകരണവും ബസിലുണ്ട്. യാത്രക്കാർ കയറുകയോ ഇറങ്ങുകയോ ചെയ്യുന്ന സമയങ്ങളിൽ ബസ് നീങ്ങില്ലെന്നും ഉറപ്പിക്കാന്‍ വാതിലിലെ സെന്‍സറിനെ ആക്സിലേറ്ററുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്.  കാല്‍ നടയാത്രികർക്കു മുന്നറിയിപ്പ് നൽകാനും അപകടം ഒഴിവാക്കാനുമായി റിയർ പാർക്കിങ് അസിസ്റ്റ് സിസ്റ്റവും വാഹനത്തിലുണ്ടാകും. ബാറ്ററിയിൽ ഓടുന്ന ബസുകൾക്ക് സാധാരണഗതിയിൽ ശബ്‍ദം ഉണ്ടാകല്ല. പക്ഷേ കൃത്രിമ ശബ്‍ദ സാന്നിധ്യത്തോടെയാവും കൺട്രി ഇലക്ട്രിക്ക് എത്തുക.