ഹ്യുണ്ടായി ക്രെറ്റ 18,861 യൂണിറ്റുകളുടെ വിൽപ്പനയുമായി റെക്കോർഡ് നേട്ടം കൈവരിച്ചു, വെന്യു 20 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയും നേടി.
18,861 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹ്യുണ്ടായി ക്രെറ്റ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറായി മാറി. അതേസമയം 11,484 യൂണിറ്റുകൾ വിറ്റഴിച്ചുകൊണ്ട് കഴിഞ്ഞ 20 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപ്പനയാണ് ഹ്യുണ്ടായി വെന്യു നേടിയത്. 2025 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 99,540 യൂണിറ്റുകളുമായി മൊത്തം കയറ്റുമതി 17% വാർഷിക വളർച്ച കൈവരിച്ചതായി കമ്പനി വെളിപ്പെടുത്തി. അതേസമയം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും, ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളിൽ ടാറ്റ മോട്ടോഴ്‌സ് (59,667 യൂണിറ്റ്) , മഹീന്ദ്ര ആൻഡ് മഹീന്ദ്ര (56,714 യൂണിറ്റ്) എന്നിവയ്ക്ക് പിന്നിൽ ഹ്യുണ്ടായി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു .
വിലക്കുറവും ക്രെറ്റയ്ക്ക് ഗുണമായി
ജിഎസ്ടി 2.0 പരിഷ്‍കാരങ്ങളെത്തുടർന്ന്, രണ്ട് എസ്‌യുവികൾക്കും മികച്ച വിലക്കുറവ് ലഭിച്ചു . ഹ്യുണ്ടായി ക്രെറ്റയുടെ വില 72,145 രൂപ വരെയും, വെന്യുവിന് 1.23 ലക്ഷം രൂപ വരെയും കുറഞ്ഞു. പുതിയ ജിഎസ്‍ടി ആനുകൂല്യങ്ങൾക്കൊപ്പം, ക്രെറ്റ ലൈനപ്പിന് ഇപ്പോൾ 10.72 ലക്ഷം മുതൽ 19.30 ലക്ഷം രൂപ വരെയും ക്രെറ്റ എൻ ലൈനിന് 16.34 ലക്ഷം മുതൽ 19.94 ലക്ഷം രൂപ വരെയും വിലയുണ്ട്.
ഹ്യുണ്ടായി വെന്യു നിലവിൽ 7.26 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. അതിന്റെ ടോപ് വേരിയന്റിന് 12.04 ലക്ഷം രൂപ വിലവരും. വെന്യു എൻ ലൈൻ നാല് ട്രിമ്മുകളിൽ ലഭ്യമാണ് - N6 MT, N6 AT, N8 MT, N8 AT - യഥാക്രമം 11.11 ലക്ഷം രൂപ, 11.83 ലക്ഷം രൂപ, 11.94 ലക്ഷം രൂപ, 12.66 ലക്ഷം രൂപ എന്നിങ്ങനെയാണ് വില. സൂചിപ്പിച്ച എല്ലാ വിലകളും എക്സ്-ഷോറൂം വിലകൾ ആണ്.
രാജ്യത്തുടനീളമുള്ള വാഹന പ്രേമികൾക്ക് ഇന്ധനം നൽകിയ പരിവർത്തനാത്മകമായ ജിഎസ്ടി 2.0 പരിഷ്‍കാരങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിക്കുന്നുവെന്ന് വിൽപ്പന പ്രകടനത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട്, എച്ച്എംഐഎല്ലിന്റെ ഡയറക്ടറും സിഒഒയുമായ തരുൺ ഗാർഗ് പറഞ്ഞു. ആഭ്യന്തര, കയറ്റുമതി വിപണികളിലെ തങ്ങളുടെ വളർച്ച ഇരട്ട എഞ്ചിൻ വളർച്ചയുടെ ഒരു യഥാർത്ഥ ഉദാഹരണമാണെന്നും ക്രെറ്റ എക്കാലത്തെയും ഉയർന്ന പ്രതിമാസ വിൽപ്പന കൈവരിച്ചു എന്നും അതേസമയം കയറ്റുമതി ഗണ്യമായി വർദ്ധിച്ചു എന്നും അദ്ദേഹം പറഞ്ഞു. ഹ്യുണ്ടായ് മോട്ടോർ കമ്പനിയുടെ ആഗോള നിർമ്മാണ കേന്ദ്രമെന്ന നിലയിൽ എച്ച്എംഐഎല്ലിന്റെ പങ്ക് ശക്തിപ്പെടുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.


