ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് പുത്തൻ വകഭേദമായ എസ് എക്സ് എക്സിക്യൂട്ടീവ് അവതരിപ്പിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ.

ജനപ്രിയ മോഡലായ ക്രെറ്റയ്ക്ക് പുത്തൻ വകഭേദമായ എസ് എക്സ് എക്സിക്യൂട്ടീവ് അവതരിപ്പിച്ച് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. പെട്രോൾ എൻജിനുള്ള ക്രേറ്റ എസ് എക്സ് എക്സിക്യൂട്ടീവിന് 13.18 ലക്ഷം രൂപയാണ് എക്സ് ഷോറൂം ഷോറൂം വില എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു . ഡീസൽ പതിപ്പിന് ഒരു ലക്ഷം രൂപ കൂടി അധികം നൽകണം. പെട്രോൾ, ഡീസൽ എൻജിനുകളോടെ വിൽപ്പനയ്ക്കുള്ള ഈ ക്രേറ്റയിൽ മാനുവൽ ഗീയർബോക്സ് മാത്രമാണു ട്രാൻസ്മിഷൻ.

ക്രേറ്റയുടെ എസ് എക്സ് വകഭേദത്തിനു തൊട്ടു താഴെയായാണ് എസ് എക്സ് എക്സിക്യൂട്ടീവിന്റെ സ്ഥാനം. 1.5 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ സി ആർ ഡി ഐ ഡീസൽ എൻജിനുകളാണ് ക്രേറ്റ എസ് എക്സ് എക്സിക്യൂട്ടീവിന്‍റെ ഹൃദയം. പെട്രോൾ എൻജിന് പരമാവധി 113 ബി എച്ച് പി വരെ കരുത്തും 144 എൻ എമ്മോളം ടോർക്കും സൃഷ്ടിക്കാനാവും. സി ആർ ഡി ഐ ഡീസൽ എൻജിൻ 113 ബി എച്ച് പി കരുത്തും 250 എൻ എം വരെ ടോർക്കുമാണു ഉത്പാദിപ്പിക്കുക. ആറു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ.

എസ് എക്സിനെ അപേക്ഷിച്ചു ചില ഫീച്ചറുകള്‍ കുറച്ചാണ് എസ് എക്സ് എക്സിക്യൂട്ടീവ് വകഭേദം എത്തുന്നത്. അതുകൊണ്ടുതന്നെ വാഹനത്തിന്‍റെ വിലയില്‍ 78,000 രൂപയുടെ കുറവുണ്ട്. ക്രോം ഡോർ ഹാൻഡിൽ, ആർകമീസ് സൗണ്ട് സിസ്റ്റം, ശബ്ദം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ബട്ടൻ എന്നിവയൊന്നും പുത്തൻ ക്രേറ്റയിൽ ലഭ്യമല്ല. മാത്രമല്ല, ബ്ലൂ ലിങ്ക് കണക്ടിവിറ്റി സഹിതമുള്ള, 10.25 ഇഞ്ച് ടച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും വാഹനത്തിലില്ല. പകരം എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സിസ്റ്റമാണ് വാഹനത്തില്‍. 

2015 ലാണ് ആദ്യ ക്രെറ്റയെ ഹ്യുണ്ടായി വിപണിയില്‍ അവതരിപ്പിക്കുന്നത്. ആഗോളതലത്തിൽ തന്നെ മികച്ച സ്വീകാര്യത ക്രേറ്റയ്ക്ക് കൈവരിക്കാനായെന്നാണ് വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ഫെബ്രുവരിയില്‍ നടന്ന ദില്ലി ഓട്ടോ എക്സ്‍പോയില്‍ ആണ് പുതിയ മോഡൽ ക്രെറ്റയെ കമ്പനി അവതരിപ്പിക്കുന്നത്. അതേ വര്‍ഷം മാര്‍ച്ച് 17ന് ആയിരുന്നു വാഹനത്തിന്‍റെ വിപണിപ്രവേശനം. ഹ്യുണ്ടായി ചൈനയില്‍ പുറത്തിറക്കിയ ഐഎക്സ്25 എന്ന മോഡലാണ് ഇന്ത്യയില്‍ ക്രെറ്റയുടെ രണ്ടാം തലമുറ ആയി എത്തിയത്. ഏറെ ന്യൂജൻ ഫീച്ചറുകളുമായാണ് പുതിയ ക്രെറ്റ വിപണിയിലെത്തിയത്. പെട്രോൾ, ഡീസൽ, ടർബോ പെട്രോൾ എന്നീ മൂന്ന് വ്യത്യസ്‍ത ഹൃദയങ്ങളുമായാണ് 2020 മോഡലിൻറെ വരവ്. ആദ്യ തലമുറയിൽനിന്ന് ഏറെ വ്യത്യസ്‍തമായ ഡിസൈനിംഗിലാണ് വാഹനത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona