കൊവിഡ് ഭീതിക്ക് ഇടയിലും ആഭ്യന്തര വിപണിയിലും കയറ്റുമതിയിലും നേട്ടമുണ്ടാക്കി ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി. കയറ്റുമതിക്കായി മാത്രം മെയ് മാസത്തില്‍ 5000 വാഹനങ്ങള്‍ ആണ് ഹ്യുണ്ടായി നിര്‍മ്മിച്ചത്. 

മൂന്നാംഘട്ട ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാലിച്ച് മെയ് എട്ടിനാണ് ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റ് തുറന്നത്. ഇതിനുശേഷമാണ് കയറ്റുമതിക്കുള്ള 5000 വാഹനങ്ങള്‍ ഇവിടെ നിന്ന് ഒരുങ്ങിയത്. തുടർന്ന് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഈ അയ്യായിരത്തിലധികം യൂണിറ്റുകൾ വിദേശ വിപണിയിലേക്ക് കയറ്റുമതി ചെയ്യാന്‍ കമ്പനിക്ക് സാധിച്ചതും അഭിമാനകരമായ നേട്ടമാണ്. കയറ്റുമതി വിപണികൾക്കായി അതിവേഗം മൂന്ന് ദശലക്ഷം നിർമിത ഇന്ത്യ കാറുകൾ പുറത്തിറക്കുന്ന ആദ്യത്തെ കമ്പനിയായി ഹ്യുണ്ടായി മാറി.

ഇന്ത്യയില്‍ നിന്നുള്ള കാര്‍ കയറ്റുമതിയില്‍ മുന്‍നിരയില്‍ തന്നെയാണ് ഹ്യുണ്ടായിയുടെ സ്ഥാനം. 1999-ലാണ് ഹ്യുണ്ടായി ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതി ആരംഭിച്ചത്. കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ 88 രാജ്യങ്ങളിലേക്കായി 30 ലക്ഷം വാഹനങ്ങളാണ് ഹ്യുണ്ടായി ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 

പത്ത് വർഷങ്ങൾക്ക് മുമ്പ് തന്നെ കയറ്റുമതി പത്ത് ലക്ഷം യൂണിറ്റുകൾ കടന്ന് ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ട വാഹന നിർമാതാക്കളായിരുന്നു ഹ്യുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ്. ഒരു ദശാബ്ദത്തിനിടെ റെക്കോർഡ് സമയത്തിനുള്ളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്രാൻഡാണ് ഹ്യുണ്ടായി.

ഇന്ത്യയിൽ നിന്ന് 20 സാന്റ്രോകൾ 1999-ൽ നേപ്പാളിലേക്ക് കയറ്റി അയച്ചപ്പോൾ മുതലാണ് കൊറിയൻ ബ്രാൻഡിന്റെ രാജ്യത്തെ കയറ്റുമതി വ്യവസായത്തിന് തുടക്കമായത്. അതിനുശേഷം പ്രാദേശിക ഉത്‌പാദന വൈദഗ്ധ്യം കയറ്റുമതിയിൽ കമ്പനി തുടർന്നും ഉപയോഗിച്ചു.

2019 ജനുവരി മുതല്‍ ഡിസംബര്‍ വരെ 1,81,200 വാഹനങ്ങളാണ് ഹ്യുണ്ടായി ഇന്ത്യയില്‍ നിന്ന് വിദേശരാജ്യങ്ങളിലെത്തിച്ചിട്ടുള്ളത്. ഇതില്‍ 792 വാഹനങ്ങള്‍ ഉപയോക്താക്കളുടെ ആവശ്യമനുസരിച്ച് കസ്റ്റമൈസ് ചെയ്താണ് ഒരുക്കിയത്. കയറ്റുമതി ചെയ്യുന്നതിനുള്ള വാഹനങ്ങള്‍ ഹ്യുണ്ടായിയുടെ ചെന്നൈയിലെ പ്ലാന്റിലാണ് നിര്‍മിക്കുന്നത്.

ഇന്ത്യയില്‍ നിന്നും 2019- 20 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്‍തതും ഹ്യുണ്ടായി ആണ്. 1,69,861 യൂണിറ്റ് കാറുകളാണ് കമ്പനി ഇന്ത്യയില്‍നിന്ന് കയറ്റി അയച്ചത്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 4.8 ശതമാനത്തിന്റെ വളര്‍ച്ച. 2018- 19 സാമ്പത്തിക വര്‍ഷത്തില്‍ 1,62,105 യൂണിറ്റ് പാസഞ്ചര്‍ വാഹനങ്ങളാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ കയറ്റുമതി ചെയ്തത്.

91 രാജ്യങ്ങളിലേക്കാണ് ഇന്ത്യയില്‍നിന്ന് ഹ്യുണ്ടായ് കയറ്റുമതി നടത്തുന്നത്. മധ്യപൂര്‍വേഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസിഫിക് എന്നിവിടങ്ങളിലെ രാജ്യങ്ങള്‍ ഇതിലുള്‍പ്പെടും. ഓസ്‌ട്രേലിയ മറ്റൊരു കയറ്റുമതി വിപണിയാണ്. ഇന്ത്യയില്‍ നിന്നുള്ള ആകെ കാര്‍ കയറ്റുമതിയുടെ 25 ശതമാനത്തോളം ഹ്യുണ്ടായിയാണ്.

ഹ്യുണ്ടായിയുടെ സമീപകാല വിൽപ്പനയിൽ മികച്ച നേട്ടം കൈവരിക്കുന്ന ഉൽ‌പ്പന്നങ്ങളായ വെന്യു, രണ്ടാം തലമുറ ക്രെറ്റ, മൂന്നാംതലമുറ ഗ്രാൻഡ് i10 നിയോസ് എന്നിവ ബ്രാൻഡിന്റെ കയറ്റുമതി വിപണിയെയും സഹായിക്കും. പുതിയ എലൈറ്റ് i20 ഈ വർഷം അവസാനത്തോടെ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കും.