ദില്ലി: ഹാച്ച് ബാക്കായ ഗ്രാന്‍ഡ് ഐ10 ഡീസല്‍ പതിപ്പുകളുടെ വില്‍പ്പന അവസാനിപ്പിച്ച് ദക്ഷിണകൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ. ഗ്രാന്‍ഡ് ഐ10 നിയോസ് പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഈ നടപടി.

മാത്രമല്ല, ഇനി മാഗ്ന, സ്‌പോര്‍ട്‌സ് എന്നീ മിഡ് സ്‌പെക് വേരിയന്റുകളില്‍ മാത്രമായിരിക്കും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ലഭ്യമാകുക. 1.2 ലിറ്റര്‍ എന്‍ജിനാണ് പെട്രോള്‍ വേരിയന്റുകളുടെ ഹൃദയം.  ഈ എഞ്ചിന്‍ 83 ബിഎച്ച്പി കരുത്തും 114 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിഎന്‍ജി-പെട്രോള്‍ പതിപ്പിലും ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 ലഭിക്കും. ഈ വേര്‍ഷനില്‍ പെട്രോള്‍ ഉപയോഗിക്കുമ്പോള്‍ 81.6 എച്ച്പി കരുത്തും 110 എന്‍എം ടോര്‍ക്കും സിഎന്‍ജി ഉപയോഗിക്കുമ്പോള്‍ 66.3 എച്ച്പി കരുത്തും 98 എന്‍എം ടോര്‍ക്കും ലഭിക്കും. 

അതുോപലെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഇനി ലഭിക്കില്ല. 5 സ്‍പീഡ് മാന്വല്‍ മാത്രമായിരിക്കും ട്രാന്‍സ്‍മിഷന്‍ ഓപ്ഷന്‍. സ്‌പോര്‍ട്‌സ് വേരിയന്റില്‍ മാത്രമാണ് സിഎന്‍ജി ഓപ്ഷന്‍ ലഭിക്കുക. 

ഇനിമുതല്‍ ഈ ഹാച്ച്ബാക്കില്‍ അലോയ് വീലുകള്‍, റിയര്‍ വാഷ് വൈപ്പര്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവ ഉണ്ടായിരിക്കില്ല. അതേസമയം, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍, റിയര്‍ പാര്‍ക്കിംഗ് കാമറ, പവര്‍ ഫോള്‍ഡിംഗ് വിംഗ് മിററുകള്‍ എന്നിവ സ്‌പോര്‍ട്‌സ് വേരിയന്റില്‍ തുടര്‍ന്നും ഫീച്ചറുകളായിരിക്കും. അതുപോലെ വാഹനത്തിന്‍റെ എഞ്ചിന്‍ ബിഎസ്6 ആക്കുമോ എന്ന കാര്യവും വ്യക്തമല്ല.