കൊവിഡ് 19 വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വെന്‍റിലേറ്ററുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയും. എയര്‍ ലിക്വിഡ് മെഡിക്കല്‍ സിസ്റ്റം എന്ന കമ്പനിയുമായിട്ടാണ് ഹ്യുണ്ടായി ഇന്ത്യ ഇതിനായി സഹകരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ വെന്റിലേറ്ററുകൾ നിര്‍മിക്കുകയാണ് ലക്ഷ്യം. 

ഇന്ത്യയിലെ എല്ലാ വാഹനനിര്‍മാതാക്കളോടും വെന്റിലേറ്റര്‍ നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആദ്യപാദത്തില്‍ 1000 വെന്റിലേറ്ററുകള്‍ നിര്‍മിക്കും. പിന്നാലെ ഉത്പാദനം ഉയര്‍ത്താനാണ് ഇരുകമ്പനികളുടെയും ലക്ഷ്യം. പ്രധാനമായും തമിഴ്‌നാട്ടിലെ ആശുപത്രികള്‍ക്കായാണ് ഹ്യുണ്ടായിയും എയര്‍ ലിക്വിഡും വെന്റിലേറ്ററുകള്‍ നിര്‍മിക്കുന്നത്. വൈകാതെ മറ്റ് സംസ്ഥാനങ്ങളിലേക്കും ഈ കൂട്ടുകെട്ടില്‍ വെന്റിലേറ്റര്‍ എത്തിയേക്കും. 

വെന്റിലേറ്റര്‍ നിര്‍മാണത്തിന് പുറമെ, പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ഹ്യുണ്ടായി സാന്നിധ്യമാകുന്നുണ്ട്. വൈറസ് ബാധ പരിശോധിക്കുന്നതിനായി അഡ്വാന്‍സ്ഡ് ടെസ്റ്റിങ്ങ് കിറ്റുകള്‍ കമ്പനി ദക്ഷിണ കൊറിയയില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചിരുന്നു. ഇതിനൊപ്പം തമിഴ്‌നാട്ട് സര്‍ക്കാരിന് അഞ്ച് കോടി രൂപ ധനസഹായവും നല്‍കിയിട്ടുണ്ട്.

നിര്‍മാണം വേഗത്തിലാക്കാനും കൂടുതല്‍ ആശുപത്രികള്‍ക്ക് വെന്റിലേറ്റര്‍ നല്‍കുന്നതിനുമാണ് ഈ മേഖലയിലെ പ്രബലരായ എയര്‍ ലിക്വിഡ് മെഡിക്കല്‍ സിസ്റ്റവുമായി സഹകരിക്കുന്നതെന്ന് ഹ്യുണ്ടായി ഇന്ത്യ എംഡി-സിഇഒ എസ് എസ് കിം വ്യക്തമാക്കി.