മത്സരാധിഷ്ഠിത വിഭാഗത്തിൽ ഈ അവാർഡ് നേടിയ IONIQ 5 അതിന്റെ എതിരാളികളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു വാഹനം കമ്പനിക്കുണ്ടെന്ന് കാണിക്കുന്നതായി ഹ്യുണ്ടായി അധികൃതര്‍ പറയുന്നു. 

2022-ലെ ജർമ്മൻ കാർ ഓഫ് ദ ഇയർ (GCOTY) എന്ന പദവി സ്വന്തമാക്കി ഹ്യൂണ്ടായിയുടെ ഇലക്ട്രിക്ക് വാഹനമായ അയോണിക്ക് 5 (Hyundai ioniq 5). ഒഫെൻബാക്ക് ആം മെയിനിലെ ഹ്യുണ്ടായിയുടെ യൂറോപ്യൻ ആസ്ഥാനത്താണ് അവാർഡ് സമ്മാനിച്ചത്. ഹ്യുണ്ടായ് മോട്ടോർ യൂറോപ്പ് പ്രസിഡന്റും സിഇഒയുമായ മൈക്കൽ കോളും ഹ്യുണ്ടായ് മോട്ടോർ ജർമ്മനി മാനേജിംഗ് ഡയറക്ടർ യുർഗൻ കെല്ലറും ചേർന്ന് ട്രോഫി ഏറ്റുവാങ്ങിയതായി കാര് ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

മത്സരാധിഷ്ഠിത വിഭാഗത്തിൽ ഈ അവാർഡ് നേടിയ IONIQ 5 അതിന്റെ എതിരാളികളിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു വാഹനം കമ്പനിക്കുണ്ടെന്ന് കാണിക്കുന്നതായി ഹ്യുണ്ടായി അധികൃതര്‍ പറയുന്നു. ഹ്യുണ്ടായിയുടെ ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾ യൂറോപ്യൻ ഉപഭോക്താക്കൾക്കിടയില്‍ പ്രസക്തമാണെന്ന് ഈ വിജയം കാണിക്കുന്നതായും അയോണിക്ക് 5 നിലവിൽ കമ്പനിയുടെ വൈദ്യുതീകരണ തന്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മോഡലും സീറോ-എമിഷൻ മൊബിലിറ്റിയെക്കുറിച്ചുള്ള ഹ്യുണ്ടായിയുടെ കാഴ്ചപ്പാടിന്റെ ചാലകവുമാണെന്നും ഹ്യുണ്ടായി വ്യക്തമാക്കുന്നു.

ഏതാനും മാസങ്ങൾക്കുമുമ്പ് അരങ്ങേറ്റം കുറിച്ച കാർ നിരൂപകരിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യതയാണ് നേടിയത്. നാല് വർഷം മുമ്പ് ആരംഭിച്ചതിന് ശേഷം ജർമ്മൻ കാർ ഓഫ് ദ ഇയർ പുരസ്‍കാരം ഒരു ഇലക്ട്രിക് വാഹനം മാത്രമാണ് നേടിയത് എന്നത് ശ്രദ്ധേയമാണ്. 2019-ൽ ജാഗ്വാർ ഐ-പേസും 2020-ൽ പോർഷെ ടെയ്‌കാനും 2021-ൽ ഹോണ്ട-ഇയും ആണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് വാഹനങ്ങള്‍.

20 മോട്ടോറിംഗ് ജേണലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന അന്താരാഷ്ട്ര ജൂറിയാണ് ഉൽപ്പന്ന സവിശേഷതകൾ, പ്രസക്തി, ഭാവിയിലെ പ്രവർത്തനക്ഷമത എന്നിവ കണക്കിലെടുത്ത് GCOTY അവാർഡുകള്‍ തെരെഞ്ഞെടുക്കുന്നത്. GCOTY അവാർഡിന് രണ്ട് റൗണ്ട് വോട്ടിംഗ് ഉണ്ട്. നേരത്തെ തന്നെ ന്യൂ എനർജി വിഭാഗത്തിലെ അവാർഡ് ജേതാവായിരുന്നു അയോണിക്ക് 5. കിയ EV6 (പ്രീമിയം കാർ വിഭാഗം ജേതാവ്), ഔഡി ഇ-ട്രോൺ GT (ആഡംബര കാർ വിഭാഗം ജേതാവ്), പ്യൂഷോ 308 (കോംപാക്ട് കാർ വിഭാഗം ജേതാവ്), പോർഷെ 911 GT3 (പെർഫോമൻസ് കാർ വിഭാഗം വിജയി) എന്നിവരായിരുന്നു മറ്റ് ഫൈനലിസ്റ്റുകൾ.