ഇലക്ട്രിക്, ബാറ്ററി,  വാഹനങ്ങള്‍ക്കായി പ്രത്യേകം ഉപ ബ്രാന്‍ഡ്‌ പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി. അയോണിക് എന്ന് പേര് നല്‍കിയിരിക്കുന്ന ഈ ബ്രാന്‍ഡിന്‍റെ കീഴില്‍ പുതുതായി മൂന്ന്​ വാഹനങ്ങൾ ഉടൻ പുറത്തിറക്കുമെന്നും ഹ്യുണ്ടായ്​ പ്രഖ്യാപിച്ചിട്ടുണ്ട്​.

2025 ഓടെ 50​ ലക്ഷത്തിലധികം പുതിയ ഇ.വികൾ വിപണിയിൽ ഇറക്കാനാണ്​ ഹ്യുണ്ടായ്​ ലക്ഷ്യമിടുന്നത്. ഇതിനിടയിൽ 16 പുതിയ മോഡലുകകൾ അവതരിപ്പിക്കുമെന്നും കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി. 

അതേസമയം അയോണിക് എന്ന പേര്​ ഹ്യുണ്ടായ്​ക്ക് പുതിയതല്ല, അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്കെത്തുന്ന ഹ്യുണ്ടായിയുടെ തന്നെ ഒരു സെഡാന് ഇതിനകം ഈ പേര് ഉപയോഗിച്ചിട്ടുണ്ട്. ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ്, ഓൾ-ഇലക്ട്രിക് രൂപങ്ങളിൽ അയോണിക് സെഡാൻ ലഭ്യമാണ്.

അയേണ്‍, യൂണിക് എന്നീ വാക്കുകളില്‍ നിന്നാണ് അയോണിക് എന്ന പേരുണ്ടാക്കിയത്. പ്രകൃതി സൗഹൃദമായുള്ള വാഹനങ്ങളുടെ ഗവേഷണമായിരിക്കും പ്രധാനമായി അയോണിക്കിന്റെ ഉത്തരവാദിത്വം. ഒരു ബോഡി ടൈപ്പില്‍ നിന്ന് ഇലക്ട്രിക് ഹൈബ്രിഡ്, പ്ലഗ്-ഇന്‍ ഹൈബ്രിഡ്, ബാറ്ററി ഇലക്ട്രിക് എന്നീ എന്‍ജിനുകളിലായിരിക്കും അയോണിക് വാഹനങ്ങളെത്തിക്കുക.

ഹ്യുണ്ടായുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ്​ (ഇ-ജിഎംപി) വാഹനങ്ങൾ നിർമിക്കുക. അതിവേഗ ചാർജിംഗിനും ദീർഘദൂര യാത്രക്കും വാഹനങ്ങളെ പ്രാപ്​തമാക്കാൻ പുതിയ പ്ലാറ്റ്​ഫോമിനാകും. നീളമുള്ള വീൽബേസ്​ ഒരു പ്രത്യേകതയാണ്​. ഓരോ മോഡലിനും സ്മാർട്ട് ലിവിംഗ് റൂമുകൾ എന്ന്​ വിളിക്കാവുന്ന വിശാലമായ ഇൻറീരിയർ നൽകുമെന്നാണ്​ കമ്പനി പറയുന്നത്​.

ലോകത്താകമാനം ഇലക്ട്രിക് വാഹനങ്ങളുടെ വിപണി ശക്തമാകുന്ന സാഹചര്യത്തിലാണ് ഹ്യുണ്ടായിയുടെ ഈ ഉദ്യമം. അയോണിക് എന്ന ബ്രാന്റിന്റെ പിന്‍ബലത്തില്‍ ലോകത്തിലെ ഇലക്ട്രിക് വാഹനമേഖലയില്‍ ശക്തമായ സാന്നിധ്യമാകാന്‍ സാധിക്കുമെന്നാണ് ഹ്യുണ്ടായി പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പുതിയ മോഡലുകള്‍ ഉറപ്പുനല്‍കിയിട്ടുള്ളത്.