ഹ്യുണ്ടായി 2030 ഓടെ 26 പുതിയ മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കും. അൽകാസറിനും ട്യൂസണിനും ഇടയിൽ സ്ഥാനം പിടിക്കുന്ന ഹ്യുണ്ടായി Ni1i, ഏറ്റവും വിലയേറിയ ഓഫറായ പാലിസേഡ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. 

ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായി അടുത്തിടെ ഇന്ത്യൻ വിപണിയിലെ തങ്ങളുടെ പുതിയ ഉൽപ്പന്ന തന്ത്രം പ്രഖ്യാപിച്ചു. 2030 ഓടെ 26 പുതിയ മോഡലുകളുമായി കമ്പനി തങ്ങളുടെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ വികസിപ്പിക്കാൻ പദ്ധതിയിടുന്നു. അതിൽ ഐസിഇയിൽ പ്രവർത്തിക്കുന്ന മോഡലുകൾ ഹൈബ്രിഡ്, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇന്ത്യയിലെ ബ്രാൻഡിന്‍റെ ആദ്യത്തെ ഹൈബ്രിഡ് കാറായിരിക്കും അടുത്ത തലമുറ ഹ്യുണ്ടായി ക്രെറ്റ. 2027 ൽ ഇത് പുറത്തിറങ്ങും. ഇതിന് ശേഷം രണ്ട് 7 സീറ്റർ എസ്‌യുവികൾ ഹ്യുണ്ടായി Ni1i, ഹ്യുണ്ടായി പാലിസേഡ് എന്നിവ പുറത്തിറങ്ങും. വരാനിരിക്കുന്ന ഈ ഹ്യുണ്ടായി 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

ഹ്യുണ്ടായ് Ni1i

ഹ്യുണ്ടായി Ni1i എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന വരാനിരിക്കുന്ന ഹ്യുണ്ടായി 7 സീറ്റർ ഹൈബ്രിഡ് എസ്‌യുവി, കമ്പനിയുടെ ഉൽപ്പന്ന നിരയിൽ അൽകാസറിനും ട്യൂസണിനും ഇടയിലായിരിക്കും സ്ഥാനം പിടിക്കുക. മഹീന്ദ്ര XUV700, ടാറ്റ സഫാരി, എംജി ഹെക്ടർ പ്ലസ് എന്നിവയുമായി ഇത് നേരിട്ട് മത്സരിക്കും. ഈ വാഹനത്തിന്‍റെ ഔദ്യോഗിക വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ങ്കിലും, ചൈനീസ് വിപണിയിൽ വിൽക്കുന്ന ട്യൂസൺ എൽഡബ്ല്യുബിയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു. രണ്ടാമത്തേതിന് 4,680 എംഎം നീളമുണ്ട്. മൂന്നാം നിര യാത്രക്കാർക്ക് പോലും വിശാലമായ ക്യാബിൻ സ്ഥലം വാഗ്ദാനം ചെയ്യുന്നു.

അതേസമയം ഇന്ത്യയിൽ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നതിനായി ഹ്യുണ്ടായി അതിന്‍റെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ചേക്കാം എന്ന് റിപ്പോർട്ടുകൾ ഉണ്ട്. അതുവഴി നിർമ്മാണച്ചെലവ് നിയന്ത്രിക്കാനാകും.

ഹ്യുണ്ടായി പാലിസേഡ്

ഹ്യുണ്ടായിയുടെ ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഓഫറായിരിക്കും പാലിസേഡ് . ഹൈബ്രിഡ് എസ്‌യുവിയിൽ ഹ്യുണ്ടായിയുടെ അടുത്ത തലമുറ 2.5 ലിറ്റർ ടർബോ പെട്രോൾ-ഹൈബ്രിഡ് പവർട്രെയിൻ ഉൾപ്പെടും, ഇത് 334 ബിഎച്ച്പി കരുത്തും 460 എൻഎം ടോർക്കും നൽകുന്നു. ഈ കോൺഫിഗറേഷൻ ലിറ്ററിന് 14.1 കിലോമീറ്റർ ഇന്ധനക്ഷമതയും 1,015 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ചും നൽകുന്നു.

ആറ് സ്‍പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് ട്രാൻസ്‍മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. എസ്‌യുവി എഫ്ഡബ്ല്യുഡി (സ്റ്റാൻഡേർഡ്), എഡബ്ല്യുഡി (ഓപ്ഷണൽ) ഡ്രൈവ്‌ട്രെയിൻ സിസ്റ്റങ്ങൾക്കൊപ്പം വരും. ഇക്കോ, സ്‌പോർട്, മൈ ഡ്രൈവ് എന്നീ മൂന്ന് ഡ്രൈവ് മോഡുകളും മഡ്, സ്നോ, സാൻഡ് എന്നീ മൂന്ന് ടെറൈൻ മോഡുകളും ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.