Asianet News MalayalamAsianet News Malayalam

"അങ്ങനെയൊന്നും ചെയ്യരുതേ" വാഹന വില കുത്തനെ കുറയ്ക്കുന്ന സ‍ർക്കാർ നീക്കത്തിനെതിരെ വൻകിട കാ‍ർ കമ്പനികൾ!

ഹൈബ്രിഡ് കാറുകൾക്ക് ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികൾ ഉത്തർപ്രദേശ് സർക്കാരിന് കത്തയച്ചതായിട്ടാണ് പുതിയ റിപ്പോ‍ട്ട്.

Hyundai Kia Tata and Mahindra write to UP Govt against waives registration fees on strong hybrid cars
Author
First Published Aug 10, 2024, 2:43 PM IST | Last Updated Aug 10, 2024, 2:46 PM IST

ടുത്തിടെ ഉത്തർപ്രദേശ് സർക്കാർ ശക്തമായ ഹൈബ്രിഡ് കാറുകളുടെ രജിസ്ട്രേഷനിൽ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു. അതുവഴി കാർ വാങ്ങുന്നതിൽ വലിയ ലാഭമുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിക്കുന്നത്. സർക്കാരിൻ്റെ ഈ തീരുമാനത്തോടെ, ഹൈബ്രിഡ് കാർ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് മൂന്നരലക്ഷം രൂപ വരെ ലാഭിക്കാൻ കഴിയും. ശക്തമായ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്കും പ്ലഗ്-ഇൻ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്കും രജിസ്ട്രേഷൻ ഫീസിൽ 100 ​​ശതമാനം ഇളവ് നൽകാനായിരുന്നു യുപി സർക്കാർ നീക്കം. ഉത്തർപ്രദേശിൽ 10 ലക്ഷം രൂപയിൽ താഴെ വിലയുള്ള വാഹനങ്ങൾക്ക് എട്ട് റോഡ് നികുതിയും 10 ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള വാഹനങ്ങൾക്ക് 10 ശതമാനം റോഡ് നികുതിയും ഈടാക്കുന്നതിനാൽ ഈ തീരുമാനം വലിയ ആശ്വാസമാകുമെന്നാണ് റിപ്പോര്‍ട്ടുകൾ.

എന്നാൽ ഇപ്പോഴിതാ, ഹൈബ്രിഡ് കാറുകൾക്ക് ഇളവ് നൽകരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ മുൻനിര വാഹന നിർമാണ കമ്പനികൾ ഉത്തർപ്രദേശ് സർക്കാരിന് കത്തയച്ചതായിട്ടാണ് പുതിയ റിപ്പോ‍ട്ട്. ഹൈബ്രിഡ് കാറുകൾക്ക് കിഴിവ് നൽകരുതെന്ന് ആവശ്യപ്പെട്ട് ഹ്യൂണ്ടായ്, കിയ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര തുടങ്ങിയ വൻകിട കമ്പനികൾ യുപി സർക്കാരിന് പ്രത്യേകം കത്തെഴുതിയതായി റോയിട്ടേഴ്‌സിനെ ഉദ്ധരിച്ച് ബിസിനസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈബ്രിഡ് കാറുകൾക്ക് ഇളവ് നൽകുന്നത് ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പനയെയും ഇവി വ്യവസായത്തിൽ നടത്തുന്ന നിക്ഷേപങ്ങളെയും ബാധിക്കുമെന്ന് ഈ കമ്പനികൾ കരുതുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. 

രജിസ്ട്രേഷൻ ഫീസ് വേണ്ടെന്ന് യോഗി സർക്കാർ! യുപിയിൽ ഈ വാഹനങ്ങളുടെ വില കുത്തനെ കുറയും!

ദക്ഷിണ കൊറിയൻ കമ്പനിയായ ഹ്യുണ്ടായ് ജൂലൈ 12 ന് യുപി സർക്കാരിന് അയച്ച കത്തിൽ സർക്കാരിൻ്റെ ഈ തീരുമാനം ഗതാഗതത്തിൻ്റെ വൈദ്യുതീകരണത്തെ താളം തെറ്റിക്കുമെന്ന് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ. അതേസമയം, ഹൈബ്രിഡ് വാഹനങ്ങളെ ഇത്തരത്തിൽ പ്രോത്സാഹിപ്പിക്കുന്നത് ഇലക്ട്രിക് വാഹനങ്ങൾ സ്വീകരിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നും കിയ പറയുന്നു. ഇവി വിപണിയുടെ ആഘാതത്തെക്കുറിച്ച് മഹീന്ദ്രയും ആശങ്ക പ്രകടിപ്പിച്ചു. ഹൈബ്രിഡ് വാഹനങ്ങൾക്ക് മുൻഗണന നൽകുന്നത് ഇവിയുടെ വികസനത്തിനായി വ്യവസായം നടത്തിയ 9 ബില്യൺ ഡോളറിൻ്റെ നിക്ഷേപത്തെ അപകടത്തിലാക്കുമെന്ന് ജൂലൈ 11 ന് എഴുതിയ കത്തിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിഭാഗത്തിലെ പ്രമുഖരായ ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകൾ. അതേസമയം ഉത്തർപ്രദേശ് സർക്കാരിൻ്റെ ഈ നീക്കത്തെക്കുറിച്ച് ഹ്യുണ്ടായ്, കിയ, ടാറ്റ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ പരസ്യമായി പ്രതികരിച്ചിട്ടില്ല.  

അതേസമയം മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐഎൽ), ഹോണ്ട കാർസ് ഇന്ത്യ (എച്ച്സിഐഎൽ), ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) തുടങ്ങിയ കമ്പനികൾക്ക് യുപി സർക്കാരിൻ്റെ ഈ തീരുമാനത്തിൽ നിന്ന് വലിയ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. കാരണം അവ ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്ന പ്രധാന കാർ ബ്രാൻഡുകളാണ്. മാരുതി ഇൻവിക്ടോ, ടൊയോട്ട ഇന്നോവ ഹൈക്രോസ് തുടങ്ങിയ കാറുകളിൽ ഉപഭോക്താക്കൾക്ക് 3 ലക്ഷം രൂപ വരെയും മാരുതി ഗ്രാൻഡ് വിറ്റാര, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട സിറ്റി e:HEV എന്നിവയിൽ 2 ലക്ഷം രൂപ വരെയും ലാഭിക്കാം.

ഇലക്ട്രിക് വാഹനങ്ങൾക്ക് യുപിയിലെ ഇളവുകൾ:
ജൂലൈയിൽ ഉത്തർപ്രദേശ് സർക്കാർ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഈ സ്കീമിന് കീഴിൽ, 25,000 ഇലക്ട്രിക് കാറുകൾക്ക് 15 ശതമാനം സബ്‌സിഡി നൽകും. അതിൻ്റെ പരമാവധി പരിധി ഒരുലക്ഷം രൂപ ആയിരിക്കും. കൂടാതെ, 200,000 ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിന് 100 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിൽ 12,000 രൂപ അല്ലെങ്കിൽ വാഹനത്തിൻ്റെ വിലയുടെ 15 ശതമാനം സബ്‌സിഡി ഉൾപ്പെടുന്നു. ഈ സബ്‌സിഡി പദ്ധതി 2027 വരെയോ അല്ലെങ്കിൽ അനുവദിച്ച ഫണ്ട് തീരുന്നത് വരെയോ (ഏത് നേരത്തെയാണോ അത്) പ്രാബല്യത്തിൽ തുടരും.

Latest Videos
Follow Us:
Download App:
  • android
  • ios