Asianet News MalayalamAsianet News Malayalam

ഇന്ധനം തീര്‍ന്ന് വഴിയിലായോ? ഇന്ധനം നിറക്കാന്‍ എളുപ്പവിദ്യയുമായി ഒരു കമ്പനി!

ഈ കാറില്‍ നിറക്കാന്‍ മറ്റൊരു കാറു മതി

Hyundai Kona customers can now avail vehicle to vehicle recharge
Author
Mumbai, First Published Dec 5, 2019, 12:53 PM IST

രാജ്യത്തെ ആദ്യ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന 2019 ജൂലൈ ആദ്യമാണ് അവതരിപ്പിക്കപ്പെട്ടത്. ഇപ്പോഴിതാ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായി കോനയുടെ ചാര്‍ജിങ് സൗകര്യം കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ വെഹിക്കിള്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണിപ്പോള്‍ ഹ്യുണ്ടായ്.

നിങ്ങളുടെ കോന ഇലക്ട്രിക് ചാര്‍ജ് തീര്‍ന്ന് വഴിയിലായാല്‍ മറ്റൊരു കോന ഇലക്ട്രിക് അവിടേക്കെത്തി ചാര്‍ജ് ചെയ്യുന്ന സംവിധാനമാണിത്. ഒരു കാറിന്റെ ചാര്‍ജിങ് സോക്കറ്റില്‍ കണക്റ്റ് ചെയ്ത് അടുത്ത വാഹനം ചാര്‍ജ് ചെയ്യാം. അലിയന്‍സ് വേള്‍ഡ്‌വൈഡ് പാര്‍ട്ട്‌ണേഴ്‌സുമായി ചേര്‍ന്നാണ് പുതിയ വെഹിക്കില്‍ ടു വെഹിക്കിള്‍ ചാര്‍ജിങ് സൗകര്യം ഹ്യുണ്ടായ് ഒരുക്കുന്നത്. ദില്ലി, ചെന്നൈ, മുംബൈ, ബെംഗളൂരു എന്നീ നഗരങ്ങളിലാണ് ഈ സൗകര്യം ആദ്യ ലഭ്യമാവുക.

ഇതിന് പുറമേ 7.2kW എസി ഫാസ്റ്റ് ചാര്‍ജര്‍ രാജ്യത്തെ പതിനൊന്ന് സിറ്റികളിലെ 15 ഡീലര്‍ഷിപ്പുകളിലായി ഹ്യുണ്ടായ് നേരത്തെ ലഭ്യമാക്കിയിട്ടുണ്ട്. 6-8 മണിക്കൂറിനുള്ളില്‍ ഈ ഫാസ്റ്റ് ചാര്‍ജറില്‍ കോന പൂര്‍ണമായി ചാര്‍ജ് ചെയ്യാനാകും. വീടുകളില്‍ സ്ഥാപിച്ചു നല്‍കുന്ന സ്റ്റാന്റേര്‍ഡ് 15A വാള്‍ സോക്കറ്റിലൂടെ വാഹനം ചാര്‍ജ് ചെയ്യാന്‍ 19 മണിക്കൂര്‍ ആവശ്യമാണ്. ഒറ്റചാര്‍ജില്‍ പരമാവധി 452 കിലോമീറ്റര്‍ ദൂരമാണ് കോനയില്‍ സഞ്ചരിക്കാനാവുക.

2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച വാഹനം സ്റ്റാൻഡേർഡ്, എക്സ്റ്റൻഡ് എന്നിങ്ങനെ രണ്ട് വകഭേദങ്ങളിലാണ് എത്തുന്നത്. സ്റ്റാൻഡേർഡ് വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്സ്റ്റൻഡ് 470 കിലോ മീറ്റർ ദൂരം ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്.യു.വികളുടെ രൂപഭാവങ്ങളാണ് കോനയും പിന്തുടരുന്നത്. ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്തമാണ്. മുൻവശത്താണ് ചാർജിങ് സോക്കറ്റ് നൽകിയിരിക്കുന്നത്.

സ്റ്റാൻഡേർഡ് കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത് സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ് മണിക്കുർ കൊണ്ട് സ്റ്റാൻഡേർഡ് കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്റ്റ് ചാർജറിൽ 54 മിനിട്ട് കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്സ്റ്റൻഡിനു 64kWh ബാറ്ററിയും 150 kW &nbsp ഇലക്ട്രിക് മോട്ടോറുമാണ് കരുത്തുപകരുന്നത്.

25.3 ലക്ഷം രൂപയായിരുന്നു വാഹനത്തിന്റെ പ്രാരംഭ വില. എന്നാല്‍ വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ പദ്ധതികള്‍ പ്രകാരം വില 23.71 ലക്ഷം രൂപയായി കുറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios