ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ ഇലക്ട്രിക്ക് എസ്‍യുവി കോനയുടെ ഡാർക്ക് തീം വേരിയന്റ് അവതരിപ്പിച്ചു. ഹ്യുണ്ടായി കോന നൈറ്റ് എഡിഷൻ എന്നു വിളിക്കപ്പെടുന്ന ഈ മോഡൽ അമേരിക്കയിൽ ആണ് അവതരിപ്പിച്ചത്. ഈ ലിമിറ്റിഡ് എഡിഷന്‍ 2020 സെപ്റ്റംബറിൽ നോർത്ത് അമേരിക്കൻ ഡീലർഷിപ്പിൽ എത്തും.

ഗാലക്റ്റിക് ഗ്രേ, അൾട്രാ ബ്ലാക്ക്, ചോക്ക് വൈറ്റ് എന്നിങ്ങനെ മൂന്ന് കളർ ഓപ്‍ഷനുകളിലാണ് 2021 ഹ്യുണ്ടായി കോന നൈറ്റ് എഡിഷൻ വരുന്നത്. ഗ്ലോസ്സ്-ബ്ലാക്ക് ഇന്റീരിയർ ആക്‌സന്റുകൾ, അലുമിനിയം സ്‌പോർട്ട് പെഡലുകൾ, 18 ഇഞ്ച് റെയ്സ് സെമി-ഗ്ലോസ് അലോയി വീലുകൾ തുടങ്ങിയവ പ്രത്യേകതകളാണ്. വാഹനത്തിന്റെ ബാഡ്‍ജുകളും എയർകോൺ ചുറ്റുപാടുകളിലും മാത്രമാണ് സിൽവർ ബിറ്റുകളുള്ളത്.

ഹ്യുണ്ടായി ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി ഉൾക്കൊള്ളുന്ന 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, 8-സ്പീക്കർ ഇൻഫിനിറ്റി ഓഡിയോ, 4.2 ഇഞ്ച് കളർ MID, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, വയർലെസ് ചാർജിംഗ്, ഇലക്ട്രോക്രോമിക് IRVM തുടങ്ങിയവ സ്റ്റാൻഡേർഡ് യുഎസ് സ്‌പെക്ക് കോണയിൽ കാണാം. കോന നൈറ്റ് പതിപ്പ് അതിന്റെ സ്റ്റാൻഡേർഡ് ഫോർമാറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ മെക്കാനിക്കല്‍ മാറ്റങ്ങളൊന്നും ഈ മോഡലിന് ഇല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

2017 ജൂണിലാണ് കോന സബ് കോംപാക്ട് ക്രോസ്ഓവർ അവതരിപ്പിച്ചത്. വാഹനത്തിന്റെ പൂർണ്ണ ഇലക്ട്രിക് പതിപ്പ് 2018ലും അരങ്ങേറി. 2018 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ആദ്യമായി ഹ്യുണ്ടായ് പ്രദര്‍ശിപ്പിച്ച ഈ വാഹനത്തെ  2019 ജൂലൈയിൽ കമ്പനി ഇന്ത്യൻ വിപണിയിലും അവതരിപ്പിച്ചു. സ്​​റ്റാൻഡേർഡ്​, എക്​സ്​റ്റൻഡ്​ എന്നിങ്ങനെ രണ്ട്​ വകഭേദങ്ങളിലാണ് ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത എസ്‍യുവി എന്നറിയപ്പെടുന്ന ഹ്യൂണ്ടായ് കോന എത്തുന്നത്. കണക്റ്റഡ് സാങ്കേതികവിദ്യയുടെയും അതിവേഗ ചാർജിങ് സംവിധാനത്തിന്റെയും പിൻബലത്തോടെയെത്തുന്ന അഞ്ചു സീറ്റുള്ള കോംപാക്ട് എസ്‌യുവിയാണ് കോന.

സ്റ്റാൻഡേർഡ്​ വകഭേദം ഒറ്റചാർജിൽ 300 കിലോ മീറ്റർ ദൂരം പിന്നിടുമ്പോള്‍ എക്​സ്​റ്റൻഡ് 470 കിലോ മീറ്റർ ദൂരം​ ഒറ്റചാർജിൽ സഞ്ചരിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സാധാരണ എസ്​.യു.വികളുടെ രൂപഭാവങ്ങളാണ്​ കോനയും പിന്തുടരുന്നത്​. ​ഗ്രില്ലിന്‍റെ ഡിസൈൻ അൽപം വ്യത്യസ്​തമാണ്​. മുൻവശത്താണ്​ ചാർജിങ്​ സോക്കറ്റ്​ നൽകിയിരിക്കുന്നത്​. പ്രായോഗികമായ 
ഇ വിയെന്ന വിശേഷണത്തോടെ എത്തിയ കോനയ്ക്ക് ഇന്ത്യയിൽ ഇതുവരെ 400 യൂണിറ്റ് വിൽപനയാണു കൈവരിക്കാനായത്. 

സ്​​റ്റാൻഡേർഡ്​ കോനയിൽ 39.2 kWh ബാറ്ററിയും 99kW ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. ഒമ്പത്​ സെക്കൻഡ് കൊണ്ട് വാഹനം പൂജ്യത്തില്‍ നിന്നും 60 mph വേഗതയിലെത്തും. ആറ്​ മണിക്കുർ ​കൊണ്ട്​ സ്​റ്റാൻഡേർഡ്​ കോന ഫുൾചാർജാവും. എന്നാൽ ഡി.സി ഫാസ്​റ്റ്​ ചാർജറിൽ 54 മിനിട്ട്​ കൊണ്ട്  80 ശതമാനം ചാർജാകും. കോന എക്​സ്​റ്റൻഡിനു​ 64kWh ബാറ്ററിയും 150 kW &nbsp ഇലക്​ട്രിക്​ മോ​ട്ടോറുമാണ് കരുത്തുപകരുന്നത്. 

അടുത്തിടെ വാഹനത്തിന്‍റെ ആഗോളതലത്തിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. 2020 ജൂൺ 30ലെ കണക്കനുസരിച്ച് കോന വിൽപന 1,03,719 യൂണിറ്റ് പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വിപണിയായ ദക്ഷിണ കൊറിയയുടെ സംഭാവന മൊത്തം കോന വിൽപനയുടെ നാലിലൊന്നോളം വരുമെന്നാണു ഹ്യുണ്ടേയിയുടെ കണക്ക്. അവശേഷിക്കുന്ന 75 ശതമാനത്തോളം വിൽപനയും വിദേശ വിപണികളിൽ നിന്നായിരുന്നെന്ന് കമ്പനി വ്യക്തമാക്കുന്നു. ഇലക്ട്രിക്ക് വാഹന നിർമാതാക്കളിൽ നാലാം സ്ഥാനത്തേക്കു മുന്നേറാനും കോന ഹ്യുണ്ടായിയെ സഹായിച്ചിട്ടുണ്ട്.